ഗംഭീര പ്രകടനം
സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു രോഹിത്- ഗില്‍ ഓപ്പണിങ് ജോടിയെ ഹോഗ് വാനോളം പുകഴ്ത്തിയത്. രണ്ടു ഓപ്പണിങ് ബാറ്റ്സ്മാന്മാരുടെയും പ്രകടനത്തെ ഗംഭീരമെന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. വളരെ ഫ്രീയായി, ഒഴുക്കോടെ കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. കടുപ്പമേറിയ സാഹചര്യത്തിന് അനുസരിച്ച് ഇരുവര്‍ക്കും പൊരുത്തപ്പെടേണ്ടി വരികയും ക്ഷമയോടെ ബാറ്റ് ചെയ്യേണ്ടി വരികയും ചെയ്തു. ന്യൂസിലാന്‍ഡ് പേസര്‍മാരെ പ്രതിരോധത്തിലാക്കിയത് ഈ രണ്ടു പേരാണെന്നും ഹോഗ് നിരീക്ഷിച്ചു.
ജയിച്ചാല്‍ കാരണക്കാര്‍ ഇരുവരുമാവും
ക്രീസ് പുറത്ത് നിന്ന് ബാറ്റ് ചെയ്യാനും മുന്നോട്ട് നടന്നുകയറി ഷോട്ട് കളിക്കാനും ഒരുപാട് ധൈര്യം ആവശ്യമാണ്. അതും ബോള്‍ വളരെയധികം മൂവ് ചെയ്യുന്ന ആദ്യദിനം തന്നെ ഇങ്ങനെയൊരു സാഹസം കാണിക്കുക എളുപ്പവുമല്ല. ഈ ടെസ്റ്റില്‍ ഇന്ത്യ വിജയിക്കുകയാണെങ്കില്‍ അതിനു കാരണക്കാര്‍ ഈ ഓപ്പണര്‍മാരും അവരുടെ സാമര്ഥ്യവുമാണെന്നും ഹോഗ് വിലയിരുത്തി.
രോഹിത്- ഗില്‍ ജോടി 62 റണ്‍സ് ഓപ്പണിങ് വിക്കറ്റില്‍ അടിച്ചെടുത്തിരുന്നു. ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്ല്യംസണ് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഇവരെ വേര്‍പിരിക്കാനായില്ല. ഒടുവില്‍ കൈല്‍ ജാമിസണായിരുന്നു 34 റണ്‍സെടുത്ത രോഹിത്തിനെ മടക്കി കിവികളുടെ മാനം കാത്തത്. ഗില്‍ 28 റണ്‍സെടുത്താണ് മടങ്ങിയത്.
ന്യൂസിലാന്‍ഡ് ആര്‍ത്തി കാണിച്ചു
തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ ഒരുപാട് വിക്കറ്റെടുക്കാന്‍ ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ ആര്ത്തികാണിച്ചതായും അതിനു വലിയ വില കൊടുക്കേണ്ടി വന്നതായും ഗില്‍ ചൂണ്ടിക്കാട്ടി. ഗുഡ്ലെങ്തില്‍ ബൗള്‍ ചെയ്യുകയെന്ന ഗെയിം പ്ലാനിന്റെ പേരിലായിരുന്നു ന്യൂസിലാന്‍ഡ് അറിയപ്പെട്ടിരുന്നത്.
എന്നാല്‍ ഫൈനലില്‍ അധികം സ്വിങിനു ശ്രമിക്കുകയും ഇന്ത്യയുടെ ഒരുപാട് വിക്കറ്റുകള്‍ തുടക്കത്തില്‍ വീഴ്ത്താന്‍ ആര്‍ത്തി കാണിക്കുകയും ചെയ്തു. പകരം ക്ഷമയോടെ തങ്ങളുടെ സ്ഥിരം ഗെയിംപ്ലാനില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു വേണ്ടിയിരുന്നത്. ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. 10 ഓവര്‍ വരെ ഓവറില്‍ നാലു റണ്‍സ് വീതമെടുക്കാന് കഴിഞ്ഞതായും ഹോഗ് വിലയിരുത്തി.