മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരങ്ങള്‍ക്ക് വലിയ മാതൃകയാണ്. കോലി പ്രകടനംകൊണ്ട് മാത്രമല്ല ഫിറ്റ്‌നസിലെ മികവുകൊണ്ടും ലോകക്രിക്കറ്റിന് മാതൃകയാണ്. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021 ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയാണ് ഇന്ത്യന്‍ ടീമിന് മുന്നിലുള്ള അടുത്ത മത്സരങ്ങള്‍. ഇംഗ്ലണ്ട് വേദിയാവുന്ന പരമ്പരയില്‍ രോഹിത്, കോലി എന്നിവരുടെ പ്രകടനത്തില്‍ ഇന്ത്യ വളരെ പ്രതീക്ഷവെക്കുന്നു.
രോഹിതിനൊപ്പം ഇന്ത്യക്കായി ഓപ്പണിങ്ങില്‍ ഇറങ്ങാന്‍ സാധ്യതയുള്ള താരം ശുഭ്മാന്‍ ഗില്ലാണ്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇന്ത്യയുടെ ഓപ്പണര്‍മാരിലൊരാള്‍ രോഹിതായിരുന്നു. ഇപ്പോഴിതാ കോലി, രോഹിത് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ താനടക്കമുള്ള യുവതാരങ്ങള്‍ക്ക് എങ്ങനെയാണ് മാതൃകയാവുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശുഭ്മാന്‍ ഗില്‍.

'വിരാട് ഭായിയോട് സംസാരിക്കുമ്പോള്‍ എപ്പോഴും ഞങ്ങളെ പ്രചോദിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. യുവതാരങ്ങള്‍ ഭയമില്ലാതെ തങ്ങളുടെ ശൈലിയില്‍ മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറയും. കൂടുതലും അദ്ദേഹം പറയുന്നത് എങ്ങനെ മാനസികമായി തയ്യാറെടുക്കണമെന്നാണ്. മാനസികമായി വളരെ നിരാശ തോന്നുന്ന സമയങ്ങളില്‍ അദ്ദേഹത്തോട് സംസാരിക്കും. പ്രചോദിപ്പിക്കാനും ആത്മവിശ്വാസം നല്‍കാനും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സാധിക്കും. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യും'- ഗില്‍ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ചരിത്ര നേട്ടങ്ങള്‍ കോലിയെന്ന നായകന് കീഴിലാണ്. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയതും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ എത്തിനില്‍ക്കുന്നതുമെല്ലാം കോലിയുടെ ക്യാപ്റ്റന്‍സിയുടെ മികവിലാണ്. സീനിയര്‍ താരങ്ങളെയും ജൂനിയര്‍ താരങ്ങളെയും ഒരുപോലെ പരിഗണിക്കുന്ന കോലി ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത നായകനാണ്.
'രോഹിത് ഭായിയുമായി ഓപ്പണ്‍ ചെയ്യുന്നത് മികച്ച അനുഭവമാണ്. ഒരുമിച്ച് കളിക്കുമ്പോള്‍ ഓരോ ബൗളര്‍മാരെക്കുറിച്ചും ചര്‍ച്ചചെയ്യും. അവര്‍ എവിടെ പന്തെറിഞ്ഞ് പുറത്താക്കാനാവും ശ്രമിക്കുക, ഏത് സാഹചര്യത്തിലാണ് സാഹസത്തിന് മുതിരാന്‍ പാടില്ലാത്തത്, എപ്പോഴാണ് ആക്രമിച്ച് കളിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ സംസാരിക്കും'- ശുഭ്മാന്‍ ഗില്‍ പറഞ്ഞു.
വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പര ഗില്ലിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ ഓപ്പണിങ്ങിലേക്ക് അവസരം തേടുന്നുണ്ട്. അതിനാല്‍ത്തന്നെ ഗില്‍ ഫോം ഔട്ടായാല്‍ ഓപ്പണിങ് സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. ടീമില്‍ നിന്ന് പുറത്തായാല്‍ മടങ്ങിവരവ് നിലവിലെ സാഹചര്യത്തില്‍ എളുപ്പമാവില്ല.