ജയ്പൂര്‍: വരും വര്‍ഷത്തെ ഐപിഎല്‍ സീസണിന് മുന്നോടിയായി താരലേലം നടക്കുമ്പോള്‍ ഏവരുടെയും ശ്രദ്ധ യുവരാജ് സിങ്ങിലായിരുന്നു. ഒരുകാലത്ത് ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായ യുവരാജിനെ ഇത്തവണ ആരും വാങ്ങിതിരിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. ആദ്യ റൗണ്ട് ലേലത്തില്‍ യുവിയെ ടീമുകള്‍ താത്പര്യപ്പെടാത്തതും താരത്തിന്റെ കരിയര്‍ അവസാനിക്കുകയാണോ എന്ന തോന്നലുളവാക്കി.
ഐപിഎല്‍ ലേലം; വരുണ്‍ ചക്രവര്‍ത്തി 8.4 കോടി, ശിവം ദുബെ 5 കോടി, ആരാണിവര്‍? അറിയാം
എന്നാല്‍, രണ്ടാം റൗണ്ട് ലേലം നടന്നപ്പോള്‍ ഇന്ത്യയുടെ ലോകപ്പ് ഹീറോയെ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് ടീമിലെടുത്തു. കഴിഞ്ഞ സീസണില്‍ കിങ്സ് ഇലവന് പഞ്ചാബിന്റെ താരമായിരുന്ന യുവിക്ക് ഫോമിലെത്താന്‍ കഴിയാത്തതാണ് താരലേലത്തിലും തിരിച്ചടിയായത്. അടിസ്ഥാനവിലയാണെങ്കിലും യുവി ഐപിഎല്ലില്‍ കളിക്കുമെന്നത് ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ശുഭവാര്‍ത്തയാണ്.
യുവരാജിന്റെ അടുത്ത കൂട്ടുകാരനായ രോഹിത് ശര്‍മയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍. രോഹിത്തിന്റെ ഇടപെടല്‍ യുവിയുടെ ഐപിഎല്‍ സാന്നിധ്യത്തിന് തുണയായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഐപിഎല്ലില്‍ 128 മത്സരങ്ങള്‍ കളിച്ച യുവി 2652 റണ്‍സ് നേടിയിട്ടുണ്ട്. താരത്തിന്റെ ഈ പരിചയസമ്പന്നത മുംബൈ ഇന്ത്യന്‍സിന് കാര്യമായ ഗുണം ചെയ്യുമെന്നുറപ്പാണ്.
ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു യുവി ഒരുകാലത്ത്. ദില്ലി കാപ്പിറ്റല്‍സ് 2015ല്‍ 16 കോടി രൂപയ്ക്കായിരുന്നു ഇന്ത്യന്‍ താരത്തെ റാഞ്ചിയത്. അതിന് തൊട്ടുമുന്‍പ് 14 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിനുവേണ്ടിയും താരം കളിച്ചു. കിങ്സ് ഇലവന് പഞ്ചാബ്, സണ്‍ റൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകള്‍ക്കായും യുവി കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ പൂര്‍വകാല ഫോമിലേക്ക് തിരിച്ചെത്തുകയാണെങ്കില്‍ 2019ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ടീമിലേക്ക് യുവരാജിന് അവസരം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.