WTC 2021: അഞ്ചാം ദിനം ഇന്ത്യയുടെ തിരിച്ചുവരവ്, പ്രധാന നാഴികക്കല്ലുകളും റെക്കോഡുകളുമറിയാം
സതാംപ്റ്റണ്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം ആവേശകരമായി പുരോഗമിക്കുകയാണ്. മഴമാറി നിന്ന അഞ്ചാം ദിനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡ് 249 റണ്‍സില്‍ കൂടാരം കയറി.32 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 എന്ന നിലയിലാണ്. റിസര്‍വ് ദിനമായ ആറാം ദിനത്തിലേക്ക് മത്സരം നീങ്ങവെ ഇന്ത്യയുടെ ബാറ്റിങ് നിരയിലാണ് പ്രതീക്ഷകളെല്ലാം.

രോഹിത് ശര്‍മയുടെയും (30) ശുഭ്മാന്‍ ഗില്ലിന്റെയും (8) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ചേതേശ്വര്‍ പുജാര (12),വിരാട് കോലി (8) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യക്ക് എത്ര സമയം ബാറ്റ് ചെയ്യാന്‍ സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മത്സര ഫലം. അഞ്ചാം ദിനത്തില്‍ മത്സരത്തില്‍ പിറന്ന പ്രധാന നാഴികക്കല്ലുകളും കളിക്കണക്കുകളുമറിയാം.
അഞ്ചാം ദിനത്തിലൂടെ കിവീസ് പേസര്‍ ടിം സൗത്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ന്യൂസീലന്‍ഡ് ബൗളറാണ് അദ്ദേഹം. ഡാനിയല്‍ വെട്ടോറിയാണ് (705) ഒന്നാമത്.

വിരാട് കോലിക്ക് കീഴില്‍ 281 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കി ആര്‍ അശ്വിന്‍. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡിന്റെ രണ്ട് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഒരു ക്യാപ്റ്റന് കീഴില്‍ കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ ദക്ഷിണാഫ്രിക്കയുടെ മഖായ എന്‍ഡിനിയെ മറികടന്ന് അശ്വിന്‍ രണ്ടാം സ്ഥാനത്തെത്തി. ഗ്രെയിം സ്മിത്തിന് കീഴില്‍ 280 വിക്കറ്റാണ് എന്‍ഡിനി വീഴ്ത്തിയത്.

ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് പ്രകടനം നടത്തിയതോടെ ഇംഗ്ലണ്ടില്‍ 46 വിക്കറ്റുകള്‍ ഇഷാന്ത് ശര്‍മയുടെ പേരിലുണ്ട്. ഇതോടെ ഇംഗ്ലണ്ടില്‍ കൂടുതല്‍ വിക്കറ്റുള്ള പേസ് ബൗളര്‍മാരില്‍ കപില്‍ ദേവിനെ (43) മറികടന്ന് ഇഷാന്ത് ഒന്നാമതെത്തി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 18000 റണ്‍സ് പൂര്‍ത്തിയാക്കി ന്യൂസീലന്‍ഡിന്റെ റോസ് ടെയ്‌ലര്‍. ഈ നേട്ടത്തിലെത്തുന്ന ആദ്യ കിവീസ് താരമാണ് അദ്ദേഹം. 11 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ ടെയ്‌ലര്‍ നേടിയത്.

മുഹമ്മദ് ഷമി 76 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് ഇന്ത്യക്കായി വീഴ്ത്തി. ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യക്കായി നാല് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഷമി. ഇതിന് മുമ്പ് മൊഹീന്ദര്‍ അമര്‍നാഥിന്റെ 1983ലെ ലോകകപ്പിലെ മൂന്ന് വിക്കറ്റ് പ്രകടനമായിരുന്നു തലപ്പത്ത്.

ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 69 വിക്കറ്റ് പൂര്‍ത്തിയാക്കി. നിലവില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനൊപ്പമാണ്. മൂന്ന് വിക്കറ്റ് നേടിയാല്‍ പാറ്റ് കമ്മിന്‍സിനെ മറികടന്ന് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താം.

ആദ്യ ഇന്നിങ്‌സില്‍ 49 റണ്‍സാണ് കെയ്ന്‍ വില്യംസണ്‍ നേടിയത്. ഇതോടെ 7178 ടെസ്റ്റ് റണ്‍സുമായി കിവീസിനായി കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി വില്യംസണ്‍ മാറി. സ്റ്റീഫന്‍ ഫ്‌ളമിങ്ങിനെയാണ് (7172) മറികടന്നത്. റോസ് ടെയ്‌ലറാണ് (7517) തലപ്പത്ത്.
ആദ്യ 100 പന്തില്‍ കെയ്ന്‍ വില്യംസണ്‍ നേടിയത് 100 റണ്‍സാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും സ്ലോ ഇന്നിങ്‌സായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications