മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര എന്നിവയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇംഗ്ലണ്ടില്‍ നടക്കുന്ന പരമ്പരയ്ക്കായി ജൂണ്‍ 2ന് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ഏറ്റവും ശക്തമായ താരനിരയുമായാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ പരിക്കേറ്റാല്‍ പകരം താരങ്ങളെ നാട്ടില്‍ നിന്ന് എത്തിക്കുക എളുപ്പമല്ല. അതിനാല്‍ പ്രമുഖരെല്ലാം ഇന്ത്യന്‍ നിരയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വിക്കറ്റ് കീപ്പറായി പ്രമുഖ പരിഗണന റിഷഭ് പന്തിന് തന്നെയാവും ലഭിക്കുക. നേരത്തെ ഇംഗ്ലണ്ടില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള റിഷഭ് ഓസ്‌ട്രേലിയയിലെ ഗാബയില്‍ ഇന്ത്യ ചരിത്ര ജയം നേടിയപ്പോള്‍ കളിയിലെ താരവുമായിരുന്നു. വിക്കറ്റിന് പിന്നില്‍ സമീപകാലത്തായി ഗംഭീര പ്രകടനം നടത്തുന്നതിനാല്‍ വൃദ്ധിമാന്‍ സാഹയേക്കാള്‍ മുന്‍ഗുണന റിഷഭിന് ലഭിക്കും. ഇക്കാര്യം സാഹ തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കുമെന്നാണ് സാഹ പറഞ്ഞത്.

'ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരങ്ങളിലെല്ലാം റിഷഭ് വിക്കറ്റ് കീപ്പറായി കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അതിനാല്‍ ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കും.എന്തെങ്കിലും അവസരം ലഭിക്കുന്നതിനായി ഞാന്‍ കാത്തിരിക്കും. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ചെയ്യും. ആ അവസരത്തിനായി ഞാന്‍ കഠിന പരിശീലനം തുടരും'-സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാഹ പറഞ്ഞു.
നിലവില്‍ വിക്കറ്റ് കീപ്പിങ്ങിലെ മികവ് നോക്കുമ്പോള്‍ സാഹയാണ് കേമന്‍. എന്നാല്‍ ബാറ്റിങ് കരുത്തുകൊണ്ട് ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ് റിഷഭ്. ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ റിഷഭിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് കഴിയും. മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കാന്‍ അവന്‍ മിടുക്കനാണ്. ഈ ബാറ്റിങ് മികവാണ് റിഷഭിന് സാഹയേക്കാള്‍ ടീമില്‍ പരിഗണന ലഭിക്കാന്‍ കാരണം.
ഐപിഎല്ലിന്റെ 14ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു വൃദ്ധിമാന്‍ സാഹ. ടൂര്‍ണമെന്റിനിടെ കോവിഡ് ബാധിച്ചവരില്‍ ഒരാള്‍ സാഹയാണ്. വിശ്രമത്തിലായിരുന്ന താരത്തിന്റെ അവസാന രണ്ട് കോവിഡ് ഫലവും നെഗറ്റീവായതിനാലാണ് ഇംഗ്ലണ്ട് പരമ്പരയിലേക്ക് അദ്ദേഹത്തെയും പരിഗണിച്ചത്. റിഷഭിന് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ അടുത്ത അവസരം സീനിയര്‍ താരം സാഹയ്ക്കായിരിക്കും.