സതാംപ്റ്റണ്‍: നാല് മാസം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി സതാംപ്റ്റണിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മൂന്ന് ദിവസത്തെ ക്വാറന്റെയ്ന്‍ അവസാനിപ്പിച്ച് സതാംപ്റ്റണില്‍ പരിശീലനം ആരംഭിച്ചു. ഇന്ത്യയില്‍ എട്ട് ദിവസം ക്വാറന്റെയ്ന്‍ നോക്കിയ ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്. പൂര്‍ണ്ണമായും ബയോബബിള്‍ സുരക്ഷയിലായതിനാലാണ് മൂന്ന് ദിവസം മാത്രം ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്വാറന്റെയ്ന്‍ മതിയെന്ന് ഇളവ് യുകെ സര്‍ക്കാര്‍ നല്‍കിയത്.

പരിശോധനയില്‍ എല്ലാ താരങ്ങള്‍ക്കും നെഗറ്റീവായിരിക്കുകയാണ്. സതാംപ്റ്റണിലെ പിച്ചില്‍ പന്തെറിയുന്നതിന്റെ ചിത്രങ്ങള്‍ രവീന്ദ്ര ജഡേജ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. പേസര്‍ മുഹമ്മദ് സിറാജും ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഇന്ന് പദ്ധതിപ്രകാരമുള്ള പരിശീലനമല്ല താരങ്ങള്‍ നടത്തിയത്. നാളെ മുതല്‍ കൃത്യമായ ഷെഡ്യൂള്‍ പ്രകാരമായിരിക്കും പരിശീലനം നടക്കുക.
ജൂണ്‍ 18ന് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് ഇന്ത്യക്ക് മുന്നിലുള്ള ആദ്യ കടമ്പ. കരുത്തരായ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഐപിഎല്‍ പാതിവഴിയില്‍ നിന്നതിനാല്‍ത്തന്നെ ഇടവേളയ്്ക്ക് ശേഷമാണ് ഇന്ത്യന്‍ ടീം വീണ്ടും പരിശീലനത്തിനിറങ്ങുന്നത്. കുടുംബത്തോടൊപ്പം ബയോബബിള്‍ സുരക്ഷയില്‍ ക്വാറന്റെയ്‌നില്‍ ആയിരുന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഠിന പരിശീലനം തന്നെ ആവിശ്യമാണ്.
ഇംഗ്ലണ്ടിലെ പേസ് മൈതാനത്തോട് പൊരുത്തപ്പെടുക എന്നതാണ് വലിയ വെല്ലുവിളി. ബാറ്റിങ് നിരയ്ക്കാവും കൂടുതല്‍ പരിശീലനം ആവിശ്യമായി വരിക. രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരിലാണ് ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷ. ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയ മിക്ക സമയത്തും ആദ്യ മത്സരം തോറ്റിരുന്നു. ഇത് ടീമിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കണക്കാണ്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യകളിക്കുന്നുണ്ട്. ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന പരമ്പര സെപ്തംബര്‍ 14നാണ് അവസാനിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി പിച്ചുമായി പൊരുത്തപ്പെടാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയെത്തുന്ന ഇന്ത്യക്കൊപ്പം മികച്ച ബൗളിങ് നിരയും ഇത്തവണയുണ്ട്.
എന്നാല്‍ ഇംഗ്ലണ്ടിനെതിരേ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിച്ചാണ് ന്യൂസീലന്‍ഡ് ഫൈനലിനെത്തുന്നത്. ഈ പരിചയം മത്സരത്തില്‍ ന്യൂസീലന്‍ഡിന് മുന്‍തൂക്കം നല്‍കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ നായകന്‍ കോലിക്കും പരിശീലകന്‍ രവി ശാസ്ത്രിക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം പ്രധാനപ്പെട്ടതാണ്.