സതാംപ്റ്റന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ജൂണ്‍ 18ന് നടക്കുകയാണ്. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയാണോ ന്യൂസീലന്‍ഡ് ആണോ ഉയര്‍ത്തുകയെന്ന് കാത്തിരുന്ന് തന്നെ കാണാം. ഇംഗ്ലണ്ടിലാണ് മത്സരം. പേസിന് അനുകൂലമായ പിച്ചില്‍ മുന്‍തൂക്കം ന്യൂസീലന്‍ഡിനാണെന്ന് പറയാതെ വയ്യ. എങ്കിലും ഇന്ത്യയുടെ ടീം കരുത്ത് ഏത് പിച്ചിലും ജയിക്കാന്‍ കഴിയുന്നതാണ്. ഓസ്‌ട്രേലിയയിലടക്കം ഇന്ത്യ അത് തെളിയിച്ചതാണ്.
കലാശ പോരാട്ടത്തിനായുള്ള അന്തിമ തയ്യാറെടുപ്പിലാണ് ടീമുകള്‍. ഇതിന് മുന്നോടിയായി ഇരു ടീമിലെയും താരങ്ങള്‍ തങ്ങളുടെ പ്രതീക്ഷകളും ആവേശവും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിട്ടുമുണ്ട്. എന്നാല്‍ ന്യൂസീലന്‍ഡ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക പിന്തുണയുള്ള ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് ഇന്ത്യയെ പരിഹസിക്കുന്ന ഒരു ട്രോള്‍ എത്തിയത് ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.
theaccnz എന്ന ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ പോസ്റ്ററാണ് പങ്കുവെച്ചത്. ഒരുവശത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും മറുവശത്ത് ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന്റെയും ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ഇതിന്റെ അടിക്കുറിപ്പാണ് ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിച്ചത്.

'ഇന്ത്യയെ സംബന്ധിച്ച് മോശം വാര്‍ത്ത.ലോര്‍ഡ്‌സില്‍ പൊടിയുള്ള പിച്ചൊരുക്കാന്‍ ഇന്ത്യക്ക് സാധിക്കില്ല' എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പ്. ഇംഗ്ലണ്ട് ഇക്കഴിഞ്ഞ ഇന്ത്യന്‍ പരമ്പരയ്‌ക്കെത്തിയപ്പോള്‍ പൊടിനിറഞ്ഞ പിച്ചാണ് ഇന്ത്യ ഒരുക്കിയിരുന്നത്. ഇതിനെ പരിഹസിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പായിരുന്നു ഇത്. പേസ് ട്രാക്കില്‍ ഇന്ത്യക്ക് മികവില്ലെന്ന് പറയാതെ പറയുകയും ഇതിലൂടെ ചെയ്തു. ഇതിനെതിരേ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ആരാധകര്‍ ഉന്നയിക്കുന്നത്.
ഈ ചിത്രത്തിന് ന്യൂസീലന്‍ഡ് താരങ്ങളായ ട്രന്റ് ബോള്‍ട്ട്, ടോം ലാദം,ടിം സൗത്തി എന്നിവര്‍ ലൈക്കും ചെയ്തു. ഇതും ഇന്ത്യന്‍ ആരാധകരെ കൂടുതല്‍ ചൊടിപ്പിച്ചു. നിലവിലെ ഇന്ത്യന്‍ ടീം ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് മുഹമ്മദ് സിറാജ് എന്നിവരെല്ലാം വിദേശ പിച്ചില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പേസര്‍മാരാണ്.
അശ്വിന്‍,ജഡേജ,അക്ഷര്‍ എന്നീ മികച്ച സ്പിന്‍ നിരയും ഇന്ത്യക്കൊപ്പമുണ്ട്. ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിനെത്തുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യ ഇംഗ്ലണ്ടുമായി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും കളിക്കുന്നുണ്ട്.