WTC 2021 Final: ഇന്ത്യയെ ന്യൂസീലന്‍ഡ് തോല്‍പ്പിക്കും? വെറുതെ പറയുന്നതല്ല, മൂന്ന് കാരണങ്ങളിതാ
സതാംപ്റ്റണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പോരാട്ടത്തിനായുള്ള മുന്നൊരുക്കത്തിലേക്ക് കടക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഒന്നാം നമ്പര്‍ ടീമായി ഇറങ്ങുന്ന ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള നിരയാണ് ന്യൂസീലന്‍ഡ്. ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പയും ഇന്ത്യ കളിക്കുന്നുണ്ട്. ഈ മാസം 25ന് ബയോബബിള്‍ സുരക്ഷയിലേക്ക് കടക്കുന്ന ഇന്ത്യ ജൂണ്‍ രണ്ടിനാണ് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യക്കെതിരേ മുന്‍തൂക്കം കിവീസ് നിരക്കുണ്ട്. വെറുതെ പറയുന്നതല്ല,മൂന്ന് കാരണങ്ങളിതാ.

പിച്ചിന്റെ സാഹചര്യം കിവീസിന് അനുകൂലം
ഇംഗ്ലണ്ടിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. വേഗത്തെ തുണയ്ക്കുന്ന പിച്ച് ന്യൂസീലന്‍ഡിലെ സാഹചര്യങ്ങളോട് സാമ്യമുള്ളതാണ്. അതിനാല്‍ത്തന്നെ വേഗ മൈതാനത്തില്‍ കളിച്ച് കൂടുതല്‍ അനുഭവസമ്പത്ത് കിവീസിനുണ്ട്. എന്നാല്‍ സ്പിന്‍ മൈതാനങ്ങളില്‍ കളിച്ചെത്തുന്ന ഇന്ത്യക്ക് വേഗപിച്ചുകളില്‍ കാലിടറുന്നത് പല തവണ ക്രിക്കറ്റ് ലോകം കണ്ടതാണ്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ നടത്തിയ ഗംഭീര പ്രകടനം കിവീസിന്റെ ചങ്കിടിപ്പേറ്റും. ഓസ്‌ട്രേലിയയുടെ കുത്തകയായ,പേസ് ബൗളര്‍മാര്‍ അടക്കിഭരിക്കുന്ന ഗാബയില്‍ വിജയം നേടിയ ടീമാണ് ഇന്ത്യ. നിലവിലെ പിച്ചിന്റെ പേസ് സ്വഭാവം പരിഗണിക്കുമ്പോള്‍ പരിചയസമ്പത്തിന്റെ കരുത്തില്‍ മുന്‍തൂക്കം ന്യൂസീലന്‍ഡിനാണ്.

പൊരുത്തപ്പെടാന്‍ ഇന്ത്യക്ക് സമയം വേണം
വിദേശ പര്യടനങ്ങളിലെ ആദ്യ മത്സരങ്ങളില്‍ പലപ്പോഴും ഇന്ത്യ തോല്‍ക്കുന്നത് ഒരു ശീലമാണ്.ഇന്ത്യയില്‍ നിന്നെത്തിയ ശേഷം അവിടുത്തെ പിച്ചുമായി പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ താരങ്ങള്‍ അല്‍പ്പം സമയമെടുക്കാറുണ്ട്. ഇത് ഇന്ത്യക്ക് തിരിച്ചടിയായേക്കും. ഓസ്‌ട്രേലിയ,ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക,ന്യൂസീലന്‍ഡ് എന്നിവടങ്ങളിലൊന്നും 2009ന് ശേഷം ഇന്ത്യ ആദ്യ മത്സരം ജയിച്ചിട്ടില്ല. കൂടാതെ ഇംഗ്ലണ്ടില്‍ ഇന്ത്യ അവസാനം കളിച്ച് 2018ലാണ്. അഞ്ച് മത്സര പരമ്പര 4-1ന് അന്ന് ഇംഗ്ലണ്ടാണ് ജയിച്ചത്. ഇതൊക്കെ പരിഗണിക്കുമ്പോള്‍ സാഹചര്യം ഇന്ത്യക്ക് അനുകൂലമല്ലെന്ന് വ്യക്തം.

ന്യൂസീലന്‍ഡിന് കൂടുതല്‍ പരിശീലനം ലഭിക്കും
ഐപിഎല്‍ പാതിവഴിയില്‍ നിന്നതോടെ ഇന്ത്യന്‍ താരങ്ങളെല്ലാം വീട്ടിലാണ്. ഈ മാസം 25ന് ക്വാറന്റെയ്‌നില്‍ പ്രവേശിക്കുന്ന ഇന്ത്യ ജൂണ്‍ രണ്ടിനാണ് ഇംഗ്ലണ്ടിലേക്ക് പോവുക. അവിടെയെത്തിയ ശേഷം മാത്രെമെ ഇന്ത്യക്ക് പരിശീലനം ആരംഭിക്കാനാവു. എന്നാല്‍ നിലവില്‍ ഇതിനോടകം കിവീസ് ടീം പരിശീലന മത്സരം കളിക്കുന്നുണ്ട്. ഫൈനലിന് മുമ്പായും കിവീസിന് പരിശീലന മത്സരം ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ സൗകര്യം ഇന്ത്യക്ക് ലഭിക്കില്ല. അതിനാല്‍ത്തന്നെ ഫോം നിലനിര്‍ത്തി കലാശപ്പോരാട്ടത്തിനിറങ്ങാന്‍ ന്യൂസീലന്‍ഡ് താരങ്ങള്‍ക്ക് സാധിക്കുമ്പോള്‍ ഇന്ത്യക്ക് നെറ്റ്‌സ് പരിശീലനംകൊണ്ട് തൃപ്തിപ്പെടേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications