സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസീലന്‍ഡ് നേടിയിരിക്കുകയാണ്. ഫൈനലില്‍ എട്ട് വിക്കറ്റിനാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്. മഴ കളിച്ച മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തിയതാണ് ടീമിന് തിരിച്ചടിയായത്. ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് ആദ്യ ഇന്നിങ്‌സില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ പോയതും തിരിച്ചടിയായി.
ഇന്ത്യയുടെ തോല്‍വിക്കെതിരേ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,വിരാട് കോലി തുടങ്ങിയ സീനിയര്‍ താരങ്ങളുടെ പ്രകടനങ്ങള്‍ക്കെതിരേ സാമൂഹ്യമാധ്യമങ്ങളിലും പ്രതികരണങ്ങളുയരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണമായത് മറ്റൊന്നാണ് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വസിം ജാഫര്‍.

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് നേടാന്‍ സാധിക്കാത്തതാണ് ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണമായതെന്നാണ് വസിം ജാഫര്‍ അഭിപ്രായപ്പെട്ടത്. 'മുഹമ്മദ് ഷമി ഇഷാന്ത് ശര്‍മക്കൊപ്പം മികച്ച പ്രകടനമാണ് നടത്തിയത്. അശ്വിനും നല്ല രീതിയില്‍ പിന്തുണ നല്‍കി. എന്നാല്‍ ജസ്പ്രീത് ബുംറക്ക് വിക്കറ്റ് നേടാനായില്ലെന്നതാണ് വളരെ നിരാശപ്പെടുത്തുന്ന കാര്യം. അതാണ് ഇന്ത്യക്ക് വലിയ തിരിച്ചടിയായതും. ബുംറ മോശമായതാണ് പന്തെറിഞ്ഞതെന്ന് കരുതുന്നില്ല. എന്നാല്‍ വിക്കറ്റുകള്‍ നേടാനായില്ല'-ജാഫര്‍ പറഞ്ഞു.
ഇന്ത്യ വലിയ പ്രതീക്ഷ വെച്ച ബൗളറാണ് ജസ്പ്രീത് ബുംറ. എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ 57 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 35 റണ്‍സും വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടാന്‍ അദ്ദേഹത്തിനായില്ല. ഷമി നാല് വിക്കറ്റും ഇഷാന്ത് മൂന്ന് വിക്കറ്റും നേടി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ബുംറയെ തിരഞ്ഞ് പിടിച്ച് ന്യൂസീലന്‍ഡ് ആക്രമിച്ചതോടെ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത താരമായും അദ്ദേഹം മാറി.
രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെയും വസിം ജാഫര്‍ വിമര്‍ശിച്ചു. 'രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റ് ചെയ്ത രീതിയില്‍ വലിയ നിരാശയുണ്ട്. കൂടുതല്‍ പോസിറ്റീവായും ജയിക്കാനുള്ള താല്‍പര്യത്തോടെയും കളിക്കണമായിരുന്നു. എങ്കില്‍ മത്സരത്തെ കൂടുതല്‍ കടുപ്പിക്കാമായിരുന്നു. ന്യൂസീലന്‍ഡ് അനായാസമായി വിജയലക്ഷ്യം മറികടന്നു. 170 റണ്‍സ് ശരാശരിയിലും താഴെയുള്ള സ്‌കോറാണ്. ആദ്യം കളിച്ച അവസ്ഥ അവരുടെ മനസില്‍ ഉണ്ടാവണമായിരുന്നു'-വസിം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.