മുംബൈ: ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂണ്‍ 18ന് സതാംപ്റ്റണിലാണ് മത്സരം. ഇംഗ്ലണ്ടിനെ പിച്ചില്‍ പരിശീലന മത്സരം ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇംഗ്ലണ്ട് പര്യടനത്തിലെ ഇന്ത്യയുടെ ആദ്യ മത്സര ഫലങ്ങള്‍ മിക്ക സമയങ്ങളിലും അനുകൂലമായിരുന്നില്ല.
കൂടാതെ ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസീലന്‍ഡ് എന്നും ഇന്ത്യക്ക് തലവേദന സൃഷ്ടിച്ച നിരയാണ്. 2019ലെ ഏകദിന ലോകകപ്പില്‍ ഗംഭീര പ്രകടനവുമായി കിരീടം ഉറപ്പിച്ച് മുന്നേറിയ ഇന്ത്യയെ സെമിയില്‍ പുറത്താക്കിയതും ന്യൂസീലന്‍ഡായിരുന്നു. 2003ലെ ലോകകപ്പിലാണ് അവസാനമായി ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസീലന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചത്.
ഇപ്പോഴിതാ തങ്ങളുടെ കാലത്തിന് ശേഷം പ്രധാന മത്സരങ്ങളില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. 'ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ സാധിച്ച അവസാന നിര ഞങ്ങളുടെ പഴയനിരയുടേത് ആണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. നിലവിലെ ഇന്ത്യന്‍ ടീമിന് ഈ തോല്‍വികള്‍ക്ക് അവസാനം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു'-കൈഫ് പ്രതികരിച്ചു.

ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ റിപ്പോര്‍ട്ടിന് താഴെയാണ് കൈഫ് തന്റെ പ്രതികരണം വ്യക്തമാക്കിയത്. 2003ലെ ലോകകപ്പില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ കൈഫായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡിനെ 45.1 ഓവറില്‍ 146 റണ്‍സിന് ഇന്ത്യ കൂടാരം കയറ്റി. സഹീര്‍ ഖാന്‍ 42 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് വീഴ്ത്തിയത്. ഇന്ത്യക്കായി കൈഫും (68*) ദ്രാവിഡും (53*) അര്‍ധ സെഞ്ച്വറി നേടി.
ഇതിന് ശേഷം നേരിട്ടപ്പോഴേല്ലാം ന്യൂസീലന്‍ഡിന് തന്നെയായിരുന്നു ആധിപത്യം. അവസാനമായി ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. അതിന് പകരം വീട്ടാന്‍ ഇന്ത്യന്‍ നിര ആഗ്രഹിക്കുന്നുണ്ടെങ്കിലും വില്യംസണിന് കീഴിലുള്ള കിവീസ് ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെ ഉയര്‍ത്തും.
ടിം സൗത്തി, ട്രന്റ് ബോള്‍ട്ട്, നെയ്ല്‍ വാഗ്നര്‍, ലോക്കി ഫെര്‍ഗൂസന്‍, കെയ്ല്‍ ജാമിസന്‍ തുടങ്ങിയ മികച്ച പേസ് നിരയും വില്യംസണ്‍, ടോം ലാദം, റോസ് ടെയ്‌ലര്‍ തുടങ്ങിയ പ്രതിഭാശാലികളായ ബാറ്റ്‌സ്മാന്‍മാരും അവര്‍ക്കുണ്ട്. ഇത്തവണ ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നതും താരനിരയാണ്. രോഹിത്, കോലി, പുജാര, രഹാനെ, റിഷഭ് എന്നിവര്‍ ബാറ്റിങ്ങിന് കരുത്ത് പകരും.
ഇഷാന്ത്, ഷമി, ഉമേഷ്, സിറാജ്, ബുംറ എന്നീ പേസര്‍മാരും അശ്വിന്‍, ജഡേജ, അക്ഷര്‍, സുന്ദര്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരും ഇന്ത്യക്കൊപ്പമുണ്ട്. വാശിയേറിയ പോരാട്ടം ഫൈനലില്‍ നടക്കുമെന്ന കാര്യം ഉറപ്പാണ്.