മുംബൈ: ഐസിസി പ്രഥമ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 18ന് നടക്കാന്‍ പോവുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാവും ഫൈനലില്‍ ഏറ്റുമുട്ടുക. ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിനെത്തുന്നത്. കെയ്ന്‍ വില്യംസണ്‍ ക്യാപ്റ്റനായുള്ള ന്യൂസീലന്‍ഡും നിസാരരല്ല. ഒറ്റ മത്സരം മാത്രമാണ് ഫൈനലിലുള്ളത്. അതിനാല്‍ത്തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമാവും നടക്കുക.
വിരാട് കോലി,രോഹിത് ശര്‍മ,കെയ്ന്‍ വില്യംസണ്‍,റോസ് ടെയ്‌ലര്‍,റിഷഭ് പന്ത് തുടങ്ങി ഇരു ടീമിലുമായി മികച്ച ബാറ്റ്‌സ്മാന്‍മാര്‍ നിരവധിയാണ്. ഇവരിലാരാവും ഫൈനലിലെ ടോപ് സ്‌കോറര്‍. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാനും അജിത് അഗാര്‍ക്കറും പാര്‍ഥിവ് പട്ടേലും ടോപ് സ്‌കോററാവാന്‍ സാധ്യതയുള്ള താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ്.

മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറായ അജിത് അഗാര്‍ക്കര്‍ വിരാട് കോലി ടോപ് സ്‌കോററാവുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ മികച്ച ബാറ്റിങ് പ്രകടനം കോലിക്ക് അവകാശപ്പെടാനാവും. 'ഇംഗ്ലണ്ടില്‍ കോലിക്ക് എന്താണ് ചെയ്യാനാവുമെന്നത് അവന്‍ കാട്ടിത്തരും. ഇന്ത്യക്കുവേണ്ടി തല ഉയര്‍ത്തി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന താരമാണവന്‍'-അജിത് പറഞ്ഞു.
സമീപകാലത്തടക്കം സ്ഥിരതയോടെ കളിക്കാന്‍ കോലിക്ക് സാധിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തില്‍ നിന്ന് സെഞ്ച്വറി പ്രകടനം കണ്ടിട്ട് രണ്ട് വര്‍ഷത്തിന് മുകളിലായി. 2019 സെപ്തംബറിലാണ് കോലി ഒരു സെഞ്ച്വറി നേടിയത്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ട് പര്യടനത്തിലൂടെ കോലി ഈ കാത്തിരിപ്പിന് വിരാമമിടുമെന്നാണ് ആരാധക പ്രതീക്ഷ.
മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ ടോപ് സ്‌കോററാവുമെന്ന് പ്രവചിച്ചത് ചേതേശ്വര്‍ പുജാരയെയാണ്. രാഹുല്‍ ദ്രാവിഡിന്റെ വിടവ് നികത്തുന്ന ഇന്ത്യയുടെ നട്ടെല്ലാണ് അദ്ദേഹം. 'ഈ മത്സരത്തില്‍ ചേതേശ്വര്‍ പുജാര ടോപ് സ്‌കോററാവുമെന്നാണ് തോന്നുന്നത്. ഇന്ത്യ ജയിച്ചാല്‍ പുജാരയായിരിക്കും നിര്‍ണ്ണായക താരമാവുക. ഇന്ത്യക്ക് നേരത്തെ വിക്കറ്റ് നഷ്ടമായാലും മൂന്ന് നാല് മണിക്കൂറെങ്കിലും പുജാരക്ക് ബാറ്റ് ചെയ്യാനായാല്‍ ഇന്ത്യക്ക് മികച്ച നിലയിലേക്ക് എത്താനാവും'-പാര്‍ഥിവ് പറഞ്ഞു.
മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെയാണ് ടോപ് സ്‌കോററായി പ്രവചിച്ചത്. മുന്‍ കിവീസ് പേസ് ഓള്‍റൗണ്ടറായ സ്‌കോട്ട് സ്‌റ്റൈറിസ് കെയ്ന്‍ വില്യംസണിനൊപ്പം ഡെവോണ്‍ കോണ്‍വെയെയും തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ ഇരട്ട സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിനായിരുന്നു.