ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ വിജയിക്കണമെങ്കില്‍ ടീമിലെ പ്രീമിയം ഫാസ്റ്റ് ബൗളര്‍ കൂടി മനസ്സ് വയ്ക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. അടുത്ത മാസം 18നാണ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ വച്ച് ന്യൂസിലാന്‍ഡുമായി ഇന്ത്യ ലോക ടെസ്റ്റ് കിരീടത്തിനായി കൊമ്പുകോര്‍ക്കുന്നത്. ഫൈനലിനും തുടര്‍ന്നു ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകള്‍ക്കുമുള്ള ഇന്ത്യയുടെ 20 അംഗ ടീമിനെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ജസ്പ്രീത് ബുംറയെയാണ് കരീം ഇന്ത്യയുടെ പ്രീമിയം പേസ് ബൗളറെന്നു വിശേഷിപ്പിച്ചത്. ഇന്ത്യയുടെ പേസ് ബൗളിങ് യൂണിറ്റിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ബുംറ തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്താല്‍ മാത്രമേ ന്യൂസിലാന്‍ഡിനെ കീഴടക്കാന്‍ ഇന്ത്യക്കു കഴിയുകയുള്ളൂവെന്നും കരീം വിലയിരുത്തി. അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ പേസ് ഇതിഹാസം കേര്‍ട്ലി ആംബ്രോസും ബുംറയെ പുകഴ്ത്തിയിരുന്നു. ഫിറ്റ്നസ് നിലനിര്‍ത്താനായാല്‍ ടെസ്റ്റില്‍ 400 വിക്കറ്റുകളെന്ന നാഴികക്കല്ല് ഇന്ത്യന്‍ താരത്തിനു പിന്നിടാന്‍ കഴിയുമെന്നും ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ നിര്‍ണായക താരമായി മാറുമെന്നും ആംബ്രോസ് അഭിപ്രായപ്പെട്ടിരുന്നു.
ആംബ്രോസ് പറഞ്ഞത് വളരെ ശരിയാണെന്നു കരീം പറഞ്ഞു. മല്‍സരം ഇന്ത്യക്കു പുറത്താണ് നടക്കുന്നത്. ഐപിഎല്ലിലെ അവസാനത്തെ നാലു മല്‍സരങ്ങളിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ബുംറയില്‍ എനിക്കു പൂര്‍ണ വിശ്വാസമുണ്ട്. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിലു അദ്ദേഹം ഈ ഫോം ആവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇത് ഫൈനലില്‍ നമ്മുടെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നും കരീം നിരീക്ഷിച്ചു. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രീമിയം ഫാസ്റ്റ് ബൗളറാണ് ബുംറ. നിലവില്‍ മൂന്നു വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എല്ലായ്പ്പോഴും നന്നായി പെര്‍ഫോം ചെയ്യാനും ഫിറ്റ്നസ് നിലനിര്‍ത്താനുമുള്ള സമ്മര്‍ദ്ദം ബുംറയ്ക്കുമേല് ഉണ്ടായിരിക്കുമെന്നും കരീം വ്യക്തമാക്കി.
ഇഷാന്, സൂര്യ ഇവരുടെ അരങ്ങേറ്റം നോക്കൂ, പാകിസ്താന് ഇന്ത്യയെ കണ്ടു പഠിക്കണം- തുറന്നടിച്ച് ആമിര്‍
ടി20 ലോകകപ്പ് 2021: ഇന്ത്യയുടെ ഡെത്ത് ഓവര്‍ പേസ് കൂട്ടുകെട്ട് ഏത്? അഞ്ച് താരങ്ങള്‍ തമ്മില്‍ മത്സരം
അത്ര പരിചിതമായ ബൗളിങ് ആക്ഷന്‍ അല്ലാത്തതിനാല്‍ തന്നെ ബുംറയെ നേരിടുകയെന്നത് ബാറ്റ്സ്മാന്മാര്ക്കു വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണ്. ടെസ്റ്റില്‍ എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്. സമാനതകളില്ലാത്ത ബൗളറാണ് ബുംറ. മികച്ച വേഗതയുള്ള അദ്ദേഹത്തിന് ഷോര്‍ട്ട് ബോളുകളും നന്നായി എറിയാനറിയാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതുക്കെ തന്റെ ആധിപത്യം ബുംറ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കരീം കൂട്ടിച്ചേര്‍ത്തു.