ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കിരീട നേട്ടത്തിന്റെ മാത്രം വേദിയല്ല. റെക്കോര്‍ഡുകളുടേയും നാഴികക്കല്ലുകളുടേയുമൊക്കെ വേദിയാണ്. ഒരുപിടി റെക്കോര്‍ഡുകള്‍ തന്നെ ഓവലില്‍ തകര്‍ക്കപ്പെടുന്നതും കാത്തിരിക്കുന്നുണ്ട്. കളത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ തിരുത്തപ്പെട്ട ചരിത്രങ്ങളുമുണ്ട്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്ത് കളി ആരംഭിച്ചിരിക്കുകയാണ്.
രണ്ട് ടീമുകളും ആദ്യത്തെ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത് രണ്ടാമത്തെ അവസരമാണ്. അതിനാല്‍ ഇത്തവണ ജയിക്കാതെ തരമില്ല. അതേസമയം ഇന്നത്തെ മത്സരത്തിലൂടെ അപൂര്‍വ്വമായൊരു നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും. ഇരുവരും മറികടന്നത് എംഎസ് ധോണിയെയാണ്.

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഐസിസി ടൂര്‍ണമെന്റുകളുടെ ഫൈനല്‍ കളിച്ച താരങ്ങളുടെ പട്ടികയിലാണ് നിലവിലെ ക്യാപ്റ്റനും മുന്‍ ക്യാപ്റ്റനും ഇടം നേടിയിരിക്കുന്നത്. ഇരുവരും ഇത് ആറാമത്തെ തവണയാണ് ഇന്ത്യയ്ക്കായി ഫൈനല്‍ കളിക്കുന്നത്. അതേസമയം ഈ പട്ടികയിലെ ഒന്നാം സ്ഥാനത്ത് മറ്റൊരു താരമുണ്ട്. ഇതിഹാസ താരം യുവരാജ് സിംഗാണ് കോലിയ്ക്കും രോഹിത്തിനും മുന്നിലുള്ളത്. യുവി ഇന്ത്യയ്ക്കായി ഏഴ് ഫൈനലുകള്‍ കളിച്ചിട്ടുണ്ട്.
2007 ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി, 2014 ട്വന്റി-20 ലോകകപ്പ്, 2017 ലെ ചാമ്പ്യന്‍സ് ട്രോഫി, 2021 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, 2023 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഈ ഫൈനലുകളാണ് രോഹിത് ഇന്ത്യയ്ക്കായി കളത്തിലെത്തിയത്. കോലിയാകട്ടെ 2011 ലെ ലോകകപ്പ്, 2013 ലെ ചാമ്പ്യന്‍സ് ട്രോഫി, 2013ലെ ട്വന്റി-20 ലോകകപ്പ്, 2017 ചാമ്പ്യന്‍സ് ട്രോഫി, 2021ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയുടെ ഫൈനലുകളും കളിച്ചു.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ എത്തിയാല്‍ രോഹിത്തിനും വിരാടിനും യുവരാജിനെ മറി കടക്കാനാകും. മൂന്ന് പേരും അണ്ടര്‍-19 ലോകകപ്പ് ഫൈനല്‍ കളിച്ചവരാണെന്നതും ശ്രദ്ധേയമാണ്. യുവിയുടെ റെക്കോര്‍ഡ് രോഹിത്തും കോലിയും മറികടക്കുമോ എന്ന് കാലം കാണിച്ചു തരണം.
അതേസമയം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്. പേസിന് അനുകൂലമായ പിച്ചില്‍ ഇന്ത്യ ഇന്ന് നാല് പേസര്‍മാരുമായാണ് ഓസ്‌ട്രേലിയയെ നേരിടുന്നത്. ലോക ഒന്നാം നമ്പര്‍ ബൗളര്‍ ആര്‍ അശ്വിനെയാണ് ഇന്ത്യ പുറത്തിരുത്തിയത്. രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ടീമിലെ ഏക സ്പിന്നര്‍.