ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് ഓവലില്‍ തുടക്കം. കരുത്തരില്‍ കരുത്തരായ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലാണ് കലാശപ്പോര്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണ ന്യൂസിലന്‍ഡ് നേടിയ ചാമ്പ്യന്‍ഷിപ്പ് ഇത്തവണ ഇന്ത്യയാണോ ഓസ്‌ട്രേലിയയാണോ നേടാന്‍ പോകുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.
ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിവീസ് പ്രഥവ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്താക്കിയത്. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിക്കുന്ന ഇന്ത്യ വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. വിരാട് കോലിയ്ക്ക് സാധിക്കാതെ പോയത് നേടാന്‍ രോഹിത് ശര്‍മയ്ക്ക് സാധിക്കുമോ എന്നാറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് ഓസ്‌ട്രേലിയ ഫൈനലിനെത്തിയിരിക്കുന്നത്. ബോര്‍ഡര്‍ ഗാസ്‌കറില്‍ അതേ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ പോയന്റ് ടേബിളില്‍ രണ്ടാമതെത്തുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയും അവസാന അങ്കത്തിനിറങ്ങുമ്പോള്‍ വിജയികളെ കാത്തിരിക്കുന്നത് ടെസ്റ്റിലെ ലോക ചാമ്പ്യന്മാര്‍ എന്ന പട്ടവും ടെസ്റ്റേ മേസും മാത്രമല്ല. വമ്പന്‍ സമ്മാനത്തുകയും താരങ്ങളെ കാത്തിരിക്കുന്നുണ്ട്.
ചാമ്പ്യന്‍ഷിപ്പ് വിജയികളെ കാത്തിരിക്കുന്നത് 13.23 കോടി രൂപയാണ്. രണ്ടാം സ്ഥാനക്കാര്‍ക്ക് കിട്ടുക 6.61 കോടി രൂപയും. ഐസിസി തന്നെയാണ് സമ്മാത്തുക പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷവും ഇതേ സമ്മാനത്തുക തന്നെയായിരുന്നു ടീമുകള്‍ക്ക് നല്‍കിയത്. പോയന്റ് ടേബിളില്‍ മൂന്നാമത് ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ലഭിക്കുക 450000 ഡോളറാണ്. നാലാമതുള്ള ഇംഗ്ലണ്ടിന് ലഭിക്കുക 350000 ഡോളറും.

ഫൈനലിന്റെ വക്കോളം എത്തി, ഒടുവില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു പോയ ശ്രീലങ്കയ്ക്ക് കിട്ടുക 200000 ഡോളറായിരിക്കും. ആറാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡ്, എഴാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍, എട്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസ്, ഒമ്പതാം സ്ഥാനത്തുള്ള ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്ക് 100000 ഡോളര്‍ വീതവും ലഭിക്കുന്നതാണ്.