Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഫിനിഷിങ്ങില്‍ റോള്‍മോഡല്‍ എംഎസ് ധോണി'- യുവ സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍

ചെന്നൈ: സമീപകാലത്തായി ഏറ്റവും ശ്രദ്ധ നേടിയ യുവതാരങ്ങളിലൊരാളാണ് ഷാരൂഖ് ഖാന്‍. മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങി അസാമാന്യ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാന്‍ ഷാരൂഖിന് മികവുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയിലൂടെയെല്ലാം തന്റെ ബാറ്റിങ് മികവ് തെളിയിക്കാന്‍ ഷാരൂഖ് ഖാനായിട്ടുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി കളിച്ചെങ്കിലും ആദ്യ സീസണില്‍ പ്രതീക്ഷക്കൊത്ത വെടിക്കെട്ട് നടത്താന്‍ ഷാരൂഖ് ഖാനായില്ല. പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ താരം അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കുമെത്തുമെന്നുറപ്പാണ്.

ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് 26കാരനായ ഷാരൂഖ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്‍ മനസുതുറന്നത്. അടുത്ത മെഗാ ലേലത്തിലെ പ്രതീക്ഷകളോട് താരത്തിന്റെ പ്രതികരണം ഇങ്ങനെ. 'തീര്‍ച്ചയായും ഐപിഎല്‍ എന്റെ മനസിലുണ്ട്. എന്നാല്‍ ലേലത്തില്‍ എത്ര തുക ലഭിക്കുമെന്നതിനെക്കുറിച്ച് കാര്യമായി ചിന്തിക്കുന്നില്ല. നിലവില്‍ രഞ്ജി ട്രോഫിക്കായി മുന്നൊരുക്കം നടത്തുകയെന്നത് മാത്രമാണ് ലക്ഷ്യം. ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ആഗ്രഹിക്കുന്നു'.

ഫിനിഷറെന്ന നിലയില്‍ റോള്‍ മോഡല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണെന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. ഫിനിഷറെന്ന നിലയില്‍ ധോണിക്ക് അസാമാന്യ റെക്കോഡാണുള്ളത്. ഏത് സമ്മര്‍ദ്ദ ഘട്ടത്തിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ധോണിക്ക് മികവുണ്ട്. ആ മികവിനെയാണ് ആരാധിച്ചിരുന്നതെന്നാണ് ഷാരൂഖ് പറയുന്നത്.

shahrukhkhan

'ഞാന്‍ എപ്പോഴും മാതൃകയാക്കുന്നത് എംഎസ് ധോണിയെയാണ്. അദ്ദേഹത്തെപ്പോലൊരു ഫിനിഷറാകാനാണ് ആഗ്രഹിക്കുന്നത്. മത്സരത്തെ ധോണി മുന്നോട്ടുകൊണ്ടുപോകുന്നത് മാസ്റ്റര്‍ക്ലാസാണ്. മത്സരത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും തന്റെ കഴിവുകളെക്കുറിച്ചുള്ള ബോധ്യവും ധോണിക്കുണ്ട്. ധോണി ക്രീസില്‍ നില്‍ക്കുമ്പോള്‍ ബൗളര്‍മാര്‍ക്കാണ് സമ്മര്‍ദ്ദം ഉണ്ടാവുക'-ഷാരൂഖ് പറഞ്ഞു.

തമിഴ്‌നാട് താരമെന്ന നിലയില്‍ സിഎസ്‌കെയില്‍ കളിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് ഷാരൂഖ് പറഞ്ഞത്. നിലവില്‍ ഐപിഎല്ലിനെക്കുറിച്ച് ചിന്തിച്ച് അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കാനാഗ്രഹിക്കുന്നില്ലെന്നും രഞ്ജി ട്രോഫിയില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കാനാണ് ശ്രമിക്കുന്നതെന്നുമാണ് ഷാരൂഖ് വ്യക്തമാക്കിയത്.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടതിന് ശേഷമുള്ള വലിയ മാറ്റത്തെക്കുറിച്ചും ഷാരൂഖ് ഖാന്‍ പറഞ്ഞു. 'ഐപിഎല്ലില്‍ കളിച്ചതിന് ശേഷമുള്ള പ്രധാന ഗുണം നേരത്തെ കളിച്ചതിനെക്കാള്‍ നന്നായി കളിക്കാന്‍ സാധിക്കുന്നുണ്ടെന്നതാണ്. അല്‍പ്പം കൂടി വേഗത്തില്‍ റണ്‍സ് നേടാനാവുന്നുണ്ട്. ഐപിഎല്ലിലെ അനുഭവസമ്പത്ത് ആത്മവിശ്വാസം ഉയര്‍ത്തി. മുഹമ്മദ് ഷമി,റില്ലി മെറീഡിത്ത്,ക്രിസ് ജോര്‍ദാന്‍ എന്നിവരെപ്പോലെയുള്ള ലോകോത്തര ബൗളര്‍മാരെ പരിശീലന സമയത്ത് നേരിടുന്നത് സ്വാഭാവികമായി നമ്മുടെ കഴിവുകളെ വളര്‍ത്തു'-ഷാരൂഖ് ഖാന്‍ പറഞ്ഞു.

പരിമിത ഓവറില്‍ ഷാരൂഖിന്റെ വെടിക്കെട്ട് പ്രകടനത്തിന് ആരാധകര്‍ ഏറെയാണ്. ഇതേ പ്രകടനം തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിലേക്കും വൈകാതെ വിളിയെത്തും. എന്നാല്‍ ടെസ്റ്റില്‍ ഈ ശൈലികൊണ്ട് കാര്യമില്ല. ടെസ്റ്റിലെ പ്രതീക്ഷകളും അദ്ദേഹം പങ്കുവെച്ചു. 'ചുവപ്പുബോള്‍ മത്സരം തികച്ചും വ്യത്യസ്തമാണ്. ചുവപ്പുബോള്‍ മത്സരത്തിലും ഞാന്‍ മികവുകാട്ടിയിട്ടുണ്ട്. രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തില്‍ കേരളം ആയിരുന്നു എതിരാളികള്‍. മത്സരത്തില്‍ പുറത്താവാതെ 92 റണ്‍സ് നേടി. ഡേവിഡ് വാര്‍ണറെപ്പോലെയുള്ള വലിയ ഷോട്ടുകള്‍ കളിക്കുന്ന താരങ്ങള്‍ മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുണ്ടാക്കിയിട്ടുണ്ടെന്ന് ഓര്‍ക്കണം'-ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷാരൂഖ് ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചില്ല. എന്നാല്‍ അധികം വൈകാതെ ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ പറഞ്ഞ പേരുകളിലൊന്ന് ഷാരൂഖിന്റേതായിരുന്നു. വെടിക്കെട്ട് ബാറ്റിങ് തുടര്‍ന്നാല്‍ അധികം വൈകാതെ അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കെത്തുമെന്നുറപ്പ്.

Story first published: Saturday, January 1, 2022, 17:48 [IST]
Other articles published on Jan 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+