വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: ഇന്ത്യയെ 217 റണ്‍സിന് എറിഞ്ഞിട്ടു, കിവികള്‍ പിടിമുറുക്കുന്നു

ഇന്ത്യക്കൊപ്പമെത്താന്‍ 116 റണ്‍സ് കൂടി മതി

സതാംപ്റ്റണ്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡ് പിടിമുറുക്കുന്നു. മൂന്നാംദിനം ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 217 റണ്‍സിലൊതുക്കിയ കിവീസ് കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 101 റണ്‍സെടുത്തിട്ടുണ്ട്. എട്ടു വിക്കറ്റുള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 116 റണ്‍സ് കൂടി മതി. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (12), റോസ് ടെയ്‌ലര്‍ (0) എന്നിവരാണ് സ്റ്റെംപെടുക്കുമ്പോള്‍ ക്രീസില്‍.

IND vs NZ WTC Final- ആദ്യ ദിനം മഴ രണ്ടാം ദിനം വെളിച്ചച്ചക്കുറവ് | Oneindia Malayalam
4

ഓപ്പണര്‍മാരായ ഡെവന്‍ കോണ്‍വേ (54), ടോം ലാതം (30) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലാന്‍ഡിനു നഷ്ടമായത്. 153 ബോളില്‍ ആറു ബൗണ്ടറികളോടെയാണ് കോണ്‍വേ കിവികളുടെ ടോപ്‌സ്‌കോററായത്. ലാതം 104 ബോളില്‍ മൂന്നു ബൗണ്ടറികള്‍ നേടി. ഇന്ത്യക്കു വേണ്ടി ഇഷാന്ത് ശര്‍മയും ആര്‍ അശ്വിനും ഓരോ വിക്കറ്റ് വീതമെടുത്തു. ഇന്ത്യയുടേതിനു സമാനമായി ന്യൂസിലാന്‍ഡിനും മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കോണ്‍വേ- ലാതം സഖ്യം നല്‍കിയത്. ആദ്യ വിക്കറ്റില്‍ 70 റണ്‍സുമായി ഈ ജോടി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. ലാതമിനെ പുറത്താക്കി അശ്വിനാണ് ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. മൂന്നാംദിനത്തിലെ കളി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് കോണ്‍വേയെ മുഹമ്മദ് ഷമിക്കു സമ്മാനിച്ച് ഇഷാന്ത് ഇന്ത്യക്കു രണ്ടാം വിക്കറ്റും സമ്മാനിക്കുകയായിരുന്നു.

നേരത്തേ മൂന്നിന് 146 റണ്‍സെന്ന നിലയില്‍ ഒന്നാമിന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യയെ കൈല്‍ ജാമിസണിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് തകര്‍ത്തത്. മൂന്നാം ദിനം ലഞ്ച്‌ബേക്കിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റി തികയ്ക്കാനായില്ല. 49 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ടോപ്‌സ്‌കോറര്‍. നായകന്‍ വിരാട് കോലി 44 റണ്‍സെടുത്തു.

1

രോഹിത് ശര്‍മ (34), ശുഭ്മാന്‍ ഗില്‍ (28), ആര്‍ അശ്വിന്‍ (22), രവീന്ദ്ര ജഡേജ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ചേതേശ്വര്‍ പുജാര (8), റിഷഭ് പന്ത് (4), ഇഷാന്ത് ശര്‍മ (4), ജസ്പ്രീത് ബുംറ (0), മുഹമ്മദ് ഷമി (4*) എന്നിവര്‍ നിരാശപ്പെടുത്തി. 22 ഓവറില്‍ 12 മെയ്ഡനുകളടക്കം 31 റണ്‍സ് വിട്ടുകൊടുത്താണ് ജാമിസണ്‍ അഞ്ചു പേരെ പുറത്താക്കിയത്. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്നര്‍ എന്നിവര്‍ മികച്ച പിന്തുണ നല്‍കി. ടിം സോത്തിക്കു ഒരു വിക്കറ്റ് ലഭിച്ചു.

ലഞ്ച്‌ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റിന് 211 റണ്‍സെന്ന നിലയിലായിരുന്നു. ആറു റണ്‍സ് കൂടി നേടുമ്പോഴേക്കും ശേഷിച്ച മൂന്നു വിക്കറ്റുകള്‍ കൂടി ഇന്ത്യ കൈവിട്ടു. ആദ്യ സെഷനില്‍ 24.2 ഓവറുകളായിരുന്നു ഇന്ത്യ കളിച്ചത്. 65 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമാവുകയും ചെയ്തു.

3

മൂന്നാംദിനം കളി പുനരാരംഭിച്ച ഇന്ത്യക്കു കോലിയെയാണ് ആദ്യം നഷ്ടമായത്. തലേദിവസത്തെ സ്‌കോറിലേക്കു ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹത്തിനായില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ തന്റെ സഹതാരമായ ജാമിസണിന്റെ ബൗളിങില്‍ കോലി വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ അദ്ദേഹം ഡിആര്‍എസ് വിളിച്ചെങ്കിലും കാര്യമുണ്ടായില്ല. ആറു റണ്‍സ് കൂടി ടീം സ്‌കോറിലേക്കു ചേര്‍ക്കുന്നതിനിടെ റിഷഭ് പുറത്തായി. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ഡ്രൈവിനു ശ്രമിച്ച റിഷഭിനെ ജാമിസണിന്റെ ബൗളിങില്‍ സ്ലിപ്പില്‍ ലാതം ക്യാച്ച് ചെയ്തു.

അശ്വിന്‍- ജഡേജ ജോടി 26 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ രക്ഷപ്പെടുത്തി. മികച്ച ഷോട്ടുകള്‍ കളിച്ച് മുന്നേറിയ അശ്വിനെ സോത്തി വീഴ്ത്തി. ബൗണ്ടറിയടിച്ച അശ്വിനെ തൊട്ടടുത്ത ബോളില്‍ തന്നെ സ്ലിപ്പില്‍ ലാതമിന്റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 146 റണ്‍സെന്ന നിലയിലായിരുന്നു. ആദ്യദിനം പൂര്‍ണമായും മഴയില്‍ ഒലിച്ചുപോയിരുന്നു. രണ്ടാംദിനം ടോസിനു ശേഷം ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

2

രണ്ടാംദിനം പക്ഷെ പല തവണ മല്‍സരം നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നു. വെളിച്ചകുറവിനെ തുടര്‍ന്നായിരുന്നു ഇത്. 64.4 ഓവര്‍ മാത്രമേ കളി നടന്നിരുന്നുള്ളൂ. മഴയില്‍ മുങ്ങിയ ആദ്യദിനം നഷ്ടമായ ഓവറുകള്‍ നികത്തുന്നതിനായി 98 ഓവറുകള്‍ രണ്ടാംദിനം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ 90 ഓവറുകള്‍ പോലും തികയ്ക്കാന്‍ വെളിച്ചക്കുറവ് അനുവദിച്ചില്ല.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ (34), ശുഭ്മാന്‍ ഗില്‍ (28), ചേതേശ്വര്‍ പുജാര (8) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാദിനം ഇന്ത്യക്കു നഷ്ടമായത്. രോഹിത് 68 ബോളില്‍ ആറു ബൗണ്ടറികളടിച്ചപ്പോള്‍ ഗില്‍ 64 ബോളില്‍ മൂന്നു ബൗണ്ടറികളും നേടി. ഇന്ത്യ ആഗ്രഹിച്ച തുടക്കമായിരുന്നു ഈ ജോടി ഇന്ത്യക്കു നല്‍കിയത്. 62 റണ്‍സ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തു. ന്യൂസിലാന്‍ഡിന്റെ ന്യൂബോള്‍ പേസാക്രമണത്തെ മികച്ച രീതിയിലാണ് ഇരുവരും നേരിട്ടത്. മികച്ച ബോളുകള്‍ ലീവ് ചെയ്ത രോഹിത്തും ഗില്ലും മോശം ബോളുകളെ ശിക്ഷിക്കാനും മറന്നില്ല. കിവി പേസര്‍മാരുടെ ബൗണ്‍സറുകള്‍ക്കു ബൗണ്ടറികളിലൂടെയായിരുന്നു ഈ ജോടിയുടെ മറുപടി.

കൈല്‍ ജാമിസണായിരുന്നു കിവികള്‍ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. രോഹിത്തിനെ തേര്‍ഡ് സ്ലിപ്പില്‍ അദ്ദേഹം ടിം സോത്തിക്കു സമ്മാാനിക്കുകയായിരുന്നു. മികച്ചൊരു ഡൈവിങ് ക്യാച്ചിലൂടെയായിരുന്നു സോത്തി രോഹിത്തിനെ വീഴ്ത്തിയത്. തൊട്ടു പിന്നാലെ ഗില്ലും പുറത്തായി. നീല്‍ വാഗ്നര്‍ ആദ്യ ഓവറില്‍ തന്നെ ഗില്ലിനെ വിക്കറ്റ് കീപ്പര്‍ ബിജെ വാട്‌ലിങിന്റെ കൈകളിലെത്തിച്ചു. റണ്ണെടുക്കാന്‍ വിഷമിച്ച പുജാരയായിരുന്നൂ മൂന്നാമതായി ക്രീസ് വിട്ടത്. 54 ബോളുകള്‍ നിന്നും രണ്ടു ബൗണ്ടറികളോടെ എട്ടു റണ്‍സ് മാത്രമെടുത്ത പുജാരയെ ബോള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുരുക്കി. ന്യൂിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍, നീല്‍ വാഗ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. എന്നാല്‍ കോലി- രഹാനെ ജോടി ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കു നയിച്ചു. അപരാജിതമായ നാലാം വിക്കറ്റില്‍ ഈ ജോടി 147 ബോളില്‍ 58 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഫൈനലില്‍ മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിക്കുന്നത്. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് പേസാക്രമണത്തിന്റെ ചുമതല. സ്പിന്നര്‍മാര്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ്. ന്യൂസിലാന്‍ഡാവട്ടെ പേസ് ബൗളിങിന് മുന്‍തൂക്കിയാണ് പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്തത്. അഞ്ചു പേസര്‍മാര്‍ കിവീസ് ടീമിലുണ്ട്. ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ പോലും അവര്‍ കളിപ്പിച്ചില്ല.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്-ടോം ലാതം, ഡെവന്‍ കോണ്‍വേ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ് (വിക്കറ്റ് കീപ്പര്‍), കോളിന്‍ ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, ടിം സോത്തി, നീല്‍ വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട്.

Story first published: Sunday, June 20, 2021, 23:16 [IST]
Other articles published on Jun 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X