മുംബൈ: ഐസിസി ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള ഇന്ത്യയുടെ ടീം ഘടനയെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും തമ്മിലുള്ള സംഭാഷണങ്ങള്‍ ചോര്‍ന്നു. ജൂണ്‍ 18ന് ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ഫൈനല്‍ പോരാട്ടം. ഇതില്‍ ഏതൊക്കെ ബൗളര്‍മാര്‍ വേണമെന്നത് സംബന്ധിച്ച് രവിയും കോലിയും നടത്തിയതെന്ന തരത്തിലുള്ള ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത്.
ഇന്ത്യാ ടുഡെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇരുവരുടെയും സംഭാഷണങ്ങളില്‍ നിന്ന് മുഹമ്മദ് ഷമിയേയും മുഹമ്മദ് സിറാജിനെയും ന്യൂസീലന്‍ഡിനെതിരായ ഫൈനലില്‍ ഒരുമിച്ച് കളിപ്പിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്ന തരത്തിലുള്ള സൂചനയാണുള്ളത്. 'റൗണ്ട് ദ വിക്കറ്റില്‍ പന്തെറിയാന്‍ ലാലയും (ഷമി) സിറാജും ഉണ്ട്' എന്നാണ് ശബ്ദ സന്ദേശത്തില്‍ കോലി രവി ശാസ്ത്രിയോട് പറയുന്നത്.

എന്നാല്‍ ഈ ശബ്ദസന്ദേശം കോലിയുടെയും രവി ശാസ്ത്രിയുടേതുമാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. മികച്ച ബൗളിങ് നിര ഇന്ത്യക്കൊപ്പമുണ്ട്. ജസ്പ്രീത് ബുംറ പേസറെന്ന നിലയില്‍ ടീമില്‍ ചോദ്യം ചെയ്യപ്പെടാതെ നില്‍ക്കുമ്പോള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കുവേണ്ടിയാണ് മത്സരം. മികച്ച രീതിയില്‍ ഷോര്‍ട്ട് ബോളെറിയാനും വേഗ ബൗണ്‍സര്‍ എറിയാനും സ്വിങ് ചെയ്യിപ്പിക്കാനും ഷമിക്ക് മികവുണ്ട്.
മൂന്നാം പേസറായി ഇഷാന്ത് ശര്‍മ,മുഹമ്മദ് സിറാജ്,ഉമേഷ് യാദവ് എന്നിവരാണുള്ളത്. ഇംഗ്ലണ്ടിലെ പരിചയസമ്പത്ത് പരിഗണിക്കുമ്പോള്‍ മുന്‍തൂക്കം ഇഷാന്ത് ശര്‍മയ്ക്കാണ്. എന്നാല്‍ സമീപകാലത്തെ ഫോമും കോലിയുമായുള്ള അടുപ്പവും നോക്കുമ്പോള്‍ മുന്‍തൂക്കം ലഭിക്കാന്‍ സാധ്യത മുഹമ്മദ് സിറാജിനാണ്. ഓസ്‌ട്രേലിയയില്‍ 13 വിക്കറ്റുമായി സിറാജ് തിളങ്ങിയിരുന്നു.
ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ബൗളര്‍മാരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. പരിചയസമ്പന്നനായ ഇഷാന്തിനെക്കാളും നിലവില്‍ സജീവം സിറാജാണ്. എന്നാല്‍ പരിചയസമ്പത്ത് പരിഗണിച്ച് ഇഷാന്തിനെ തഴയാനുള്ള സാധ്യതകളും കുറവാണ്. മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും ഇന്ത്യ പരിഗണിച്ചേക്കും. അങ്ങനെ വന്നാല്‍ അശ്വിന്‍,ജഡേജ എന്നിവര്‍ക്ക് ഒന്നിച്ച് കളിക്കാന്‍ അവസരം ലഭിച്ചേക്കും.
പര്യടനത്തിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഫൈനല്‍ ആസ്വദിച്ച് കളിക്കുകയാണ് ലക്ഷ്യമെന്നും ന്യൂസീലന്‍ഡിനാണ് മുന്‍തൂക്കമെന്നത് ആളുകളുടെ അഭിപ്രായം മാത്രമാണെന്നും കോലി പറഞ്ഞിരുന്നു. ഒന്നാം സ്ഥാനക്കാരായി ഫൈനലിനെത്തുന്ന ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള നിരയാണ് കെയ്ന്‍ വില്യംസണ്‍ നായകനായുള്ള ന്യൂസീലന്‍ഡ്.