കറാച്ചി: ആധുനിക ക്രിക്കറ്റില്‍ ആരെയും മോഹിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചെയ്യുന്നത്. ടെസ്റ്റില്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതടക്കം ഏത് വമ്പന്മാരെയും വീഴ്ത്തുന്ന നിരയായി ഇന്ത്യ മാറിക്കഴിഞ്ഞു. ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ള താരനിരയാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം.
ഇപ്പോഴിതാ നിലവിലെ ഇന്ത്യന്‍ ടീമിനെ ഇമ്രാന്‍ ഖാന്‍ ക്യാപ്റ്റനായിരുന്ന സമയത്തുള്ള പാകിസ്താന്‍ ടീമിനോട് ഉപമിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരവും കമന്റേറ്ററുമായ റമീസ് രാജ. ഇമ്രാന്‍ ഖാന് കീഴില്‍ പാകിസ്താന്‍ ടീം ചെയ്തിരുന്നതെന്തോ അതാണ് ഇന്നത്തെ ഇന്ത്യന്‍ ടീം ചെയ്യുന്നതെന്നാണ് റമീസ് രാജ അഭിപ്രായപ്പെട്ടത്.

'മികച്ച ടീമിനെയാണ് ഇന്ത്യ സൃഷ്ടിച്ചിരിക്കുന്നത്.നിയന്ത്രണത്തിലുള്ള ഒരു തരം ഭ്രാന്ത് വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്കുണ്ട്. ആക്രമണോത്സുകതയിലുള്ളതാണ് ഇന്ത്യയുടെ പദ്ധതികള്‍. അങ്ങനെ ചെയ്യാന്‍ തുടങ്ങിയാല്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവപ്പെടുകയും നെഗറ്റീവിറ്റി പുറത്താവുകയും ചെയ്യും. ഇമ്രാന്‍ ഖാന് കീഴില്‍ ഞങ്ങള്‍ ചെയ്തന്തോ അതാണ് ഇന്ന് ഇന്ത്യ ചെയ്യുന്നത്. നേരത്തെ അവര്‍ക്ക് ആധിപത്യം ഇല്ലാതിരുന്ന പല മേഖലയിലും ഇന്ന് ഇന്ത്യ വളരെ മെച്ചപ്പെട്ടു. ഏത് മൈതാനത്തും കളി ജയിക്കാന്‍ സാധിക്കുന്ന ടീം ഇന്ന് ഇന്ത്യക്കുണ്ട്'-റമീസ് രാജ പറഞ്ഞു.
വിരാട് കോലിയെന്ന വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത താരത്തിന്റെ നായകത്വത്തിന് കീഴില്‍ കളിക്കുന്നതിനാല്‍ ഇന്ത്യന്‍ ടീമിന്റെ സ്വഭാവവും ഇപ്പോള്‍ അത്തരത്തിലാണ്. സ്ലെഡ്ജിങ്ങിന് അതേ നാണയത്തില്‍ തിരിച്ചടിക്കുകയും അടിക്ക് തിരിച്ചടിയെന്ന പ്രത്യേയ ശാസ്ത്രവുമാണ് നിലവിലെ ഇന്ത്യന്‍ ടീമിന്റെ മനോഭാവം. വിദേശ മൈതാനങ്ങളില്‍ പലപ്പോഴും ഇത് ഇന്ത്യയെ സഹായിക്കാറുമുണ്ട്.
'വിദേശ മൈതാനത്ത് ടെസ്റ്റ് ജയിക്കാന്‍ സവിശേഷമായ ടീം വേണമെന്നില്ല.ഇന്ത്യ ബി ടീമുമായി ഓസ്‌ട്രേലിയയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം നോക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിന് മുന്‍തൂക്കമുണ്ട്. അവര്‍ ഇന്ത്യയെക്കാള്‍ നേരത്തെ ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. ന്യൂസീലന്‍ഡിനെക്കാള്‍ പ്രതിഭാശാലികളുടെ നിര ഇന്ത്യയുടേതാണ്'-റമീസ് രാജ പറഞ്ഞു.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇംഗ്ലണ്ടിലാണ് നടക്കുന്നത്. പേസ് മൈതാനമായതിനാല്‍ കൂടുതല്‍ പരിചയസമ്പത്ത് ന്യൂസീലന്‍ഡിനാണ്. എന്നാല്‍ ഇന്ത്യയുടെസീനിയര്‍ ബാറ്റിങ് നിരക്ക് ഫോമിലേക്കെത്താനായാല്‍ കപ്പ് അലമാരയിലെത്തിക്കാനാവും.