WTC 2021 Final: 'ഐപിഎല്ലിലെ സഹതാരങ്ങള്‍ ഇപ്പോള്‍ എതിരാളികള്‍', ആ താരങ്ങള്‍ ഇവരാണ്
സതാംപ്ടണ്‍: ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021ന്റെ കലാശപ്പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും ന്യൂസീലന്‍ഡും. ഇംഗ്ലണ്ട് വേദിയാവുന്ന ഫൈനലില്‍ ഇരു ടീമിനും മികച്ച താരസമ്പത്തുള്ളതിനാല്‍ കടുത്ത പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനോടകം വാക് പോരാട്ടങ്ങള്‍ക്ക് താരങ്ങള്‍ തുടക്കമിട്ട് കഴിഞ്ഞു. ഐപിഎല്ലില്‍ ഒന്നിച്ച് കളിച്ച ചില താരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ എതിരാളികളായി എത്തുമ്പോള്‍ അത് കാണികളെ ആവേശം കൊള്ളിക്കും. ഐപിഎല്ലില്‍ ഒന്നിച്ച് കളിച്ച ഇന്ത്യ-ന്യൂസീലന്‍ഡ് ടീമിലെ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി- കെയ്ല്‍ ജാമിസന്‍
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഒന്നിച്ച് കളിച്ചവരാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ന്യൂസീലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസനും. കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ച ജാമിസന്‍ ഇപ്പോള്‍ എതിരാളിയായി എത്തുമ്പോള്‍ കോലിയുടെ വിക്കറ്റെടുക്കാന്‍ ജാമിസന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2021ലെ ലേലത്തില്‍ 15 കോടിക്കാണ് ജാമിസനെ ആര്‍സിബി വാങ്ങിയത്. വാഷിങ്ടണ്‍ സുന്ദര്‍,മുഹമ്മദ് സിറാജ് എന്നിവരും ആര്‍സിബിയില്‍ ജാമിസനൊപ്പമുണ്ടായിരുന്ന ഇന്ത്യന്‍ ടീമിലെ താരങ്ങളാണ്.

വൃദ്ധിമാന്‍ സാഹ- കെയ്ന്‍ വില്യംസണ്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ സഹതാരങ്ങളാണ് ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും. സാഹക്ക് ആദ്യ മത്സരങ്ങള്‍ക്ക് ശേഷം പ്ലേയിങ് 11ല്‍ ഇടം നഷ്ടപ്പെട്ടിരുന്നു. പാതിവഴിയില്‍ ഹൈദരാബാദ് കെയ്ന്‍ വില്യംസണെ നായകനാക്കുകയും ചെയ്തിരുന്നു. സാഹയും വില്യംസണും ഒന്നിച്ച് കളിച്ചിട്ടുള്ള അനുഭവസമ്പത്ത് കിവീസിനെതിരേ പയറ്റാന്‍ സാഹയ്ക്ക് അവസരം ലഭിച്ചേക്കില്ല. റിഷഭ് പന്തിനാവും വിക്കറ്റ് കീപ്പറായി പ്രഥമ പരിഗണന ലഭിക്കുക.

രവീന്ദ്ര ജഡേജ- മിച്ചല്‍ സാന്റ്‌നര്‍
ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഒരുമിച്ച് കളിക്കുന്ന ഓള്‍റൗണ്ടര്‍മാരാണ് രവീന്ദ്ര ജഡേജയും മിച്ചല്‍ സാന്റ്‌നറും. ഇരുവരും ഫൈനലിന്റെ പ്ലേയിങ് 11ല്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ളവരുമാണ്. ജഡേജ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗെയിം ചെയിഞ്ചറാണ്. സമീപകാലത്തായി അദ്ദേഹം മികച്ച ഫോമിലുമാണ്. മിച്ചല്‍ സാന്റ്‌നര്‍ കിവീസിന്റെ പ്രധാന സ്പിന്‍ ഓള്‍റൗണ്ടറാണ്. മധ്യനിരയില്‍ ബാറ്റുകൊണ്ട് തിളങ്ങാനും താരത്തിന് മികവുണ്ട്. ഇരുവരും തമ്മില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും നേര്‍ക്കുനേര്‍ എത്തുന്നത് ആവേശ കാഴ്ചയാവും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയും സിഎസ്‌കെയില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications