സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പടിക്കല്‍ കലമുടച്ചെങ്കിലും അടുത്ത കുതിപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ആഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയോട് കണക്കുവീട്ടാന്‍ ഇംഗ്ലണ്ട് തയ്യാറെടുക്കുമ്പോള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍വി മറക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്.
വിരാട് കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും ഇംഗ്ലണ്ട് പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഇംഗ്ലണ്ടിനോടും തോറ്റാല്‍ ഇരുവര്‍ക്കുമെതിരായ മുറവിളി ശക്തമാവും. അതിനാല്‍ത്തന്നെ സമനിലയെങ്കിലും പിടിക്കേണ്ടതായുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിച്ച ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്.ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള പ്രധാന മാറ്റങ്ങളും സാധ്യതാ ഇലവനും പരിശോധിക്കാം.

60ന് മുകളില്‍ ശരാശരിയില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കളിച്ച ഏക ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ്. ഫൈനലിലെ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ രോഹിതിന്റെ പ്രകടനം മികച്ചതായിരുന്നു. ഓപ്പണിങ്ങില്‍ രോഹിത് സ്ഥാനം നിലനിര്‍ത്തുമ്പോള്‍ ശുഭ്മാന്‍ ഗില്ലിന് വിശ്രമം നല്‍കിയേക്കും. മികച്ച ശരാശരിയുള്ള മായങ്ക് അഗര്‍വാളിനാവും ആദ്യ ടെസ്റ്റില്‍ അവസരം ലഭിക്കാന്‍ സാധ്യത. നിര്‍ണ്ണായകമായ പരമ്പരയായതിനാല്‍ ഗില്ലിനെ വെച്ച് ഭാഗ്യപരീക്ഷണത്തിന് ഇന്ത്യ മുതിരില്ല.
മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയുടെ മെല്ലപ്പോക്കിനെതിരേ വിമര്‍ശനം ശക്തമാണ്. എന്നാല്‍ ഇന്ത്യ പുജാരയെ കൈവിടില്ല. മൂന്നാം നമ്പറില്‍ വിശ്വസ്തനായി ചേതേശ്വര്‍ പുജാര ഉണ്ടാവും. നാലാമനായി വിരാട് കോലി തന്നെ. 2019 നവംബറിന് ശേഷം സെഞ്ച്വറി നേടാനാവത്തതിന്റെ ക്ഷീണം ഇംഗ്ലണ്ട് പരമ്പരയിലൂടെ കോലിക്ക് പരിഹരിക്കേണ്ടതായുണ്ട്. അഞ്ചാം നമ്പറില്‍ വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെ തന്നെ തുടരും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും കൂടുതല്‍ പന്ത് നേരിട്ട താരവും അജിന്‍ക്യ രഹാനെയായിരുന്നു.
ആറാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇറങ്ങുമ്പോള്‍ ഏഴാമന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനായിരിക്കും. രവീന്ദ്ര ജഡേജയ്ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത. എട്ടാമനായി പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിച്ചേക്കും. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ശര്‍ദുലിന്റെ ബാറ്റിങ് വളരെ മികച്ചതായിരുന്നു.പേസര്‍മാരായി മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് തന്നെ അവസരം ലഭിച്ചേക്കും. മുഹമ്മദ് സിറാജിന് ഈ പേസര്‍മാരുടെ പ്രകടനം വിലയിരുത്തിയ ശേഷം അവസരം നല്‍കാനാണ് സാധ്യത.
സാധ്യതാ 11:രോഹിത് ശര്‍മ,മായങ്ക് അഗര്‍വാള്‍,ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,ആര്‍ അശ്വിന്‍,ശര്‍ദുല്‍ ഠാക്കൂര്‍,മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ