വെല്ലിങ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും ന്യൂസീലന്‍ഡും. ജൂണ്‍ 18ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇരു ടീമിലും മികച്ച താരനിരയുണ്ട്. സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടുന്ന ടീമിനൊപ്പമാവും ജയം. ഫൈനലില്‍ ഒരു മത്സരം മാത്രമാണുള്ളതെന്നതിനാല്‍ത്തന്നെ ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളിയാണ്. ബാറ്റിങ് നിരയുടെ പ്രകടനമാവും ഇന്ത്യക്ക് നിര്‍ണ്ണായകമാവുക.
ഓപ്പണര്‍ റോളില്‍ രോഹിത് ശര്‍മ സ്ഥാനം ഉറപ്പിക്കും. 1030 റണ്‍സുമായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ റണ്‍സുള്ള ഓപ്പണറാണ് രോഹിത് ശര്‍മ. സഹ ഓപ്പണര്‍ ആരാവുമെന്നത് വലിയ ചോദ്യമാണ്. ഓസ്‌ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരേയും രോഹിതിന്റെ പങ്കാളിയായത് യുവതാരം ശുഭ്മാന്‍ ഗില്ലായിരുന്നു.ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇതേ കൂട്ടുകെട്ട് തന്നെ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

ഇപ്പോഴിതാ രോഹിത് ശര്‍മയ്‌ക്കൊപ്പം മായങ്ക് അഗര്‍വാള്‍ ഇന്ത്യയുടെ ഓപ്പണറാവണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസന്‍. ന്യൂസീലന്‍ഡിനെതിരേ കളിച്ചുള്ള പരിചയസമ്പത്താണ് മായങ്കിന്റെ മുന്‍തൂക്കം. 'ഇന്ത്യ രോഹിതും ശുഭ്മാനുമായി മുന്നോട്ട് പോകാനാണ് സാധ്യത. എന്നാല്‍ മായങ്കിനെ പരിഗണിക്കണമെന്നാണ് അഭിപ്രായം. ന്യൂസീലന്‍ഡിനെ ന്യൂസീലന്‍ഡില്‍ നേരിട്ട് പരിചയസമ്പത്തുള്ള ബാറ്റ്‌സ്മാനാണവന്‍. അതിനാല്‍ത്തന്നെ നിര്‍ണ്ണായക പരിചയസമ്പത്ത് അവനുണ്ടാവും'-മൈക്ക് ഹെസന്‍ പറഞ്ഞു.
ന്യൂസീലന്‍ഡില്‍ ഇന്ത്യ രണ്ട് മത്സര പരമ്പര നാണം കെട്ട് തോറ്റപ്പോള്‍ 102 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായത് മായങ്കായിരുന്നു. ഓപ്പണറെന്ന നിലയില്‍ മികച്ച ശരാശരി മായങ്കിനുണ്ടെങ്കിലും ഗില്ലിന്റെ വരവോടെ ഇന്ത്യ മുന്‍തൂക്കം യുവതാരത്തിനാണ് നല്‍കുന്നത്. ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്താന്‍ ഗില്ലിന് സാധിച്ചത് ഇംഗ്ലണ്ടിലും അവസരം ലഭിക്കാന്‍ സഹായിച്ചേക്കും.
ഇംഗ്ലണ്ടിനെതിരേ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിച്ചാണ് ന്യൂസീലന്‍ഡ് ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. ഇത് ന്യൂസീലന്‍ഡിന് ഗുണം ചെയ്യുമെന്ന് മിക്കവരുടെ അഭിപ്രായപ്പെട്ടെങ്കിലും ഹെസന്റെ അഭിപ്രായം വിപരീതമാണ്. തുടര്‍ച്ചയായി മത്സരം കളിച്ച് ഫൈനലിനെത്തുന്നത് ഒരു പ്രശ്‌നമാണ്. താരങ്ങളുടെ ജോലിഭാരം കൃത്യമായി നിയന്ത്രിക്കേണ്ടതുണ്ടെന്നും ഹെസന്‍ അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ടിനെതിരേ രണ്ടാം ടെസ്റ്റില്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ കളിച്ചേക്കില്ല. പേസര്‍ ടിം സൗത്തിക്ക് വിശ്രമം നല്‍കുമ്പോള്‍ ആദ്യ മത്സരം കളിക്കാതിരുന്ന ട്രന്റ് ബോള്‍ട്ടിന് അവസരം നല്‍കും. നിലവില്‍ ഇംഗ്ലണ്ടില്‍ പരമ്പര കളിക്കുന്നതിനാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാന്‍ ന്യൂസീലന്‍ഡിന് സാധിച്ചേക്കും.