ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് സന്തോഷ വാര്‍ത്ത. ഐപിഎല്ലിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന കെ എല്‍ രാഹുല്‍ പൂര്‍ണ്ണ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലവും നെഗറ്റീവായ സാഹചര്യത്തില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹവും ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടാവും. രാഹുലിന്റെ സാന്നിധ്യം ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമാണ്.
ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 18നാണ് അതിന് ശേഷം ആഗസ്റ്റ് നാലിന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും നടക്കും. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ പ്രധാന താരങ്ങളെല്ലാം ടീമിനൊപ്പമുള്ളത് ഇന്ത്യയെ സംബന്ധിച്ച് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
നേരത്തെ കോവിഡ് പോസിറ്റീവായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയും രോഗമുക്തനായി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന സാഹയ്ക്ക് കോവിഡ് ബാധിക്കുകയായിരുന്നു. നിലവില്‍ അദ്ദേഹം പൂര്‍ണ്ണ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്. സ്റ്റാന്റ്‌ബൈ താരമായ പ്രസിദ്ധ് കൃഷ്ണയും രോഗമുക്തനായതിനാല്‍ അദ്ദേഹവും പര്യടനത്തില്‍ ഉള്‍പ്പെടും.

ഈ മാസം 24നാണ് ഇന്ത്യന്‍ ടീം മുംബൈയില്‍ ക്വാറന്റെയ്ന്‍ ആരംഭിക്കുക. ഇതിന്റെ ഭാഗമായി ചാറ്റേര്‍ഡ് ഫ്‌ളൈറ്റ് ഉപയോഗിച്ച് വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ള താരങ്ങളെ മുംബൈയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് തവണ കോവിഡ് പരിശോധനാ ഫലം നടത്തിയ ശേഷമാവും താരങ്ങളെ ക്വാറന്റെയ്‌നില്‍ പ്രവേശിപ്പിക്കുക. ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്നാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്.
ഇംഗ്ലണ്ടിലെത്തിയ ശേഷം 10 ദിവസവും താരങ്ങള്‍ ക്വാറന്റെയ്‌നില്‍ കഴിയും. അതിന് ശേഷമാവും മത്സരത്തിനിറങ്ങുക. ഇംഗ്ലണ്ടില്‍ മൂന്ന് മാസത്തോളം ഉള്ളതിനാല്‍ താരങ്ങളുടെ കോവിഡ് നിയന്ത്രണ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ കടുത്ത നിയന്ത്രണങ്ങള്‍ താരങ്ങള്‍ക്കുണ്ടാകില്ല. ഇത് താരങ്ങളെ സംബന്ധിച്ച് മാനസികമായി കൂടുതല്‍ സന്തോഷം നല്‍കുന്ന കാര്യമാണ്.
ഇന്ത്യയുടെ വനിതാ ടീമിനും ഈ സമയത്ത് ഇംഗ്ലണ്ടില്‍ പരമ്പരയുണ്ട്. അതിനാല്‍ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ ഒന്നിച്ചാവും ഇംഗ്ലണ്ടിലേക്ക് പുറപ്പെടുക. ആദ്യമായാണ് ഇത്തരത്തില്‍ ഒരു യാത്ര നടത്തുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ രണ്ട് വിമാനത്തില്‍ ടീമിനെ എത്തിക്കുക പ്രയാസമായതിനാലാണ് ഇത്തരമൊരു നീക്കം.
കരുത്തരായ ന്യൂസീലന്‍ഡാണ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യക്കൊപ്പം തകര്‍പ്പന്‍ താരങ്ങളുള്ളതിനാല്‍ മികച്ച പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടൂര്‍ണമെന്റിലെ ഒന്നാം നമ്പര്‍ ടീമായാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനിറങ്ങുന്നത്.