കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്ത്യ ഇന്ന് ടെസ്റ്റ് ച്യാമ്പന്‍ഷിപ്പ് ഫൈനലിന് ഇറങ്ങും. കെന്നിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയയാണ്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ഫൈനലിന് ഇറങ്ങുകയാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ഇത് രണ്ടാമത്തെ അവസരമാണ്. ആദ്യത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ നേരിട്ടത് ന്യൂസിലന്‍ഡിനെയായിരുന്നു. അന്ന് എട്ട് വിക്കറ്റിനാണ് കിവികള്‍ ജയിച്ചത്.
അന്നത്തെ ഇന്ത്യയില്‍ നിന്നും കുറേ മാറിയിട്ടുണ്ട് ഇന്നത്തെ ഇന്ത്യ. പരുക്ക് മൂലം സ്റ്റാര്‍ പ്ലെയേഴ്‌സായ ഋഷഭ് പന്തും ജസ്പ്രീത് ബുംറയും കളിക്കുന്നില്ല. എങ്കിലും ഓസ്‌ട്രേലിയയെ നേരിടാന്‍ ഇന്ത്യ സജ്ജമാണ്. ടേബിള്‍ ടോപ്പര്‍മാരായാണ് പാറ്റ് കമ്മിന്‍സിന്റെ ഓസ്‌ട്രേലിയ എത്തുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുമ്പോള്‍ ഓവലില്‍ തീ പാറുമെന്ന് തന്നെ പറയാം.

അതേസമയം ചില താരങ്ങള്‍ക്ക് ഈ മത്സരം ജീവന്മരണ പോരാട്ടമാണ്. തങ്ങളുടെ ക്രിക്കറ്റിലെ ഭാവി തന്നെ അവരെ സംബന്ധിച്ച് ഈ മത്സരത്തിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. മുന്നോട്ടുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിലൊരു ഇടം നേടണമെങ്കില്‍ ഇത്തവണ കളിച്ചേ തീരു. ഇന്ത്യയെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് എത്തിക്കുന്നതിനോളം തന്നെ നിര്‍ണായകമാണ് അവരെ സംബന്ധിച്ച് സ്വന്തം സ്ഥാനം നിലനിര്‍ത്തുകയെന്നത്. അങ്ങനെ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുന്ന താരങ്ങളെ പരിചയപ്പെടാം തുടര്‍ന്ന്.
ഉമേഷ് യാദവ്
മുഹമ്മദ് സിറാജ് ഇന്ത്യയുടെ നമ്പര്‍ 1 ടെസ്റ്റ് ബൗളറായി മാറിയതോടെ സ്ഥാനം നഷ്ടപ്പെട്ടത് ഉമേഷ് യാദവിനാണ്. എന്നാല്‍ ഇതിനിടെ ജസ്പ്രീത് ബുംറയ്ക്ക് പരുക്കേറ്റതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഉമേഷിന് അവസരം കിട്ടി. എന്നാല്‍ അവസാനം കളിച്ച രണ്ട് ടെസ്റ്റുകളില്‍ നിന്നും വെറും മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഉമേഷിന് നേടാനായത്. യുവതാരങ്ങള്‍ അവസരത്തിനായി കാത്തുനില്‍ക്കുന്നതിനാല്‍ ഉമേഷിനെ സംബന്ധിച്ച് ഈ മത്സരം വളരെ നിര്‍ണായകമാണ്.
മികച്ച ആഭ്യന്തര സീസണ്‍ കഴിഞ്ഞ് വരുന്ന ജയ്‌ദേവ് ഉനദ്കട്ടും മുകേഷ് കുമാറുമൊക്കെ അവസരം കാത്തു നില്‍ക്കുന്നുണ്ട്. തന്റെ അനുഭവസമ്പത്ത് മുതലെടുത്ത് ഇത്തവണ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ഉമേഷ് യാദവിന് മുന്നോട്ടുള്ള യാത്ര എളുപ്പമാകൂ. ഓവലില്‍ മുമ്പ് കളിച്ചപ്പോള്‍ ആറ് വിക്കറ്റ് നേടിയതിന്റെ നല്ല ഓര്‍മ്മകളുമുണ്ട് ഉമേഷ് യാദവിന്.
അജിന്‍ക്യ രഹാനെ
തീര്‍ന്നുവെന്ന് വിധിയെഴുതിയിടത്തു നിന്നുമാണ് രഹാനെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ വരുന്നത്. ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ രഹാനെ കഴിഞ്ഞ വര്‍ഷത്തെ ജനുവരി മുതല്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് ഫോം വീണ്ടെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു രഹാനെയോട്. അത് തന്നെ രഹാനെ ചെയ്തു കാണിച്ചു കൊടുത്തു. രഞ്ജി ട്രോഫിയില്‍ 57.63 ആവറേജില്‍ 634 റണ്‍സാണ് രഹാനെ നേടിയത്. രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും.

പിന്നാലെ നടന്ന ഐപിഎല്ലിലും മിന്നും പ്രകടനമാണ് രഹാനെ പുറത്തെടുത്തത്. തന്റെ പൊതുവെയുള്ള രീതി മാറ്റി വേഗത്തില്‍ റണ്‍ കണ്ടെത്തുന്ന രാഹനെയയാണ് ഐപിഎല്ലില്‍ കണ്ടത്. രഹാന 2.0 എന്ന് ആരാധകരെക്കൊണ്ട് പറയിപ്പിച്ച പ്രകടനം. ഐപിഎല്ലില്‍ വെടിക്കെട്ട് നടത്തി ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തിയ രഹാനെയ്ക്ക് പക്ഷം ആ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഇത്തവണ കളിച്ചേ തീരു. പ്രായവും യുവതാരങ്ങളുടെ കടന്നു വരുമൊക്കെ രഹാനെയ്ക്ക് സമ്മര്‍ദ്ധം നല്‍കുമെന്നുറപ്പാണ്.
ശാര്‍ദുല്‍ ഠാക്കൂര്‍
ടെസ്റ്റില്‍ സ്ഥിരം സാന്നിധ്യമാകാന്‍ ഠാക്കൂറിന് സാധിച്ചിട്ടില്ല. 2018 ലെ അരങ്ങേറ്റത്തിന് ശേഷം എട്ട് ടെസ്റ്റുകള്‍ മാത്രമാണ് ശാര്‍ദുല്‍ കളിച്ചിട്ടുള്ളത്. മുന്നോട്ട് ടെസ്റ്റില്‍ സ്ഥിരം സാന്നിധ്യമായി മാറണമെങ്കില്‍ ഇത്തവണ തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഠാക്കൂറിന് പുറത്തെടുക്കേണ്ടി വരും. ബൗളര്‍ എന്ന നിലയില്‍ മാത്രമല്ല ബാറ്റര്‍ എന്ന നിലയിലും തന്നെ അടയാളപ്പെടുത്തേണ്ട ബാധ്യതയുണ്ട് ശാര്‍ദുല്‍ ഠാക്കൂറിന്. അതേസമയം ഇതേ ഗ്രൗണ്ടില്‍ മുമ്പ് കളിച്ചപ്പോല്‍ 117 റണ്‍സും മൂന്ന് വിക്കറ്റും നേടിയതിന്റെ ആത്മവിശ്വാസം ഠാക്കൂറിന് കൂട്ടായുണ്ട്.