ദില്ലി: ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗത്വം ലഭിക്കാനായി യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ ഇതിഹാസതാരം സച്ചിന് ടെണ്ടുല്‍ക്കര്‍. യോ യോ ടെസ്റ്റിനോട് എതിര്‍പ്പില്ലെങ്കിലും സെലക്ഷനുവേണ്ടി അതുമാത്രമായി പരിഗണിക്കുന്നതില്‍ സച്ചിന് അനിഷ്ടം പ്രകടിപ്പിച്ചു. ഇംഗ്ലണ്ട് പര്യടനത്തില്‍ പ്രമുഖ താരങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെടതിനോട് പ്രതികരിക്കുകയായിരുന്നു സച്ചിന്.
ഞാനൊരിക്കലും യോ യോ ടെസ്റ്റ് ചെയ്തിരുന്നില്ലെന്ന് സച്ചിന് പറഞ്ഞു. ഇതിനോട് സാമ്യമുള്ള ബീപ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍, അതില്‍ പാസാകണമെന്ന് നിര്ബന്ധമില്ലായിരുന്നു. ഫിറ്റ്നസിനൊപ്പം കളിക്കാരന്റെ കഴിവും കളിപരിചയവും ഫോമും കൂടി കണക്കിലെടുത്താണ് സെലക്ഷന് നടത്തേണ്ടെന്നും മുന്‍താരം നിര്‍ദ്ദേശിച്ചു.
അമ്പാട്ടി റായിഡു, സഞ്ജു സാംസണ്, മുഹമ്മദ് ഷമി തുടങ്ങിയവര്‍ക്ക് ഇന്ത്യ എ ടീമിലും ഇന്ത്യന്‍ ടീമിലും അവസരം നിഷേധിക്കപ്പെട്ടത് യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്. ഐപിഎല്ലില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും നേടിയ റായിഡുവിനെ ഒഴിവാക്കി സുരേഷ് റെയ്നയെയാണ് ഇന്ത്യന്‍ ടീമിലുള്പ്പെടുത്തയത്. എന്നാല്‍, ഏകദിനത്തില്‍ ഇന്ത്യ 2-1 എന്ന നിലയില്‍ പരാജയപ്പെട്ടപ്പോള്‍ റെയ്നയുടെ പ്രകടനം വിമര്‍ശിക്കപ്പെട്ടു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ചിലത് ചെയ്യാനാകുമെന്നുതന്നെയാണ് സച്ചിന്റെ പ്രതീക്ഷ. അതേസമയം, ഏകദിനത്തിലെ അതേ രീതിയുള്ള പിച്ചുകള്‍ തന്നെ ഒരുക്കിയാല്‍ ഇംഗ്ലണ്ട് സ്പിന്നര്‍മാരായ ആദില്‍ റഷീദിനും, മോയിന്‍ അലിക്കും മേല്‍ക്കൈ ലഭിക്കും. സ്പിന്നിന് അനുകൂലമായ പിച്ചല്ല ഒരുക്കുന്നതെങ്കില്‍ ഇരു ടീമുകളുടെയും ബാറ്റിങ് പരീക്ഷിക്കപ്പെടുമെന്നും സച്ചിന് വിലയിരുത്തുന്നു.