മുംബൈ: ഐസിസി ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യന്‍ സംഘം ഇന്ന് രാത്രി ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. എട്ട് ദിവസം മുംബൈയില്‍ ക്വാറന്റെയ്ന്‍ നോക്കി രണ്ട് കോവിഡ് പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നത്. ജൂണ്‍ 18നാണ് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും തങ്ങളുടെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിലാണ് ടൂര്‍ണമെന്റെന്നത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാണെന്നും ഇംഗ്ലണ്ടിനെതിരേ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച് ഫൈനല്‍ കളിക്കുന്നതിനാല്‍ ന്യൂസീലന്‍ഡിന് മുന്‍തൂക്കമുണ്ടെന്നുമെല്ലാം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കെല്ലാം തകര്‍പ്പന്‍ മറുപടിയാണ് കോലി നല്‍കിയിരിക്കുന്നത്.

'ഫൈനല്‍ കളിക്കുകയെന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.ഞങ്ങളുടെ എല്ലാവരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണിത്. സാഹചര്യങ്ങള്‍ ന്യൂസീലന്‍ഡിന് അനുകൂലമാണോയെന്ന് കാഴ്ചപ്പാടിന് അനുസരിച്ചിരിക്കും. ഞങ്ങള്‍ വിമാനം കയറുന്നതിന് മുമ്പ് ന്യൂസീലന്‍ഡിനാണ് ഫൈനലില്‍ മുന്‍തൂക്കമെന്ന് ചിന്തിക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്.
ഞങ്ങള്‍ തുല്യശക്തികളാണെന്നാണ് കരുതുന്നത്.യാതൊരു സമ്മര്‍ദ്ദവുമില്ല. പുറത്തുള്ള ആളുകളെപ്പോലെ ഞങ്ങളും ചിന്തിച്ചാല്‍ അത് ഒരിക്കലും സഹായിക്കില്ല. ഫൈനലിന്റെ സമയം ഞങ്ങളെ സംബന്ധിച്ച് ആസ്വദിക്കാനുള്ളതാണ്. മറ്റെല്ലാ കാര്യങ്ങളും നല്‍കുന്ന അധ്വാനത്തെ ആശ്രയിച്ചായിരിക്കും'-വിരാട് കോലി പറഞ്ഞു.
ഇന്ത്യയുമായുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ന്യൂസീലന്‍ഡ് ഇംഗ്ലണ്ടുമായി രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. അത് ന്യൂസീലന്‍ഡിനെ സംബന്ധിച്ച് പിച്ചുമായി വേഗത്തില്‍ പൊരുത്തപ്പെടാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐപിഎല്‍ പാതി വഴിയില്‍ നിന്നതോടെ വീട്ടില്‍ വിശ്രമത്തിലിരുന്നാണ് ഇന്ത്യന്‍ ടീമിന്റെ വരവ്.
ഇന്ത്യന്‍ ടീമിനെക്കുറിച്ചും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെക്കുറിച്ചും പരിശീലകന്‍ രവി ശാസ്ത്രിയും പ്രതികരിച്ചു. 'ആദ്യത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്. ടൂര്‍ണമെന്റിന്റെ വ്യാപ്തി നോക്കുമ്പോള്‍ ഏറ്റവും വലുതാണിത്.നിങ്ങളെ പരീക്ഷിക്കുന്ന ഫോര്‍മാറ്റാണിത്.ലോകത്തിലെ പ്രമുഖ ടീമുകളെല്ലാം പരസ്പരം കളിച്ചതില്‍ നിന്നാണ് ഫൈനല്‍ കളിക്കാനുള്ള യോഗ്യത നേടിയിരിക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇതുപോലെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടത്താനാണെങ്കില്‍ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഫൈനല്‍ നടത്തുന്നതാണ് ഉചിതം. ആ മൂന്ന് മത്സരങ്ങള്‍ രണ്ടര വര്‍ഷത്തെ ക്രിക്കറ്റിന്റെ പര്യവസാനമായിരിക്കും'-രവി ശാസ്ത്രി പറഞ്ഞു.