സതാംപ്റ്റണ്: പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ നേരിടാനുള്ള ന്യൂസീലന്‍ഡ് ടീം തയ്യാര്‍. 15 അംഗ ടീമിനെയാണ് ന്യൂസീലന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ സര്‍പ്രൈസുകളൊന്നുമില്ലാത്ത ടീമില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്നറിന് ഇടം ലഭിച്ചില്ല. പകരം ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങിയ അജാസ് പട്ടേലിനാണ് അവസരം നല്‍കിയത്.
കോളിന് ഡി ഗ്രാന്റ്ഹോമടക്കം ആറ് പേസര്‍മാരെയാണ് ന്യൂസീലന്‍ഡ് ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ ഇന്ത്യക്കെതിരേ ടീമിന്റെ പദ്ധതികള്‍ വ്യക്തം. നാല് പേസറെയും ഒരു സ്പിന്നറെയും പരിഗണിച്ച് ന്യൂസീലന്‍ഡ് കലാശപ്പോരാട്ടത്തിനിറങ്ങാനാണ് സാധ്യത. ഫൈനലില്‍ ഒരു മത്സരം മാത്രമുള്ളതിനാല്‍ ഏറ്റവും മികച്ച ടീമിനെത്തന്നെയാവും ഇരു കൂട്ടരും കളത്തിലിറക്കുക.
ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റം കുറിച്ച ഡെവോണ്‍ കോണ്‍വെയും ടീമില്‍ സ്ഥാനം പിടിച്ചു. ക്യാപ്റ്റന്‍ സ്ഥാനത്ത് കെയ്ന്‍ വില്യംസണ് തന്നെയാണുള്ളത്. കൈമുട്ടിന് പരിക്കേറ്റ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് കളിക്കാതിരുന്ന കെയ്ന്‍ വില്യംസണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുമോയെന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. വില്യംസണ് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ടോം ലാദമാവും ന്യൂസീലന്‍ഡിനെ ഫൈനലില്‍ നയിക്കുക.
ബൗളിങ്ങില്‍ ടിം സൗത്തിയുടെയും ട്രന്റ് ബോള്‍ട്ടിന്റെയും സ്വിങ് ബൗളുകള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. ടിം സൗത്തി ഇന്ത്യന്‍ നായകന് വിരാട് കോലി 10 തവണ പുറത്താക്കിയിട്ടുണ്ട്. ട്രന്റ് ബോള്‍ട്ടും നീല്‍ വാഗ്നറും കോലിയെ മൂന്ന് തവണ വീതം ടെസ്റ്റില്‍ പുറത്താക്കിയിട്ടുണ്ട്. കെയ്ല്‍ ജാമിസനും പേസ് നിരയില്‍ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മാറ്റ് ഹെന്റിക്ക് പുറത്തിരിക്കേണ്ടി വരും.
ഇംഗ്ലണ്ടിനെതിരേ പരമ്പര നേടിയപ്പോള്‍ ന്യൂസീലന്‍ഡിന്റെ ബൗളിങ് നിരയുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്. ബാറ്റിങ് നിരയിലാണ് ആശങ്കയുള്ളത്. ടോം ലാദത്തിന് ഇംഗ്ലണ്ട് പരമ്പരയില്‍ ഫോം കണ്ടെത്താനായിരുന്നില്ല. വില്യംസണിന് പരിക്ക് തിരിച്ചടി നല്കുന്നു. റോസ് ടെയ്ലര്, ഹെന്റി നിക്കോള്‍സ്, വില്‍ യങ്, ബിജെ വാട്ടലിങ്, ടോം ബ്ലന്‍ഡല്‍ എന്നിവരെല്ലാം തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. നിലവിലെ ഫോം വിലയിരുത്തി പ്ലേയിങ് 11 തിരഞ്ഞെടുക്കുക ന്യൂസീലന്‍ഡിനെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്.
ന്യൂസീലന്‍ഡ് 15 അംഗ ടീം: ടോം ലാദം, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്, റോസ് ടെയ്ലര്, ഹെന് റി നിക്കോള്‍സ്, വില്‍ യങ്, ബിജെ വാട്ട്ലിങ്, ടോം ബ്ലന്‍ഡല്‍, കോളിന് ഡി ഗ്രാന്റ്ഹോം, കെയ്ല്‍ ജാമിസന്, ടിം സൗത്തി, നീല്‍ വാഗ്നര്‍, അജാസ് പട്ടേല്‍, ട്രന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി.