സതാംപ്റ്റണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പ്രഥമ ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ ബാറ്റിങ് തുടരുകയാണ്. ആദ്യ ദിനം മഴമൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാം ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. വെളിച്ചക്കുറവ് മൂലം 64.4 ഓവര്‍ മാത്രമാണ് രണ്ടാം ദിനം നടന്നത്.വിരാട് കോലിയും (44) അജിന്‍ക്യ രഹാനെയുമാണ് (29) ക്രീസില്‍. രോഹിത് ശര്‍മ (34),ശുഭ്മാന്‍ ഗില്‍ (28),ചേതേശ്വര്‍ പുജാര (8) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
മൂന്നാം ദിനം കോലി-രഹാനെ കൂട്ടുകെട്ട് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഇപ്പോഴിതാ മൂന്നാം ദിനം ഇന്ത്യ ഗജിനി സിനിമയിലെ നായകന്റെ മനോഭാവത്തോടെ ബാറ്റ് ചെയ്യണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍. സിനിമയില്‍ നായകന് പഴയ കാര്യങ്ങള്‍ മറന്ന് പോകുന്ന അവസ്ഥയാണുള്ളത്. അതുപോലെ ന്യൂസീലന്‍ഡ് ബൗളര്‍മാരെയും കഴിഞ്ഞ പന്തുകളെയും മറന്ന് ബാറ്റ് ചെയ്താല്‍ മതിയെന്നാണ് വസിം ജാഫര്‍ അഭിപ്രായപ്പെട്ടത്.

'ഗജിനിയിലെ നായകന്റെ മനോഭാവത്തോടെ വേണം കോലിയും രഹാനെയും കളിക്കാന്‍. കാരണം കഴിഞ്ഞ പന്തുകളെ മറക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ മികച്ച പന്തുകളെ ഒഴിവാക്കി കളിക്കേണ്ടതുണ്ട്. കഴിഞ്ഞ പന്തുകളെ മറന്ന് അടുത്ത പന്തില്‍ ശ്രദ്ധ നല്‍കി വേണം കളിക്കാന്‍'-വസിം ജാഫര്‍ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.
നാലാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കാന്‍ കോലിക്കും രഹാനെക്കും ഇതിനോടകം സാധിച്ചിട്ടുണ്ട്. ഈ കൂട്ടുകെട്ട് 150 റണ്‍സിന് മുകളിലേക്കുയര്‍ന്നാല്‍ മികച്ച സ്‌കോര്‍ തന്നെ ഇന്ത്യക്ക് പടുത്തുയര്‍ത്താനാവും. ഒരു സ്പിന്നറെ പോലും കളിപ്പിക്കാതെ പേസ് ബൗളര്‍മാരുമായാണ് ന്യൂസീലന്‍ഡ് കളിക്കുന്നത്. സ്വിങ് നന്നായി ചെയ്യുന്ന പിച്ചില്‍ ബാറ്റ് ചെയ്യുന്നത് ദുഷ്‌കരമാണ്.
ആദ്യ ദിനം നഷ്ടപ്പെട്ടതിനാല്‍ റിസര്‍വ് ദിനം പരിഗണിച്ച് മത്സരം അഞ്ച് ദിവസമായി തന്നെ നടത്തിയേക്കും. എന്നാല്‍ മഴ ഭീഷണിയും വെളിച്ചക്കുറവും രസം കൊല്ലിയാവുന്നുണ്ട്. 350ന് മുകളിലേക്ക് സ്‌കോര്‍ നേടാന്‍ ഇന്ത്യക്ക് സാധിച്ചാല്‍ ന്യൂസീലന്‍ഡിന്റെ കണക്കൂകൂട്ടലുകളെല്ലാം തെറ്റും. ചേതേശ്വര്‍ പുജാരയ്ക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ വന്നത് ഇന്ത്യക്ക് തിരിച്ചടിയായി. 54 പന്ത് നേരിട്ട് 8 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ട് ബൗണ്ടറി നേടിയെങ്കിലും ഒരു സിംഗിള്‍ പോലും പുജാരയുടെ ഇന്നിങ്‌സില്‍ ഇല്ലായിരുന്നു.