
മികച്ച പേസ് ബൗളര്‍മാര്‍
ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ തന്നെയാണ് സമീപകാലത്തെ ടീമിന്റെ എവേ മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ നട്ടെല്ല്. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ ,ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നീ പേസര്‍മാര്‍ ഏത് മൈതാനത്തും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. പേസര്‍മാര്‍ ഒന്നിനൊന്ന് മികച്ചവരായതിനാല്‍ പ്ലേയിങ് 11ലേക്ക് ആരൊക്കെ എത്തുമെന്ന് കണ്ടറിയണം. സിറാജ് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 13 വിക്കറ്റാണ് നേടിയത്. ഓള്‍റൗണ്ട് മികവുമായി ശര്‍ദുല്‍ ഠാക്കൂറുമുണ്ട്. ഇവരില്‍ മിക്കവരും ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ളവരും മികച്ച റെക്കോഡുള്ളവരുമാണ്.

രോഹിത് ശര്‍മയെന്ന ഓപ്പണറുടെ സാന്നിധ്യം
രോഹിത് ശര്‍മ ഇന്ത്യയുടെ സ്ഥിരം ടെസ്റ്റ് ഓപ്പണറെന്ന നിലയിലേക്ക് എത്തിയതിന് ശേഷം ടീമിന്റെ വിജയ കണക്കുകളില്‍ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. രോഹിതിന്റെ ബാറ്റിങ് മികവിലൂടെ ലഭിക്കുന്ന മികച്ച തുടക്കം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കിവീസിന്റെ പേസ് ബൗളര്‍മാര്‍ക്കെതിരേ രോഹിത് നിലയുറപ്പിച്ചാല്‍ ടീമിനത് പ്ലസ് പോയിന്റായിരിക്കും. രോഹിതിന്റെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വളരെയധികം ഉയര്‍ത്തുന്നു. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ടൂര്‍ണമെന്റില്‍ 64.37 ശരാശരിയില്‍ 1030 റണ്‍സ് ഇതിനോടകം തന്നെ രോഹിത് നേടിയിട്ടുണ്ട്. ഈ സ്ഥിരത ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നു.

റിഷഭ് പന്ത് എന്ന ഗെയിം ചെയിഞ്ചര്‍
ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള റിഷഭ് പന്തിനെപ്പോലൊരു താരത്തിന്റെ സേവനം ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നു. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയപ്പോള്‍ റിഷഭിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഇംഗ്ലണ്ടിലെ പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിലും ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ബാറ്റിങ് മികവ് റിഷഭിനുണ്ട്. സമീപകാലത്തായി കൂടുതല്‍ പക്വതയോടെ കളിക്കുന്ന റിഷഭ് മികച്ച ഫോമിലുമാണ്. റിഷഭിനെയാണ് തങ്ങള്‍ ഏറ്റവും ഭയക്കുന്നതെന്ന് കിവീസ് നായകന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.


Click it and Unblock the Notifications