കറാച്ചി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കാന്‍ ഇനി വെറും മൂന്ന് നാള്. ഈ മാസം 18നാണ് ഇന്ത്യ-ന്യൂസീലന്‍ഡ് ഫൈനല്‍. ഇരു ടീമും ഒന്നിനൊന്ന് മികച്ചതായതിനാല്‍ ഫൈനലില്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് ടെസ്റ്റ് പരമ്പര നേടി ഫൈനലിനിറങ്ങുന്ന ന്യൂസീലന്‍ഡിന് ഇന്ത്യക്കെതിരേ വ്യക്തമായ മുന്‍തൂക്കമുണ്ട്.
എന്നാല്‍ ഓസ്ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര നേടിയ വിരാട് കോലിയും സംഘവും എളുപ്പത്തില്‍ കീഴടങ്ങുന്നവരല്ല. ചേതേശ്വര്‍ പുജാര, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ തുടങ്ങിയ മികച്ച ബാറ്റിങ് നിരയും ഇഷാന്ത്, ബുംറ, ഷമി, ഉമേഷ്, സിറാജ് തുടങ്ങിയ ഗംഭീര പേസ് നിരയും ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ ഫൈനലിലെ ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങള്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പാകിസ്താന് സ്പിന്നര്‍ ഡാനിഷ് കനേരിയ.
'ഏറ്റവും മൂല്യമേറിയ താരങ്ങളായി എനിക്ക് തോന്നുന്നത് രവീന്ദ്ര ജഡേജയേയും റിഷഭ് പന്തിനെയുമാണ്. ഇരുവരും ടീമിന്റെ രക്ഷകരാണ്. ടോപ് ഓഡര്‍ തകര്‍ന്നാലും മധ്യനിര തകര്‍ന്നാലും ഫിനിഷിങ് ലൈനിലേക്ക് മത്സരത്തെ എത്തിക്കാന്‍ ഇവര്‍ക്കാവും'-കനേരിയ പറഞ്ഞു. ഇന്ത്യയുടെ ടീം തിരിഞ്ഞുള്ള പരിശീലന മത്സരത്തില്‍ ഇരുവരും ഗംഭീര പ്രകടനമാണ് നടത്തിയത്. റിഷഭ് സെഞ്ച്വറിയും ജഡേജ അര്‍ധ സെഞ്ച്വറിയും നേടി.
ന്യൂസീലന്‍ഡിലെ താരങ്ങളെക്കുറിച്ചും കനേരിയ അഭിപ്രായം പങ്കുവെച്ചു. 'ന്യൂസീലന്‍ഡ് ബാറ്റിങ്ങില്‍ നായകന് കെയ്ന്‍ വില്യംസണാണ് ഒന്നാം നമ്പര്‍ ബാറ്റ്സ്മാന്. എന്നാല്‍ കൈമുട്ടിനേറ്റ പരിക്ക് തിരിച്ചടിയായേക്കും.ഫൈനലില്‍ വില്യംസണ് പൂര്‍ണ്ണ ഫിറ്റ്നസോടെ കളിക്കാനാവുമോയെന്ന് കണ്ടറിയണം. ഡെവോണ്‍ കോണ്‍വെ മികച്ച ഫോമിലാണ്. ന്യൂസീലന്‍ഡിന്റെ നിര്‍ണ്ണായക താരമായി കോണ്‍വേയേയും ട്രന്റ് ബോള്ട്ടിനെയുമാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത് '-കനേരിയ പറഞ്ഞു.
ഫൈനലിലെ എക്സ് ഫാക്ടര്‍ റിഷഭ് പന്താണെന്നും കനേരിയ അഭിപ്രായപ്പെട്ടു. അവന് എതിരാളികള്‍ക്ക് വലിയ തലവേദന ഉണ്ടാക്കും. രോഹിത് ശര്‍മ,വിരാട് കോലി,രവീന്ദ്ര ജഡേജ എന്നിവരെയും ന്യൂസീലന്‍ഡ് കരുതി ഇരിക്കണം. എങ്കിലും റിഷഭാണ് ഏറ്റവും നിര്‍ണ്ണായകം. കുറച്ച് മാസങ്ങളായി വളരെ സ്ഥിരതയോടെയാണവന് കളിക്കുന്നത്. റിഷഭ് തിളങ്ങിയാല്‍ ഇന്ത്യയുടെ കിരീട സാധ്യതയും ഉയരുമെന്ന് കനേരിയ അഭിപ്രായപ്പെട്ടു.
പിച്ചിന്റെ സ്വഭാവത്തെക്കുറിച്ചും കനേരിയ പറഞ്ഞു. തന്റെ പരിചയസമ്പത്ത് വെച്ച് പറഞ്ഞാല്‍ മൂന്നാം ദിവസം മുതല്‍ പിച്ചില്‍ ടേണ്‍ ലഭിക്കും. ബൗളിങ്ങില്‍ ജഡേജ കൂടുതല്‍ തിളങ്ങും. ബാറ്റിങ്ങില്‍ രോഹിത് ശര്‍മ തിളങ്ങാനും സാധ്യതയുണ്ടെന്ന് കനേരിയ കൂട്ടിച്ചേര്‍ത്തു.