സതാംപ്റ്റന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 18ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടാണ് മത്സരവേദി. ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളികളേറെയാണ്. ഐപിഎല്‍ പാതിവഴിയില്‍ നിന്നതിനാല്‍ കളത്തില്‍ നിന്ന് ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഇത്തരമൊരു നിര്‍ണ്ണായക പോരാട്ടത്തിനിറങ്ങുന്നത്.
ഇംഗ്ലണ്ടിലെ പേസ് സാഹചര്യത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനം നിര്‍ണ്ണായകമാണ്. മികച്ച ബൗളിങ് നിര ഇന്ത്യക്കൊപ്പമുണ്ട്. ഇതിനോടകം മുന്‍ താരങ്ങളടക്കം പല പ്രമുഖരും ടൂര്‍ണമെന്റിലെ വിജയികളെ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.ഇപ്പോഴിതാ ഐപിഎല്‍ റദ്ദാക്കിയതിനാല്‍ കൂടുതല്‍ മികച്ച മുന്നൊരുക്കത്തോടെയാവും ഇന്ത്യ ഫൈനലിനിറങ്ങുകയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ന്യൂസീലന്‍ഡ് സീനിയര്‍ താരം റോസ് ടെയ്‌ലര്‍.

'ഇംഗ്ലണ്ടില്‍ രണ്ട് മത്സരം കളിക്കുന്നതിനെക്കാള്‍ മികച്ച മുന്നൊരുക്കത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. എന്നാല്‍ ആ പരമ്പര അവസാനിക്കുന്ന ദിവസം ഇതൊരു നൂട്രല്‍ വേദിയായി മാറും. ഇന്ത്യയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഐപിഎല്‍ നടന്നിരുന്നെങ്കില്‍ ടെസ്റ്റിന് മുന്നൊരുക്കം നടത്താന്‍ കുറച്ച് സമയമേ ലഭിക്കുമായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ മികച്ച മുന്നൊരുക്കം നടത്താനുള്ള സമയം ലഭിക്കുന്നു. അവരുടെ ബൗളര്‍മാര്‍ക്ക് കൂടുതല്‍ താളം കണ്ടെത്താന്‍ സഹായിക്കുന്നു. ഇംഗ്ലണ്ടിനെതിരേ രണ്ട് മത്സരം കളിക്കുന്നത് ഞങ്ങള്‍ക്ക് അല്‍പ്പം മുന്‍തൂക്കം നല്‍കും. എന്നാല്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടീമാണ് ഇന്ത്യ. ഇംഗ്ലണ്ടില്‍ മികച്ച റെക്കോഡും അവര്‍ക്കുണ്ട്'-ടെയ്‌ലര്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നാട്ടില്‍ ക്വാറന്റെയ്‌നിലാണ്. എട്ട് ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 2നാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നത്. ഇംഗ്ലണ്ടില്‍ മൂന്ന് ദിവസത്തെ ക്വാറന്റെയ്‌ന് ശേഷമാണ് ഇന്ത്യക്ക് പരിശീലനം ആരംഭിക്കാന്‍ കഴിയുന്നത്. ജൂണ്‍18നാണ് ഫൈനലെന്നതിനാല്‍ 12 ദിവസത്തോളം പരിശീലനത്തിന് ഇന്ത്യക്ക് സമയം ലഭിക്കും. എന്നാല്‍ ഐപിഎല്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രയും ദിവസം പോലും ഇന്ത്യക്ക് പരിശീലനത്തിന് ലഭിക്കില്ലായിരുന്നു.
രോഹിത് ശര്‍മ,വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത് എന്നിവരെല്ലാം ബാറ്റിങ്ങില്‍ കരുത്ത് പകരുമ്പോള്‍ മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്,മുഹമ്മദ് സിറാജ് എന്നീ മികച്ച പേസര്‍മാരും അശ്വിന്‍,ജഡേജ,അക്ഷര്‍ എന്നീ മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരും ഇന്ത്യക്കൊപ്പമുണ്ട്. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസീലന്‍ഡിലും മികച്ച താരനിരയുള്ളതിനാല്‍ മികച്ച പോരാട്ടം തന്നെ ഫൈനലില്‍ പ്രതീക്ഷിക്കാം.