മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജൂണ്‍ 18നാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുന്നത്. പ്രമുഖ താരങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിനിറങ്ങുന്നത്.
ഇന്ത്യയെ സംബന്ധിച്ച് മികച്ചൊരു പേസ് ഓള്‍റൗണ്ടറുടെ അഭാവമുണ്ട്. ബെന്‍ സ്‌റ്റോക്‌സിനെ ഇംഗ്ലണ്ട് ഇറക്കുമ്പോള്‍ പകരം ഇന്ത്യയുടെ വജ്രായുധം ഹര്‍ദിക് പാണ്ഡ്യയായിരുന്നു. എന്നാല്‍ പരിക്കേറ്റ ഹര്‍ദിക്കിന് പന്തെറിയാന്‍ സാധിക്കാതെയായതോടെ അദ്ദേഹം ടീമിന് പുറത്താണ്. ഇപ്പോഴിതാ ഹര്‍ദിക്കിന്റെ അഭാവം നികത്താന്‍ ശര്‍ദുല്‍ ഠാക്കൂറിന് സാധിക്കുമെന്നും അവനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കണമെന്നും ആവിശ്യപ്പെട്ടിരിക്കുകയാണ് ശര്‍ദുല്‍ ഠാക്കൂറിന്റെ പരിശീലകനായ ദിനേശ്.
'സമീപകാലത്തായി ശര്‍ദുല്‍ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അവന് അവസരം നല്‍കുമെന്നാണ് പരിശീലകനെന്ന നിലയില്‍ ആഗ്രഹിക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും അവന് തിളങ്ങാനാവും.അവന്‍ ഓള്‍റൗണ്ടര്‍ റോള്‍ കൈകാര്യം ചെയ്താല്‍ ഇന്ത്യക്കും അത് പ്ലസ് പോയിന്റാണ്. ഭാവിയിലേക്കും അവനത് ഗുണം ചെയ്യും.

കാരണം ഇന്ത്യന്‍ ടീമില്‍ നിലവില്‍ മികച്ച പേസ് ഓള്‍റൗണ്ടര്‍മാരില്ല. ഹര്‍ദിക്കായിരുന്നു ആ റോള്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ പരിക്കേറ്റതിനാല്‍ നിലവില്‍ അവന് പന്തെറിയാനാവില്ല. ടീം ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടറെ ആവിശ്യപ്പെടുന്നു. നിലവില്‍ ശര്‍ദുല്‍ മാത്രമാണ് ഇതിന് യോഗ്യനായുള്ളത്. മികച്ച പ്രകടനം നടത്താനായാല്‍ ഈ റോളില്‍ ദീര്‍ഘനാള്‍ മുന്നോട്ട് പോകാനാവും'-ദിനേശ് പറഞ്ഞു.
എന്നാല്‍ നിലവിലെ ടീം ഘടനയില്‍ ശര്‍ദുലിന് ഇടം ലഭിക്കുക പ്രയാസമാണ്. മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍മാരെയും ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയപ്പോള്‍ ശര്‍ദുല്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഗാബയില്‍ ആദ്യ ഇന്നിങ്‌സില്‍ 67 റണ്‍സ് നേടിയ ശര്‍ദുല്‍ ഏഴ് വിക്കറ്റും മത്സരത്തില്‍ നേടിയിരുന്നു.
ശര്‍ദുലിന്റെ ബാറ്റിങ് മികവ് ഇതിനോടകം വ്യക്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നതില്‍ അദ്ദേഹം പിന്നോട്ടാണ്. അതിനാല്‍ത്തന്നെ ശര്‍ദുലിന് അവസരം നല്‍കി സാഹസത്തിന് ഇന്ത്യ തയ്യാറാവുമെന്ന് കരുതുന്നില്ല. സീനിയര്‍ പേസര്‍മാര്‍ക്ക് പരിക്കേറ്റാല്‍ പകരക്കാരനായി ശര്‍ദുലിന് അവസരം ലഭിച്ചേക്കും.