അടുത്തിടെ വിവാഹ മോചിതനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും ആര്‍ജെ മഹ്‌വേഷും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ കാണാന്‍ ചാഹല്‍ മഹ്‌വേഷിനൊപ്പമെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം പരസ്യമായത്. ഇപ്പോഴിതാ യുസ്‌വേന്ദ്ര ചാഹലുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ആര്‍ജെ മഹ്‌വേഷ്.
ഐ പി എല്ലില്‍ റണ്ണേഴ്സ് അപ്പായ ഞ്ചാബ് കിങ്‌സിന്റെ താരമായിരുന്ന യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് ഒടിവുകളും വെച്ചാണ് ഈ സീസണില്‍ കളിച്ചതെന്ന് മഹ്‌വേഷിന്റെ വെളിപ്പെടുത്തല്‍. സീസണിന്റെ രണ്ടാം മത്സരത്തിൽ തന്നെ വാരിയെല്ലിന് പൊട്ടലുണ്ടായിട്ടും, പിന്നീട് ബൗളിംഗ് വിരലിനും പരിക്കേറ്റിട്ടും, ടൂർണമെന്റിന്റെ അവസാനം വരെ ധീരമായി തന്റെ ടീമിന് വേണ്ടി കളിച്ചുവെന്നാണ് റേഡിയോ ജോക്കിയും നടിയും മോഡലുമായ മഹ്‌വേഷ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചത്.

'അവസാന മത്സരം വരെ അവർ പൊരുതി കളിച്ചു. ചാഹലിനായി ഒരു പ്രത്യേക പോസ്റ്റ്. കാരണം ആളുകൾക്ക് അറിയാത്ത കാര്യമുണ്ട്. രണ്ടാമത്തെ മത്സരത്തിലാണ് അദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടായത്, പിന്നീട് ബൗളിംഗ് വിരലിന് ഒടിവ് സംഭവിച്ചു. ഈ വ്യക്തി സീസൺ മുഴുവൻ മൂന്ന് ഒടിവുകളുമായിട്ടാണ് കളിച്ചത്' - ആർജെ മഹ്‌വേഷ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
'വേദന കൊണ്ട് അവൻ നിലവിളിക്കുന്നതും കരയുന്നതും നമ്മളെല്ലാവരും കണ്ടിട്ടുണ്ട്, പക്ഷേ അവൻ ഒരിക്കലും മത്സരം ഉപേക്ഷിക്കുന്നത് കണ്ടിട്ടില്ല. നിങ്ങൾക്ക് ഏത് യോദ്ധാവിന്റെ മനസ്സാണ് മനുഷ്യാ എന്നാണ് ഞാന്‍ ആലോചിച്ചത്. അവസാന പന്ത് വരെ ടീം പോരാടിക്കൊണ്ടിരുന്നു. ഈ വർഷം ഈ ടീമിനെ പിന്തുണയ്ക്കാൻ കഴിഞ്ഞത് ഒരു ബഹുമതി മാത്രമായിരുന്നു. നന്നായി കളിച്ച മത്സരാർത്ഥികളെ ഈ ചിത്രങ്ങളിലെ എല്ലാ ആളുകളും എന്റെ ഹൃദയം നിറച്ചിരിക്കുന്നു. അടുത്ത വർഷം കാണാം! കൂടാതെ, കിരീടം നേടിയതിന് ആർസിബിക്കും ആരാധകർക്കും അഭിനന്ദനങ്ങൾ. എല്ലാവരും നന്നായി കളിച്ചു, കഠിനാധ്വാനം ചെയ്തു. ക്രിക്കറ്റും ഐപിഎല്ലും .. വീണ്ടും എന്റെ ദൈവമേ! നമ്മൾ ഇന്ത്യക്കാർക്ക് ശരിക്കും ഒരു ഉത്സവം.' എന്നും അവർ കുറിച്ചു.
അതേസമയം പഞ്ചാബ് കിംഗ്സ് ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി മികവില്‍ 11 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇത്തവണ ഫൈനലിൽ എത്തിയത്. എന്നാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 6 റൺസിന്റെ ആവേശകരമായ വിജയത്തോടെ തങ്ങളുടെ ആദ്യ ഐ പി എൽ കിരീടം സ്വന്തമാക്കി. പരിക്കുണ്ടായിട്ടും 4 ഓവറിൽ 37 റൺസ് വഴങ്ങി ചഹാല്‍ ഒരു വിക്കറ്റ് നേടിയിരുന്നു.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്പിന്നറായി 18 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് ലേലത്തിൽ സ്വന്തമാക്കിയ ചഹാൽ, 14 മത്സരങ്ങളിൽ 16 വിക്കറ്റുകളാണ് ഇത്തവണ സ്വന്തമാക്കിയത്. 26.87 ശരാശരിയിലും 9.55 എക്കോണമിയിലും ബൗൾ ചെയ്ത അദ്ദേഹം, ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 4/32 എന്ന പ്രകടനത്തോടെ ഒരു ഹാട്രിക്ക് ഉൾപ്പെടെ രണ്ട് 4-വിക്കറ്റ് നേട്ടങ്ങൾ കൈവരിച്ചു. ഐപിഎൽ ചരിത്രത്തിൽ 174 മത്സരങ്ങളിൽ 221 വിക്കറ്റുകളുമായി അദ്ദേഹം എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനില്‍ ഒരാളുമാണ്.