സതാംപ്റ്റന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.ജൂണ്‍ 18ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ജയം ആര്‍ക്കെന്നത് പ്രവചിക്കുക അസാധ്യം. ന്യൂസീലന്‍ഡിനെ കെയ്ന്‍ വില്യംസണ്‍ നയിക്കുമ്പോള്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യയുടെ വരവ്. ഇരു ടീമിലും നിരവധി പ്രതിഭാശാലികള്‍ ഉള്ളതിനാല്‍ മികച്ച പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോഴിതാ കോലിയും വില്യംസണും ലോകോത്തര താരങ്ങളായതിനാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആര് നേടുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ റിച്ചാര്‍ഡ് ഹാഡ്‌ലി. ടെസ്റ്റ് ക്രിക്കറ്റിനെ ഇന്ത്യ വലിയ ഉന്നതിയിലെത്തിച്ചെന്നും കോലിയില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

'വിരാട് കോലി ക്രിക്കറ്റിനെ വളരെ സ്‌നേഹിക്കുന്ന താരമാണ്. ടീമിനെ ജയിപ്പിക്കണമെന്ന അടങ്ങാത്ത ആഗ്രഹം അവനുണ്ട്. അഭിമാനിക്കാവുന്ന നേട്ടങ്ങളുള്ള ലോകോത്തര താരമാണവന്‍. വലിയ പ്രതീക്ഷയാണ് അവനിലുള്ളത്. അതിന്റെ സമ്മര്‍ദ്ദവും കോലിക്കുണ്ട്.'-ഹാഡ്‌ലി പറഞ്ഞു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കോലിയില്‍ വളരെ പ്രതീക്ഷവെക്കുന്നുണ്ട്. 2019 സെപ്തംബറിന് ശേഷം സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ല. അതിനാല്‍ത്തന്നെ ഇത്തവണ ഈ കാത്തിരിപ്പ് കോലി വിരാമമിടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും അദ്ദേഹം പ്രശംസിച്ചു. 'ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ ടീമാണ് ഇന്ത്യ. വലിയ വരുമാനം ഇന്ത്യ ഉണ്ടാക്കുന്നുണ്ടെന്നതില്‍ സംശയമില്ല. ഇന്ത്യയില്ലാത്ത ലോക ക്രിക്കറ്റ് ടീമിനെക്കുറിച്ച് ചിന്തിക്കാനാവില്ല. ടെസ്റ്റ് ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക സംഭാവനകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ആദ്യം കളി തോറ്റെങ്കിലും ശക്തമായ തിരിച്ചുവരവാണ് ടീം നടത്തിയത്. മികച്ച യുവതാരസമ്പത്ത് ഇന്ത്യക്കുണ്ട്'-ഹാഡ്‌ലി പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരു ടീമിനും മുന്‍തൂക്കം അവകാശപ്പെടാനാവില്ല. നിഷ്പക്ഷ വേദിയായതിനാല്‍ സാഹചര്യങ്ങളെ വേഗത്തില്‍ മനസിലാക്കുകയും പൊരുത്തപ്പെടുകയും ചെയ്യുന്ന ടീം ജയിക്കും. ഡ്യൂക്ക് ബോള്‍ പേസര്‍മാരെ സഹായിക്കും. സ്വിങ് ബോള്‍ ചെയ്യുന്ന സൗത്തിക്കും ബോള്‍ട്ടിനുമെല്ലാം അത് ഗുണകരമാവും.പിച്ചിന് ടേണുണ്ടെങ്കില്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് മുമ്പ് ന്യൂസീലന്‍ഡ് ടീം ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഇത് കിവീസ് നിരയ്ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ വേഗത്തില്‍ സഹായിക്കും. ഐപിഎല്‍ നിന്നുപോയതിനാല്‍ ക്വാറന്റെയ്‌ന് ശേഷം ക്രിക്കറ്റ് കളിയില്‍ ഇടവേളയെടുത്താണ് ഇന്ത്യന്‍ ടീം എത്തുന്നത്. ഇത് തിരിച്ചടിയായേക്കും.