ന്യൂഡല്‍ഹി: ഐസിസി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഈ മാസം 18ന് ആരംഭിക്കുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തില്‍ നിലവിലെ ഫോമും ഇംഗ്ലണ്ടിലെ പരിചയസമ്പത്തും ന്യൂസീലന്‍ഡിനാണ്. എന്നാല്‍ കരുത്തുറ്റ താരനിരയുള്ള ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
രോഹിത് ശര്‍മ,വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഇതില്‍ നായകന്‍ വിരാട് കോലിക്ക് നിര്‍ണ്ണായക റോളുണ്ട്. 2018ലെ മികച്ച പ്രകടനം ഇത്തവണ അദ്ദേഹത്തിന് ആവര്‍ത്തിക്കാനാവുമോയെന്നത് കണ്ടറിയണം. ഇപ്പോഴിതാ ന്യൂസീലന്‍ഡിന്റെ വ്യത്യസ്തമായ പേസ് ബൗളിങ് കോലിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍.

'2018ല്‍ രണ്ട് സെഞ്ച്വറികള്‍ നേടാന്‍ സാധിച്ചതെങ്ങനെയെന്ന് ആലോചിക്കാന്‍ കോലിക്ക് അല്‍പ്പം സമയം നല്‍കണം. ഇത്തവണ ന്യൂസീലന്‍ഡിന്റെ വ്യത്യസ്തമായ പേസര്‍മാരാണ് ന്യൂസീലന്‍ഡിന് മുന്നിലുള്ള വെല്ലുവിളി. അവര്‍ ഒരു രീതിയില്‍ മാത്രം പന്തെറിയുന്നവരുടെ കൂട്ടമല്ല'-പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്,മാറ്റ് ഹെന്റി,നീല്‍ വാഗ്നര്‍,കെയ്ല്‍ ജാമിസന്‍ എന്നിവരെല്ലാമാണ് കിവീസിന്റെ പ്രധാന പേസര്‍മാര്‍. ഇവരെല്ലാം മികച്ച ഫോമിലുമാണ്.
2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ വിരാട് കോലി തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. അഞ്ച് ടെസ്റ്റില്‍ നിന്ന് 13.4 ശരാശരിയില്‍ 134 റണ്‍സാണ് അദ്ദേഹം നേടിയത്. അന്ന് വലിയ വിമര്‍ശനങ്ങള്‍ കോലി ഏറ്റുവാങ്ങുകയും ചെയ്തു. എന്നാല്‍ 2018ലെ പര്യടനത്തില്‍ അദ്ദേഹം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.59.30 ശരാശരിയില്‍ നേടിയത് 593 റണ്‍സ്. ഇതില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും.
സമീപകാലത്തായി കോലി ശരാശരി നിലനിര്‍ത്തി കളിക്കുന്നുണ്ടെങ്കിലും വലിയ സ്‌കോര്‍ നേടുന്നതില്‍ പരാജയമാണ്. 2019 സെപ്തംബറിന് ശേഷം ഒരു മത്സരത്തില്‍ പോലും അദ്ദേഹം സെഞ്ച്വറി നേടിയിട്ടില്ല. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികള്‍ നേടി ആരാധകരെ ഞെട്ടിച്ചിരുന്ന കോലിക്ക് ഇപ്പോള്‍ പഴയ മികവിലേക്ക് ഉയരാനാവുന്നില്ലെന്നതാണ് വാസ്തവം.
'കോലി ക്ഷമ കാട്ടുമെന്നാണ് കരുതുന്നത്. നിരവധി ബോളുകള്‍ ഒഴിവാക്കേണ്ടി വരും.പിച്ചിന്റെ ലൈനും ലെങ്തും മനസിലാക്കിയാല്‍ മാത്രമെ അവന് സ്‌കോര്‍ നേടാനാവു. നന്നായി ക്ഷമ വേണ്ടിവരുമെന്ന് അവനറിയാം. 2014ല്‍ അവന് വലിയ സ്‌കോര്‍ നേടാനായില്ല. തിരിച്ചെത്തി സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം സമയം ചിലവിട്ട് 2018ലെ പര്യടനത്തില്‍ നിരവധി റണ്‍സ് നേടി'-പാര്‍ഥിവ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.