സതാംപ്റ്റന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഇന്ത്യക്കെതിരായ ഫൈനലിന് മുമ്പ് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് കൂടുതല്‍ പൊരുത്തപ്പെടുക എന്നത് തന്നെയാണ് ഇംഗ്ലണ്ട് പരമ്പരയിലൂടെ ന്യൂസീലന്‍ഡിന്റെ ലക്ഷ്യം. സൂപ്പര്‍ താരങ്ങളെയെല്ലാം പരമ്പരയ്ക്കിറക്കി ഫോമിലേക്കെത്തിക്കാന്‍ ന്യൂസീലന്‍ഡ് ശ്രമിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ഇംഗ്ലണ്ടിനെതിരേ കളിക്കാന്‍ കിവീസിന്റെ സ്റ്റാര്‍ പേസര്‍ ട്രന്റ് ബോള്‍ട്ട് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ബോള്‍ട്ടിന് വിശ്രമം നല്‍കുന്നതിനായാണ് ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതെന്നാണ് വിവരം. ഇന്ത്യക്കെതിരേ ന്യൂസീലന്‍ഡിന്റെ തുറുപ്പുചീട്ടാണ് ബോള്‍ട്ട്.
ഇംഗ്ലണ്ട് സാഹചര്യത്തില്‍ ബോള്‍ട്ടിന്റെ സ്വിങ്ങിങ് പന്തുകള്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യക്കെതിരേ കളിച്ച് മുന്‍പരിചയമുള്ള താരം കൂടിയാണ് അദ്ദേഹം. ഇംഗ്ലണ്ടിനെതിരേ ബോള്‍ട്ട് കളിക്കാന്‍ സാധ്യതയില്ലെന്ന കാര്യം ന്യൂസീലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡാണ് വ്യക്തമാക്കിയത്.
'ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സര പരമ്പരയില്‍ നിങ്ങള്‍ക്ക് ട്രന്റ് ബോള്‍ട്ടിനെ കാണാനാവുമെന്ന് കരുതുന്നില്ല.വെള്ളിയാഴ്ചയാണ് ബോള്‍ട്ട് എത്തിയത്. അതിനാല്‍ത്തന്നെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി അവനെ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. ഐപിഎല്‍ പാതിവഴിയില്‍ മുടങ്ങിയതിനാല്‍ ഐസൊലേഷന്‍ കഴിഞ്ഞ് നിലവില്‍ അവന്‍ വിശ്രമത്തിലാണ്. അതിനാല്‍ ഫൈനലിനാവും അവന്‍ ഇറങ്ങുക'-ഗാരി സ്റ്റെഡ് പറഞ്ഞു.

ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡാണ് ബോള്‍ട്ടിനുള്ളത്. 23 വിക്കറ്റാണ് ബോള്‍ട്ട് ഇംഗ്ലണ്ടില്‍ വീഴ്ത്തിയത്. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 23.14 എന്ന മികച്ച ശരാശരിയും ബോള്‍ട്ടിനുണ്ട്. ഇന്ത്യക്കെതിരേ 36 വിക്കറ്റുകള്‍ ബോള്‍ട്ട് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ കളിച്ചുള്ള പരിചയസമ്പത്തും ബോള്‍ട്ടിന് ഫൈനലില്‍ തുണയായേക്കും.
71 ടെസ്റ്റുകളില്‍ നിന്ന് 281 വിക്കറ്റുകളാണ് ബോള്‍ട്ട് വീഴ്ത്തിയിട്ടുള്ളത്. ഇതില്‍ എട്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഒരു 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇംഗ്ലണ്ട് സാഹചര്യങ്ങള്‍ ന്യൂസീലന്‍ഡിലേതിന് സമാനമായതിനാല്‍ ബോള്‍ട്ടിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നതിന് തര്‍ക്കമില്ല. ഇന്ത്യയെക്കാള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിന് മുന്‍തൂക്കമുണ്ട്.
അവസാനമായി ന്യൂസീലന്‍ഡില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ 2-0ന് പരമ്പരയില്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യാന്‍ ന്യൂസീലന്‍ഡിന് സാധിച്ചിരുന്നു. ഐസിസിയുടെ ടൂര്‍ണമെന്റിലെ പ്രധാന മത്സരങ്ങളില്‍ ഇന്ത്യയ്‌ക്കെതിരേ മികച്ച റെക്കോഡാണ് ന്യൂസീലന്‍ഡിനുള്ളത്.