സെവാഗ് ഇന്ത്യക്കായി ചെയ്തത് ആവര്‍ത്തിക്കാന്‍ പൃഥ്വിക്കും കഴിയും- സരന്‍ദീപ് സിങ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്‌സ്മാനായാണ് വീരേന്ദര്‍ സെവാഗിന് വിശേഷിപ്പിക്കുന്നത്. ഏത് ഫോര്‍മാറ്റിലും ഒരേ ശൈലി പിന്തുടരുന്ന സെവാഗ് ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന വിളിപ്പേരില്‍ ക്രിക്കറ്റ് ലോകം ആരാധിച്ച സെവാഗിന്റെ പകരക്കാരനായാണ് പലരും യുവതാരം പൃഥ്വി ഷായെ വിശേഷിപ്പിക്കുന്നത്.
ഏത് ബൗളറേയും കടന്നാക്രമിക്കാനുള്ള മാനസിക ധൈര്യം കാട്ടുന്ന താരമാണവന്‍. 2021ലെ ഐപിഎല്ലില്‍ കെകെആറിന്റെ ശിവം മാവിക്കെതിരേ ഒരോവറിലെ ആറ് പന്തും പൃഥ്വി ബൗണ്ടറി കടത്തിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന താരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോഴിതാ സെവാഗ് ഇന്ത്യക്കായി ചെയ്തത് ആവര്‍ത്തിക്കാന്‍ മികവുള്ള താരമാണ് പൃഥ്വിയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സരന്‍ദീപ് സിങ്.

'സെവാഗ് ഇന്ത്യക്കായി ചെയ്തത് ആവര്‍ത്തിക്കാനുള്ള കഴിവുള്ള താരമാണവന്‍. അവന്റെ കരിയറിന്റെ തുടക്കത്തില്‍ത്തന്നെ അവനെ ഇങ്ങനെ പുറത്തിരുത്താനാവില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ നിരവധി റണ്‍സ് നേടിയിട്ടുള്ള താരമാണവന്‍. ഇപ്പോള്‍ അവന്റെ ടെക്‌നിക്കുകളിലെ പിഴവുകളും ശരിയാക്കിയിരിക്കുന്നു. അവന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ എത്ര മികച്ച രീതിയിലാണ് കളിച്ചതെന്ന് നോക്കുക'-സരന്‍ദീപ് സിങ് പറഞ്ഞു.
അവസാന അഞ്ച് ടെസ്റ്റ് മത്സരങ്ങളിലെ ശരാശരി നോക്കുമ്പോള്‍ ഏറ്റവും മുന്നില്‍ പൃഥ്വിയാണ്. 42.37 ആണ് അദ്ദേഹത്തിന്റെ ശരാശരി. മായങ്ക് അഗര്‍വാളിന് 18,ശുഭ്മാന്‍ ഗില്ലിന് 27.13,കെഎല്‍ രാഹുലിന് 17.56 എന്നിങ്ങനെയാണ് ശരാശരി. ഇവരെയെല്ലാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ട് പരമ്പരയ്ക്കുമായുള്ള ടീമിലേക്ക് പരിഗണിച്ചെങ്കിലും പൃഥ്വിക്ക് മാത്രം അവസരം നല്‍കിയില്ല. മികച്ച ഫോമിലുണ്ടായിട്ടും പൃഥ്വിക്ക് അവസരം നല്‍കിയില്ല.
'സെലക്ടര്‍മാര്‍ ഹര്‍ദിക്കിന് അവസരം നല്‍കാത്തതിന്റെ കാരണം മനസിലാക്കാം. ശസ്ത്രക്രിയക്ക് ശേഷം തുടര്‍ച്ചയായി പന്തെറിയാന്‍ അവന് സാധിക്കുന്നില്ല. അവന് ഏകദിനത്തില്‍ 10 ഓവറും ടി20യില്‍ നാല് ഓവറും എറിയാന്‍ സാധിച്ചാല്‍ മാത്രമെ പരിമിത ഓവറിലെ പ്ലേയിങ് 11ലേക്ക് എത്താനാവു. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രം അവനെ പരിഗണിക്കാനാവില്ല'-സരന്‍ദീപ് കൂട്ടിച്ചേര്‍ത്തു. ഇത്തവണത്തെ ഐപിഎല്ലിലും ഹര്‍ദിക്കിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications