വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ട് ചിരികള്‍ക്കിടയിലെ വില്യംസണും ന്യൂസിലന്‍ഡും; ഒരു ഉയിർപ്പിന്‍റെ കഥ!

By Abin MP

'It's a story that's akin to David versus Goliath but Kane Williamson and his team are now World test Champions and living proof that sometimes, just sometimes, nice guys do finish first'

മുഹമ്മദ് ഷമിയുടെ പന്തില്‍ ലെഗ് സൈഡിലേക്കൊരു ബൗണ്ടറി പായിച്ച് റോസ് ടെയ്‌ലര്‍ ന്യൂസിലന്‍ഡിനെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍മാരാക്കിയപ്പോള്‍ മുന്‍ ക്രിക്കറ്റ് താരമായ കമന്റേറ്റര്‍ പറഞ്ഞ വാക്കുകളാണ്. ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നാണ് വെപ്പ്. അങ്ങനെയെങ്കില്‍ മാന്യമാരില്‍ ഏറ്റവും മാന്യന്മാരുടെ ടീമാണ് ന്യൂസിലന്‍ഡ്. എല്ലാവരുടേയും പ്രിയപ്പെട്ട രണ്ടാമത്തെ ടീം. അതുകൊണ്ടാണ് പരാജയപ്പെട്ടത് ഇന്ത്യയാണെന്ന് പോലും ഒരുനിമിഷം മറന്ന് ഓരോ ഇന്ത്യന്‍ ആരാധകനും ന്യൂസിലന്‍ഡിനും കൈയ്യടിച്ചത്.

1930ലാണ് ന്യൂസിലന്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങുന്നത്. പക്ഷെ നാളിതുവരെ അവര്‍ക്ക് സ്വന്തമാക്കാനായത് ഒരേയൊരു ഐസിസി ട്രോഫി മാത്രമാണ്. 2000 ലെ നോക്കൗട്ട് ട്രോഫിയായിരുന്നു അത്. നീണ്ട 21 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടുമൊരു ഐസിസി ട്രോഫിയില്‍ അവര്‍ മുത്തമിട്ടിരിക്കുകയാണ്. അതും ചരിത്രത്തിലെ ആദ്യത്തെ ലോക ടെസ്റ്റ് ചാമ്പ്യന്മാരായി. ആരാലും ഇനി സാധ്യമാകാത്ത നേട്ടം.

മാന്യന്മാരുടെ സംഘം

ക്രിക്കറ്റിലെ നല്ല കുട്ടികളാണ് ന്യൂസിലന്‍ഡുകാര്‍. മാന്യതയായിരുന്നു അവരുടെ എന്നത്തേയും മുഖമുദ്ര. എതിരാളികളെ സ്ലെഡ്ജ് ചെയ്യാനോ വിജയത്തില്‍ മറി മറന്ന് ആഘോഷിക്കാനോ മുതിരാത്ത മാന്യന്മാരുടെ സംഘം. ആ അര്‍ത്ഥത്തില്‍ കിവീസ് ക്രിക്കറ്റ് അതിന്റെ പൂര്‍ണതയില്‍ എത്തി നില്‍ക്കുന്ന ഘട്ടം കൂടിയാണിത്. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ് ന്യൂസിലന്‍ഡിനായി ഇപ്പോള്‍ കളിക്കുന്നത്. അതിനെ നയിക്കുന്നതാകട്ടെ നവ യുഗ ക്രിക്കറ്റില്‍ അപൂര്‍മായി മാറുന്ന ജെന്റില്‍മാന്‍ ക്രിക്കറ്റർ കെയ്ന്‍ വില്യംസണ്‍ എന്ന ഇതിഹാസ താരവും.

ഇന്നത്തെ ന്യൂസിലന്‍ഡ് എന്നത് സത്യത്തില്‍ കെയ്ന്‍ വില്യംസണ്‍ ആണെന്നാണ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം പറയുന്നത്. മക്കല്ലത്തില്‍ നിന്നുമാണ് വില്യംസണ്‍ ക്യാപ്റ്റന്‍സി ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ന്യൂസിലന്‍ഡ് ടീം ഒരുപാട് വളര്‍ന്നിട്ടുണ്ട്, തങ്ങളുടെ നായകന്‍ എന്താണോ അതാണ് അവര്‍. കഠിനാധ്വാനികളും വിനീതന്മാരുമായ സംഘത്തെ നയിക്കാന്‍ വില്യംസണിനോളം മറ്റൊരാള്‍ക്ക് സാധിക്കില്ല. വലിയ മത്സരങ്ങളില്‍ വീണു പോകുന്ന ശീലത്തെ ഒടുവില്‍ അവര്‍ തോല്‍പ്പിച്ചിരിക്കുന്നത് തങ്ങളുടെ ബ്രാന്റ് ഓഫ് ക്രിക്കറ്റിന്റെ കരുത്തിലാണ്.

തുടക്കം വലിയൊരു വീഴ്ച

ന്യൂസിലന്‍ഡിന്റെ യാത്രയുടെ തുടക്കം സത്യത്തില്‍ വലിയൊരു വീഴ്ചയില്‍ നിന്നുമായിരുന്നു. 2013ല്‍ കേപ്ടൗണ്‍ ടെസ്റ്റില്‍ 45 റണ്‍സിന് ഓള്‍ ഔട്ടാക്കി ദക്ഷിണാഫ്രിക്ക കിവീസിന് നല്‍കിയത് ദീര്‍ഘനാളത്തേക്കുള്ള ദുസ്വപ്‌നമായിരുന്നു. പിന്നാലെ മക്കല്ലം ക്യാപ്റ്റന്‍സി ഏറ്റെടുത്തു. തുടര്‍ന്നിങ്ങോട്ട് ടീമിന്റെ കളിയില്‍ കാര്യമായ മാറ്റം തന്നെ സംഭവിച്ചു. അതുവരെ മാന്യമായി കളിക്കുക, പരാമവധി സെമിവരെ എത്തുക എന്നതിനപ്പുറത്തേക്ക് ഒന്നും നേടാതിരുന്ന ടീം ജയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുത്തനുണര്‍വില്‍ 2015ലെ ലോകകപ്പിന്റെ ഫൈനലില്‍ വരെ എത്തി ന്യൂസിലന്‍ഡ്. പക്ഷെ വീണു.

വീണ്ടും കിവീസ് എഴുന്നേറ്റു. പക്ഷെ അപ്പോഴേക്കും മക്കല്ലം കളി മതിയാക്കിയിരുന്നു. ആശാനില്‍ നിന്നും വില്യംസണ്‍ നായകസ്ഥാനം ഏറ്റെടുത്തു. ഇത്തവണ ഒട്ടം നില്‍ക്കുന്നത് 2019 ലോകകപ്പിന്റെ ഫൈനലിലാണ്. കേട്ടുകേള്‍വിയില്ലാ്‌ത്തൊരു നിയമത്തിന്റെ പേരില്‍ അന്ന് ന്യൂസിലന്‍ഡിന് കിരീടം വീണ്ടും നിഷേധിക്കപ്പെട്ടു. ഉള്ളിലെ വേദനയത്രയും അടക്കിപ്പിടിച്ച് വില്യംസണ്‍ ചിരിച്ചു. കണ്ടു നിന്ന ഇംഗ്ലണ്ട് ആരാധകര്‍ പോലും അന്ന് ന്യൂസിലന്‍ഡിനായി കണ്ണീരൊഴുക്കിയുണ്ടായിരിക്കണം.

 തുടക്കത്തില്‍ തന്നെ വീണു

നല്ലവന് പടച്ചോനുണ്ടെന്ന് പറയുന്നത് പോലെയായിരുന്നു പിന്നെ. ആദ്യമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ ഐസിസി തീരുമാനിച്ചു. പക്ഷെ ഇത്തവണ തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡ് വീണു. 2019 ഓഗസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ കിവികളുടെ ആദ്യ മത്സരം. ആ കളി ന്യൂസിലന്‍ഡ് തോറ്റു. പക്ഷെ പരാജയത്തെ ചിരിച്ചു കൊണ്ട് മാറ്റി വച്ച് ന്യൂസിലാന്‍ഡ് മുന്നോട്ട് പോയി. ഒടുവില്‍ ഇന്ത്യയ്‌ക്കെതിരെ, ടെസ്റ്റ് റാങ്കിംഗിലെ ഒന്നാമന്മാരായി ഫൈനലിലേക്ക്. രണ്ട് ഡബിള്‍ സെഞ്ചുറികളടക്കം 918 റണ്‍സുമായി മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു വില്യംസണ്‍.

കഥാന്ത്യം അയാള്‍ വീണ്ടും ചിരിക്കുകയാണ്. ഇത്തവണ പരാജിതന്റെ വേദനയില്ല. വിജയിച്ചു നില്‍ക്കുന്നവന്റെ ആത്മവിശ്വാസമുള്ള നിറഞ്ഞ ചിരി. പ്രതികൂലമായ സാഹചര്യത്തില്‍ ഇന്ത്യ പോലെ ക്രിക്കറ്റിലെ ഗോലിയാത്തിനെതിരെ തന്റെ ടീമിനെ മുന്നില്‍ നിന്നാണ് അവസാന മത്സരത്തിലും അയാള്‍ നയിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ നേടിയ 49 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ നേടിയ 52 റണ്‍സും ഏറ്റവും പ്രതികൂലമായ സാഹചര്യത്തിലാണ് കെയ്ന്‍ വില്യംസണ്‍ എന്ന ഇതിഹാസത്തിന്റെ ക്ലാസ് വെളിവാകുന്നതിന്റെ സാക്ഷ്യമായിരുന്നു. ബാറ്റു കൊണ്ടും ബുദ്ധി കൊണ്ടും വില്യംസണ്‍ ന്യൂസിലന്‍ഡിനെ ഒരുപോലെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു.

സുപ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലിന് ഒരു സ്പിന്നര്‍മാരെ പോലും ടീമിലെടുക്കാതെ സാക്ഷാല്‍ ഷെയ്ന്‍ വോണിനെ പോലും അത്ഭുതപ്പെടുത്തുന്നുണ്ട് വില്യംസണ്‍. ഫീല്‍ഡ് സെറ്റിംഗില്‍ എന്തുകൊണ്ട് താനൊരു ജീനിയസാകുന്നുവെന്ന് ഒരിക്കല്‍ കൂടി വില്യംസണ്‍ കാണിച്ചു തന്നു.

 വില്ലൊടിച്ച വീരന്മാർ

ചരിത്രം മറ്റൊരു കഥ കൂടി ഇന്നലെ തുന്നിച്ചേര്‍ക്കുന്നുണ്ട്. 2000 ല്‍ നോക്കൗട്ട് ട്രോഫിയുടെ ഫൈനലിലും ന്യൂസിലന്‍ഡിന്റെ എതിരാളികള്‍ ഇന്ത്യയായിരുന്നു. മത്സരം നടന്നതുമൊരു ന്യൂട്രല്‍ വേദിയില്‍. അതിന് ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ 2003 ല്‍ മാത്രമാണ് ന്യൂസിലന്‍ഡ് ഇന്ത്യയോട് പരാജയപ്പെട്ടിട്ടുള്ളത്. 2019 ലെ ലോകകപ്പിന്റെ സെമിയില്‍ നേരിട്ട പരാജയത്തിന്റെ കണക്ക് ഇത്തവണ തീര്‍ക്കാമെന്ന ഇന്ത്യയുടെ മനക്കണക്കിനെ വില്യംസണ്‍ ചിരിച്ചു കൊണ്ട് മായ്ച്ചുകളയുകയാണ്. രണ്ട് വര്‍ഷം മുമ്പ് തങ്ങളുടെ കണ്ണീര്‍ വീണ ഇംഗ്ലണ്ടില്‍ നിന്നും ന്യൂസിലന്‍ഡ് ഇത്തവണ മടങ്ങുന്നത് വില്ലൊടിച്ച വീരന്മാരായിട്ടാണ്. എത്ര വീണാലും വീണ്ടും എഴുന്നേറ്റ് നടക്കണമെന്നും ഓടണമെന്നും ഓടി ജയിക്കണമെന്നും ന്യൂസിലന്‍ഡ് നമ്മളെ പഠിപ്പിക്കുന്നു.

Story first published: Thursday, June 24, 2021, 17:26 [IST]
Other articles published on Jun 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X