മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടം ശക്തമാവുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 217 റണ്‍സില്‍ അവസാനിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന മികച്ച നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 116 റണ്‍സിന് മാത്രം പിന്നിലാണ് ന്യൂസീലന്‍ഡ്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ജാമിസനാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ടിം സൗത്തി,ട്രന്റ് ബോള്‍ട്ട്,കോളി ഡി ഗ്രാന്റ് ഹോം,നീല്‍ വാഗ്നര്‍ തുടങ്ങിയവരെല്ലാം പന്ത് സ്വിങ് ചെയ്യിച്ച് ഇന്ത്യയെ ഞെട്ടിച്ചു. സ്വിങ്ങിന്റെ ദിശ മനസിലാക്കാനാവാതെയാണ് ഇന്ത്യയുടെ മധ്യനിരയും വാലറ്റവും തകര്‍ന്നത്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയാനെത്തിയപ്പോള്‍ പന്തിലെ സ്വിങ് നഷ്ടപ്പെട്ടു.

ഡ്യൂക്‌സ് ബോളിലെ സ്വാഭാവിക സ്വിങ് പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ലഭിച്ചില്ല. ഇതിനെതിരേ വലിയ രീതിയിലുള്ള ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ട്വിറ്ററിലൂടെ ഇന്ത്യന്‍ ബൗളര്‍മാരെ പരിഹസിച്ചിരിക്കുകയാണ്. സ്വിങ് ചെയ്യാന്‍ നല്ല ആഗ്രഹമുണ്ടെങ്കിലും ബോള്‍ ഇതുവരെ സ്വിങ് ചെയ്യുന്നില്ലെന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. ന്യൂബോളില്‍ ജസ്പ്രീത് ബുംറ പൂര്‍ണ്ണ പരാജയമായിരുന്നു. ഇഷാന്ത് ശര്‍മയുടെ ആദ്യ സ്‌പെല്ലും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല.
ഇതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുകളില്‍ ന്യൂസീലന്‍ഡ് നിര അനായാസമായി ആധിപത്യം നേടി. ഒന്നാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടുകെട്ടാണ് കിവീസ് നേടിയത്. ഈര്‍പ്പമുള്ള പിച്ചില്‍ ടോം ലാദത്തെ മടക്കി കിവീസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനാണെന്നത് പേസര്‍മാര്‍ക്ക് വലിയ നാണക്കേട് തന്നെയാണ്. ബുംറയില്‍ പ്രതീക്ഷ ഏറെയായിരുന്നെങ്കില്‍ ഏറ്റവും മോശം പ്രകടനം ബുംറയുടെയായിരുന്നു. 11 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത ബുംറ ഒരു വിക്കറ്റ് പോലും നേടിയില്ല.
ഇന്ത്യയുടെ പേസ് നിരയുടെ മോശം പ്രകടനത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള തീരുമാനത്തെ പരിഹസിച്ചും നിരവധി ട്രോളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നാലാം ദിനം ഇന്ത്യന്‍ പേസര്‍മാരെ സംബന്ധിച്ച് അഭിമാന പ്രശ്‌നമായിരിക്കുകയാണ്.