മൊഹാലി: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 18ന് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് മത്സരം. സതാംപ്റ്റനാണ് മത്സര വേദി. ഒരു മത്സരം മാത്രമാണ് ഫൈനലിലുള്ളത്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് പരമ്പര ജയിക്കുകയെന്നത് കടുത്ത വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഓസ്‌ട്രേലിയയിലടക്കം പരമ്പര നേടിയ ഇന്ത്യക്കൊപ്പം മികച്ച താരനിര തന്നെയുണ്ട്. മികച്ച പേസര്‍മാരുള്ളതും ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.
നിലവില്‍ ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പര കളിക്കുന്നതിനാല്‍ ഫൈനലില്‍ ന്യൂസീലന്‍ഡിനത് സഹായമാവും. ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒരു മത്സരം മാത്രമുള്ളത് ഇന്ത്യക്ക് തിരിച്ചടിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്.
'ഇത്തരമൊരു സാഹചര്യത്തില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഫൈനലായിരുന്നു അനുയോജ്യമെന്നാണ് തോന്നുന്നത്. കാരണം ആദ്യ മത്സരം തോറ്റാലും അടുത്ത രണ്ട് മത്സരത്തിലൂടെ തിരിച്ചുവരാനുള്ള അവസരമുണ്ട്. ന്യൂസീലന്‍ഡ് നിലവില്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നതിനാല്‍ അല്‍പ്പം മുന്‍തൂക്കം ന്യൂസീലന്‍ഡിനുണ്ട്. 8-10 പരിശീലന സെക്ഷനുണ്ട്. എന്നാല്‍ മത്സര പരിശീലനത്തിന് അത് പകരമാവില്ല. ന്യൂസീലന്‍ഡിന് ഇന്ത്യയേക്കാള്‍ മുന്‍തൂക്കമുണ്ട്. ഇന്ത്യ വളരെ ശക്തരായ നിരയാണെന്ന് കരുതുന്നു. കാരണം നമ്മള്‍ വിദേശ പിച്ചില്‍ സമീപകാലത്തായി പരമ്പര നേടി. ബൗളിങ്ങിനൊപ്പം നമ്മുടെ ബാറ്റിങ്ങും കരുത്തുറ്റതായെന്നാണ് കരുതുന്നത്'-യുവരാജ് പറഞ്ഞു.

ഇംഗ്ലണ്ടില്‍ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്ന് മുതലാവും നെറ്റ്‌സ് പരിശീലനം ആരംഭിക്കുക. മികച്ച ബൗളിങ് കരുത്ത് ഇന്ത്യക്കുണ്ട്. അതിനൊത്ത് ബാറ്റിങ് നിരയ്ക്ക് കൂടി ഉയരാനായാല്‍ കിരീടം ഉയര്‍ത്താന്‍ ഇന്ത്യക്കാവും. രോഹിത് ശര്‍മ,വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.
ഡ്യൂക്‌സ് ബോള്‍ രോഹിതിനും ശുഭ്മാന്‍ ഗില്ലിനും വെല്ലുവിളിയാവുമെന്നും യുവരാജ് അഭിപ്രായപ്പെട്ടു. 'രോഹിത് ശര്‍മക്ക് ഇപ്പോള്‍ ടെസ്റ്റില്‍ അനുഭവസമ്പത്തായി.ഓപ്പണറെന്ന നിലയില്‍ നാലോളം സെഞ്ച്വറി അവന്‍ നേടിയിട്ടുണ്ട്.എന്നാല്‍ രോഹിതും ഗില്ലും ഇതുവരെ ഇംഗ്ലണ്ടില്‍ ഓപ്പണര്‍മാരായിട്ടില്ല.വെല്ലുവിളി എന്താണെന്ന് അവര്‍ക്കറിയാം. ഡ്യൂൂക്‌സ് ബോള്‍ നേരത്തെ മുതല്‍ സ്വിങ് ചെയ്യാന്‍ ആരംഭിക്കും.അതിനാല്‍ത്തന്നെ സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ സാധിക്കണം'-യുവരാജ് പറഞ്ഞു.
ഇംഗ്ലണ്ടില്‍ ഓരോ സെക്ഷനും വളരെ പ്രധാനപ്പെട്ടതാണ്.രാവിലെ പന്തിന് നല്ല സ്വിങ്ങും വേഗവും ലഭിക്കും. ഉച്ചകഴിഞ്ഞ് റണ്‍സ് നേടാനുമാവും. ചായക്ക് ശേഷം വീണ്ടും നന്നായി സ്വിങ് ചെയ്യും. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഈ സാഹചര്യങ്ങളെല്ലാം മനസിലാക്കാന്‍ സാധിച്ചാല്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുമെന്ന് യുവരാജ് കൂട്ടിച്ചേര്‍ത്തു.