വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മെസ്സി, ബോള്‍ട്ട്, ക്രിസ്റ്റ്യാനോ,കോഹ്‌ലി, ശ്രീജേഷ്; മറക്കുന്നതെങ്ങനെ 2016

കായികലോകത്തെ ആഹ്ലാദിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്ത ഒരു പിടി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഒരു വര്‍ഷം കൂടി വിടപറയുകയാണ്.

By Manu D

കായികലോകത്തെ ആഹ്ലാദിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്ത ഒരു പിടി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഒരു വര്‍ഷം കൂടി വിടപറയുകയാണ്. ലോക കായിക ഭൂപടത്തിലും ഇന്ത്യന്‍ കായിക ഭൂപടത്തിലും ചില അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച 2016ലേക്ക് നമുക്കൊന്നു തിരിഞ്ഞുനോക്കാം.
കാല്‍പ്പന്തുകളിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവര്‍ നിറഞ്ഞുനിന്നപ്പോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വര്‍ഷമായിരുന്നു ഇത്. ടെന്നിസില്‍ ബ്രിട്ടന്റെ ആന്‍ഡി മുറേ, ഫോര്‍മുല വണ്ണില്‍ നിക്കോ റോസ്ബര്‍ഗ്, അത്‌ലറ്റിക്‌സില്‍ ജമൈക്കന്‍ സ്റ്റാര്‍ യുസെയ്ന്‍ ബോള്‍ട്ട് എന്നിവരും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു.

ലെസ്റ്റര്‍ സിറ്റി- ലോകത്തെ എട്ടാം അദ്ഭുതം

ലെസ്റ്റര്‍ സിറ്റി- ലോകത്തെ എട്ടാം അദ്ഭുതം

ലോകത്ത് നിലവില്‍ ഏഴ് അദ്ഭുതങ്ങളുണ്ടെന്നായിരുന്നു ഇതുവരെയുള്ള കണക്ക്. എന്നാല്‍ ഈ വര്‍ഷം പുതിയൊരു അദ്ഭുതം കൂടി ലോകം കണ്ടു. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ഫുട്‌ബോള്‍ ലീഗെന്ന് ഏവരും ചൂണ്ടിക്കാണിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാതുവയ്പുകാരുടെയും ഫുട്‌ബോള്‍ പണ്ഡിതരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ലെസ്റ്റര്‍ സിറ്റി കിരീടമണിഞ്ഞതാണ് എട്ടാം അദ്ഭുതമായി മാറിയത്.
132 വര്‍ഷത്തെ പഴക്കമുള്ള ക്ലബ്ബാണ് ലെസ്റ്ററെങ്കിലും ഇതാദ്യമായാണ് അവര്‍ പ്രീമിയര്‍ ലീഗ് സിംഹാസനത്തിലെത്തുന്നത്. കുറുക്കന്‍മാരെന്ന് ഓമനപ്പേരുള്ള ലെസ്റ്റര്‍ അക്ഷരാര്‍ഥത്തില്‍ ഇത് ശരിവയ്ക്കുന്ന പ്രകടനത്തോടെയാണ് കിരീടം കവര്‍ന്നെടുത്തത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ അതികായന്‍മാരുടെ കണ്ണുവെട്ടിച്ചാണ് കുറുക്കന്റെ കുശലതയോടെ ലെസ്റ്റര്‍ ചാംപ്യന്‍പട്ടം പിടിച്ചെടുത്തത്. 2016 ജനുവരി 23 മുതല്‍ ലീഗില്‍ ഒന്നാമതായിരുന്ന ലെസ്റ്റര്‍ ഈ സ്ഥാനം കാത്തുസൂക്ഷിക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ സീസണില്‍ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്നു കരകയറിയ ടീമായിരുന്നു ലെസ്റ്ററെന്ന് അറിയുമ്പോഴാണ് ഈ കിരീടവിജയം എത്രത്തോളം മഹത്തരമാണെന്നു ബോധ്യമാവുന്നത്.

മെസ്സി നിര്‍ത്തി, നിര്‍ത്തിയില്ല

മെസ്സി നിര്‍ത്തി, നിര്‍ത്തിയില്ല

ഫുട്‌ബോളില്‍ ഈ വര്‍ഷം ഏറ്റവുമധികം വാര്‍ത്തകളില്‍ ഇടംപിടിച്ച താരം അര്‍ജന്റീന സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയായിരുന്നു. ആരാധകരെയും ദേശീയ ടീമിനെയും സ്തബ്ധരാക്കി വിരമിക്കല്‍ പ്രഖ്യാപിച്ച മെസ്സി പിന്നീട് ഇതു തിരുത്തി തിരിച്ചുവന്നത് കായിക പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുമെന്നുറപ്പ്. ജൂണില്‍ ദേശീയ ടീമിനോടു വിടപറഞ്ഞ മെസ്സി രണ്ടു മാസത്തിനുശേഷം വീണ്ടും ആരാധകരുടെ പ്രാര്‍ഥന പോലെ വീണ്ടും ജഴ്‌സിയെടുത്ത് അണിയുകയായിരുന്നു.
അമേരിക്കയില്‍ ഈ വര്‍ഷം നടന്ന കോപ അമേരിക്ക ശതാബ്ധി എഡിഷന്റെ ഫൈനലിലേറ്റ പരാജയമാണ് മെസ്സിയെ വിരമിക്കാന്‍ പ്രേരിപ്പിച്ചത്. ദേശീയ ടീമിനൊപ്പം താരത്തിന്റെ കരിയറിലെ തുടര്‍ച്ചയായ നാലാം ഫൈനല്‍ പരാജയമായിരുന്നു ഇത്. 2007, 2015 കോപ ഫൈനലുകളിലും 2014ലെ ലോകകപ്പ് ഫൈനലിലുമായിരുന്നു മെസ്സിയുടെ നേരത്തേയുള്ള പരാജയങ്ങള്‍. തന്റെ ക്ലബ്ബായ ബാഴ്‌സയ്‌ക്കൊപ്പം കിരീടങ്ങള്‍ വാരിക്കൂട്ടുമ്പോഴും ദേശീയ ടീമിന്റെ കൂടി ഒരു അന്താരാഷ്ട്ര കിരീടമെന്ന മെസ്സിയുടെ മോഹം വീണ്ടും പൊലിയുകയായിരുന്നു. കോപയുടെ ശതാബ്ധി എഡിഷന്‍ ഫൈനലില്‍ ചിലിക്കെതിരേ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ മെസ്സി പെനല്‍റ്റി പാഴാക്കിയിരുന്നു.

ഇന്ത്യന്‍ ഹോക്കിക്ക് മലയാളത്തിന്റെ ശ്രീ

ഇന്ത്യന്‍ ഹോക്കിക്ക് മലയാളത്തിന്റെ ശ്രീ

ദേശീയ കായിക വിനോദമായ ഹോക്കിയുടെ അമരത്തേക്ക് ആദ്യമായി ഒരു മലയാളിയെത്തിയ വര്‍ഷം കൂടിയായിരുന്നു ഇത്. കേരളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഇന്ത്യയുടെ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടത് ജൂലൈയിലായിരുന്നു.
ലണ്ടനില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രീയുടെ കീഴില്‍ ടീം വെള്ളി നേടി. 38 വര്‍ഷത്തെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടമായിരുന്നു ഇത്. തുടര്‍ന്ന് റിയോ ഒളിംപിക്‌സിലും ടീമിന്റെ ഉത്തരാവദിത്വം ശ്രീക്കു തന്നെ ലഭിച്ചു. ടീമിനെ ഒളിംപിക്‌സ് ക്വാര്‍ട്ടര്‍ വരെയെത്തിച്ച് അദ്ദേഹം ഒരിക്കല്‍ക്കൂടി യഥാര്‍ഥ നായകന്റെ കരുത്തുകാണിച്ചു. പിന്നീട് നടന്ന ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ശ്രീജേഷിനു കീഴില്‍ ഇന്ത്യ കിരീടമണിയുകയും ചെയ്തു.

ബോള്‍ട്ടിളക്കാനാവില്ല മക്കളേ...

ബോള്‍ട്ടിളക്കാനാവില്ല മക്കളേ...

അത്‌ലറ്റിക്‌സ് ട്രാക്കില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ജമൈക്കന്‍ ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ട് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതിന് 2016 സാക്ഷ്യം വഹിച്ചു. റിയോ ഒളിംപിക്‌സില്‍ 100, 200, 4-100 മീ റിലേ എന്നിവയില്‍ പൊന്നണിഞ്ഞ ബോള്‍ട്ട് ഹാട്രിക്കുകളില്‍ ഹാട്രിക്കെന്ന അപൂര്‍വ്വറെക്കോഡും സ്വന്തം പേരില്‍ കുറിച്ചു. 2008, 12 ഒളിംപിക്‌സുകളിലും താരം ഈ മൂന്നിനത്തിലും വെന്നിക്കൊടി പാറിച്ചിരുന്നു.
റിയോയിലെത്തുമ്പോള്‍ തന്റെ ഫോമിലും ഫിറ്റ്‌നസിലും ആശങ്ക പ്രകടിപ്പിച്ചവര്‍ക്ക് ട്രാക്കില്‍ താരം മറുപടി നല്‍കുകയായിരുന്നു. നിലവില്‍ 100, 200 മീറ്ററുകളിലെ ലോക റെക്കോഡും ബോള്‍ട്ടിന്റെ പേരിലാണ്. ട്രാക്കിലെ മിന്നല്‍ പ്രകടനം താരത്തിന് പുതിയൊരും പേരും നല്‍കി-മിന്നല്‍ ബോള്‍ട്ട്.

ടെന്നിസില്‍ ഇനി മുറേക്കാലം

ടെന്നിസില്‍ ഇനി മുറേക്കാലം

പുരുഷ ടെന്നിസില്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ചിന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ചാണ് ബ്രിട്ടീഷ് സ്റ്റാര്‍ ആന്‍ഡി മുറേ ഭരണം പിടിച്ചെടുത്തത്. നീണ്ട 122 ആഴ്ച റാങ്കിങില്‍ തലപ്പത്തുനിന്ന ജോകോവിച്ചിനെ നവംബര്‍ അവസാനത്തോടെ മുറേ താഴേക്ക് പിടിച്ചിറക്കി. ഈ വര്‍ഷം വിംബിള്‍ഡണ്‍, ഒളിംപിക്‌സ് എന്നിവയില്‍ മുറേ ചാംപ്യനായിരുന്നു.
1973ല്‍ റാങ്കിങ് നിലവില്‍ വന്ന ശേഷം ഒന്നാമതെത്തുന്ന ആദ്യ ബ്രിട്ടീഷ് താരം കൂടിയാണ് മുറേ. പാരിസ് മാസ്റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ നിന്ന് കനേഡിയന്‍ താരം മിലോസ് റവോനിക്കിന്റെ പിന്‍മാറ്റം മുറേയെ ഒന്നാം റാങ്കിലെത്തിക്കുകയായിരുന്നു. 2003ലെ റാങ്കിങില്‍ 540ാം സ്ഥാനത്തായിരുന്ന മുറേ 13 വര്‍ഷത്തിനുള്ളില്‍ നമ്പര്‍ വണ്ണെന്ന സ്വപ്‌നതുല്യമായ നേട്ടത്തിലെത്തുകയായിരുന്നു.

സുശീലിന്റെ ശാപം? നര്‍സിങിനും ഒളിംപിക്‌സ് നഷ്ടം

സുശീലിന്റെ ശാപം? നര്‍സിങിനും ഒളിംപിക്‌സ് നഷ്ടം

റിയോ ഒളിംപിക്‌സ് പടിവാതില്‍ക്കല്‍നില്‍ക്കെ ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി സുശീല്‍ കുമാറും നര്‍സിങ് യാദവും തമ്മിലുള്ള റിങിനു പുറത്തെ പോരാട്ടമായിരുന്നു. 74 കിഗ്രാം വിഭാഗത്തില്‍ ആര് മല്‍സരിക്കുമെന്നത് സംബന്ധിച്ചായിരുന്നു ഇരുവരുടെയും കൊമ്പുകോര്‍ക്കല്‍.
യോഗ്യതാ ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തോടെ നര്‍സിങാണ് ഈയിനത്തില്‍ ഇന്ത്യക്കായി റിയോയിലേക്ക് അര്‍ഹത നേടിയത്. പരിക്കിനെത്തുടര്‍ന്ന് സുശീലിന് യോഗ്യതാ ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. താനും നര്‍സിങും തമ്മില്‍ ഒരു മല്‍സരം നടത്തണമെന്നും ഇതില്‍ വിജയിക്കുന്നവരാവണം റിയോയില്‍ പോരിനിറങ്ങേണ്ടത് എന്നുമായിരുന്നു 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയായ സുശീലിന്റെ ആവശ്യം. ഇതിനായി താരം ആദ്യം ഗുസ്തി ഫെഡറേഷനെയും പിന്നീട് കോടതിയെയും സമീപിച്ചു. പക്ഷെ കോടതിയും ഫെഡറേഷനും കൈയൊഴിഞ്ഞതോടെ സുശീലിന്റെ ഒളിംപിക് മോഹം പൊലിഞ്ഞു. പക്ഷെ സുശീലിന്റെ ശാപം കൊണ്ടാണോയെന്നറിയില്ല നര്‍സിങിനും ഒളിംപിക്‌സില്‍ മല്‍സരിക്കാനായില്ല. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് താരത്തെ നാലു വര്‍ഷത്തേക്ക് വിലക്കുകയായിരുന്നു.

 സച്ചിനെ മറന്നേക്കൂ, ഇനി കോഹ്‌ലിയുടെ ടൈം

സച്ചിനെ മറന്നേക്കൂ, ഇനി കോഹ്‌ലിയുടെ ടൈം

ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്ഥാനത്തേക്ക് ആരെയും സങ്കല്‍പ്പിക്കാന്‍ നേരത്തേ നമുക്കായിരുന്നില്ല. എന്നാല്‍ സച്ചിനൊപ്പമോ ഒരു പക്ഷെ സച്ചിനേക്കാള്‍ മുകളിലോ എത്താനാവുമെന്ന ആത്മവിശ്വാസവുമായി പുതിയൊരാള്‍ എത്തിയിരിക്കുന്നു- വിരാട് കോഹ്‌ലി. ചടുലമായ ബാറ്റിങ് കൊണ്ടു ക്രീസില്‍ വിസ്മയം വിരിയിപ്പിച്ച കോഹ്‌ലിയുടെ ഏറ്റവും മികച്ച വര്‍ഷമാണിത്.
റണ്‍ചേസില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന സചിന്റെ (14) റെക്കോഡിനൊപ്പമെത്തിയ കോഹ്‌ലി വേഗത്തില്‍ 25 സെഞ്ച്വറികള്‍, വേഗത്തില്‍ 7500 റണ്‍സ്, ഐപിഎല്‍ ഒരു സീസണില്‍ കൂടുതല്‍ റണ്‍സ്, ഐപിഎല്ലില്‍ ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറി, മൂന്ന് ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്നിവയടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തം പേരില്‍ കുറിച്ചു.

ഇന്ത്യയുടെ സ്വന്തം വിജയേന്ദര്‍

ഇന്ത്യയുടെ സ്വന്തം വിജയേന്ദര്‍

ബോക്‌സിങില്‍ ഇന്ത്യയുടെ ചുണക്കുട്ടിയായ വിജേന്ദര്‍ സിങ് കരിയറിലെ മറ്റൊരു നേട്ടം കൂടി കൈവരിച്ച വര്‍ഷമായിരുന്നു ഇത്. പ്രഫഷനല്‍ ബോക്‌സിങിലേക്ക് ചുവടുമാറ്റിയ ഇന്ത്യയുടെ മുന്‍ ഒളിംപ്യന്‍ കൂടിയായ വിജേന്ദര്‍ ഡബ്ല്യുബിഒ ഏഷ്യ പസിഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടം നേടി രാജ്യത്തിന്റെ അഭിമാനമായി മാറി.
ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ മുന്‍ യൂറോപ്യന്‍ ചാംപ്യനായ വെയ്ല്‍സിന്റെ കെറി ഹോപ്പിനെ വിജേന്ദര്‍ ഇടിച്ചിടുകയായിരുന്നു. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം കൂടിയാണിത്. വിജേന്ദറിന്റെ തുടര്‍ച്ചയായ ഏഴാം ജയവും കൂടിയായിരുന്നു ഇത്.

ലോകം കീഴടക്കി, പിന്നെ വിടവാങ്ങി

ലോകം കീഴടക്കി, പിന്നെ വിടവാങ്ങി

വേഗതയുടെ പര്യായമായ ഫോര്‍മുല വണ്ണില്‍ പുതിയ രാജാവ് സ്ഥാനമേറ്റ വര്‍ഷമായിരുന്നു ഇത്. ഹാട്രിക്ക് കിരീടമെന്ന ലക്ഷ്യവുമായെത്തിയ ബ്രിട്ടന്റെ ലൂയിസ് ഹാമില്‍റ്റണിനെ ഇഞ്ചോടിഞ്ച് പോരില്‍ മറികടന്ന് ടീമംഗവും ജര്‍മന്‍ താരവുമായ നിക്കോ റോസ്ബര്‍ഗ് കിരീടമുയര്‍ത്തി. സീസണിലെ അവസാന ഗ്രാന്റ്പ്രീയില്‍ റണ്ണറപ്പായതോടെയാണ് മെഴ്‌സിഡസ് താരം കൂടിയായ റോസ്ബര്‍ഗ് കരിയറിലാദ്യമായി ലോകചാംപ്യന്‍പട്ടം കൈകക്കലാക്കിയത്.
ഇതിഹാസം മൈക്കല്‍ ഷുമാക്കര്‍, സെബാസ്റ്റ്യന്‍ വെറ്റല്‍ എന്നിവര്‍ക്കു ശേഷം വിശ്വവിജയിയാവുന്ന ആദ്യ ജര്‍മന്‍ താരം കൂടിയാണ് റോസ്ബര്‍ഗ്. കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌നമായ ലോകകിരീടം ചൂടി അഞ്ചു ദിവസത്തിനകം ഏവരെയും ഞെട്ടിച്ച് 31കാരന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. 1993ല്‍ അലെന്‍ പ്രോസ്റ്റിനു ശേഷം ആദ്യമായാണ് ഒരു താരം ലോകകിരീടം നേടി അതേ വര്‍ഷം വിരമിക്കുന്നത്.

മെസ്സി സൂക്ഷിച്ചോളൂ; ക്രിസ്റ്റി പിറകിലുണ്ട്

മെസ്സി സൂക്ഷിച്ചോളൂ; ക്രിസ്റ്റി പിറകിലുണ്ട്

ലോക ഫുട്‌ബോളില്‍ നിലവിലെ ഏറ്റവും മികച്ച താരം ആരെന്നതു സംബന്ധിച്ച് കഴിഞ്ഞ 10 വര്‍ഷത്തോളമായി പ്രധാന പോരാട്ടം നടക്കുന്നത് രണ്ടു പേര്‍ തമ്മിലാണ്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീന സ്റ്റാര്‍ ലയണല്‍ മെസ്സിയും. കഴിഞ്ഞ തവണ മെസ്സിക്ക് വിട്ടുകൊടുത്ത ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ഇത്തവണ ക്രിസ്റ്റി തിരിച്ചുപിടിച്ചു. താരത്തിന്റെ നാലാം ബാലണ്‍ഡിയോര്‍ അവാര്‍ഡ് കൂടിയാണിത്. അഞ്ചു പുരസ്‌കാരങ്ങളുമായി തലപ്പത്തു നില്‍ക്കുന്ന മെസ്സിക്ക് തൊട്ടരികിലെത്താനും ക്രിസ്റ്റിക്കു സാധിച്ചു. ഇതോടെ അടുത്ത തവണ പുരസ്‌കാരത്തിനായുള്ള പോരാട്ടം കൂടുതല്‍ കടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
ഈ വര്‍ഷം പോര്‍ച്ചുഗലിനെ കന്നി യൂറോ കപ്പ് കിരീടത്തിലേക്കും റയല്‍ മാഡ്രിഡിനെ 11ാം ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കും നയിച്ചതാണ് ഇത്തവണ ക്രിസ്റ്റിയെ ജേതാവാക്കിയത്.

Story first published: Tuesday, December 13, 2016, 15:52 [IST]
Other articles published on Dec 13, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X