ഐതിഹാസികം, അത്യുജ്ജലം; ഓസീസിനെ വീഴ്ത്തി സൗത്ത് ആഫ്രിക്കയ്ക്ക് ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് കിരീടം..!
ലോഡ്‌സ്: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ ഐതിഹാസിക വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. ഫൈനലിൽ ഓസ്‌ട്രേലിയയെ തോൽപിച്ച് വിശ്വവിജയികളായി പ്രോട്ടീസ്. ടൂർണമെന്റിൽ അവരുടെ കന്നി കിരീടമാണ് ഇത്. അഞ്ച് വിക്കറ്റുകൾക്കാണ് അവർ ഓസ്‌ട്രേലിയയെ തകർത്തത്. രണ്ടാം ഇന്നിംഗ്‌സിൽ ഓസീസ് ഉയർത്തിയ ഭേദപ്പെട്ട സ്‌കോർ പിന്തുടർന്ന സൗത്ത് ആഫ്രിക്ക നാലാം ദിനം ആദ്യ മണിക്കൂറുകളിൽ തന്നെ മത്സരം തീർത്തു കിരീടം കൈയിലൊതുക്കി.
27 വർഷത്തിനിടെ അവരുടെ ആദ്യത്തെ ഐസിസി ട്രോഫിയാണ് അവർ നേടിയിരിക്കുന്നത്. അതായത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ കിരീട വിജയമാണ്. നായകൻ ടെംബ ബാവുമയുടെ നേതൃത്വത്തിൽ എത്തിയ സൗത്ത് ആഫ്രിക്കൻ ടീമിന് ഇത് അവരുടെ കഴിഞ്ഞ വർഷങ്ങളിലെ ശ്രമങ്ങൾക്ക് എല്ലാം കൂടി ലഭിച്ച അംഗീകാരമാണ്.

മത്സരത്തിന്റെ നാലാം ഇന്നിംഗ്‌സിൽ, പൊതുവെ ബാറ്റർമാരുടെ മരണക്കെണിയായ ഈ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ ഐദം മാർക്രാം ആണ് മത്സരത്തിലെ അവരുടെ വിജയ ശിൽപി, മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിന് തന്നെയാണ്. രണ്ടാം ഇന്നിംഗ്‌സിൽ കരുത്തരായ ഓസീസ് നിരയുടെ പന്തുകൾക്ക് മുന്നിൽ കീഴടങ്ങാതെ ടീമിനെ മുന്നോട്ട് നയിച്ചത് താരവും ടീമിന്റെ നായകൻ ബാവുമയും ആയിരുന്നു.
നിർണായകമായ രണ്ടാം ഇന്നിംഗ്‌സിൽ 207 പന്തുകളിൽ നിന്നായി താരം സ്വന്തമാക്കിയത് 136 റൺസാണ്. മൂന്നാം വിക്കറ്റിൽ ബാവുമയുമായി ചേർന്ന് പടുത്തുയർത്തിയ കൂട്ടുകെട്ടാണ് സൗത്ത് ആഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നതും കിരീടവിജയത്തിലേക്ക് നയിച്ചതും. ബാവുമ 66 റൺസാണ് നേടിയിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സിലും താരം ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചിരുന്നു.
ഇതിഹാസ താരങ്ങൾ വരെ നായകന്മാരായി ശ്രമിച്ചിട്ടും നടക്കാതെ പോയ കിരീട വിജയം ബാവുമയുടെ കീഴിൽ നേടുമ്പോൾ സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റിന് ഇത് ആഘോഷത്തിന്റെ രാവ് കൂടിയാണ്. അതും പലകുറി തങ്ങളുടെ കിരീട സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞ ഓസീസിനെ തോൽപ്പിച്ച് കൊണ്ടാവുമ്പോൾ അത് ഇരട്ടി മധുരം കൂടിയാണ്.
ഓസീസിന് വേണ്ടി സ്‌റ്റാർക്ക് രണ്ടാം ഇന്നിംഗ്‌സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും സൗത്ത് ആഫ്രിക്കയുടെ പോരാട്ട വീര്യം മറികടക്കാൻ അത് മതിയാവുമായിരുന്നില്ല. അവസാന നിമിഷം പൊരുതിനിന്ന് കൂടുതൽ വിക്കറ്റ് നഷ്‌ടം വരുത്താതെ മത്സരം നല്ല രീതിയിൽ അവസാനിപ്പിച്ച ഡേവിഡ് ബെഡിങ്ങമും ശരിക്കും കൈയ്യടി അർഹിക്കുന്നുണ്ട്.
മനക്കരുത്തും ധൈര്യവും കൊണ്ട് ഈ ടീമിനെ നിർവചിക്കുന്ന ക്യാപ്റ്റൻ ടെംബ ബാവുമയുടെ നേതൃത്വത്തിൽ, ദക്ഷിണാഫ്രിക്ക ഇപ്പോൾ തുടർച്ചയായി എട്ട് ടെസ്‌റ്റുകൾ വിജയിക്കുകയും ചെയ്‌തിരിക്കുകയാണ്, ഫൈനലിൽ പോലും എത്തുകയില്ലെന്ന് കരുതിയിരുന്ന ഒരു സ്ഥാനത്ത് നിന്ന് ടീമിനെ കിരീട വിജയത്തിലേക്ക് വരെ എത്തിച്ച ബാവുമയുടെ ക്യാപ്റ്റൻസി തങ്കലിപികളിൽ തന്നെ ക്രിക്കറ്റ് ചരിത്ര പുസ്‌തകങ്ങളിൽ എഴുതി ചേർക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications