ന്യൂഡല്‍ഹി: പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഈ മാസം 18ന് നടക്കാനൊരുങ്ങുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. മികച്ച ബൗളിങ് നിരയുമായെത്തുന്ന ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ്. ഓസ്‌ട്രേലിയയിലടക്കം ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ സഹായിച്ചത് ഈ പേസ് നിരയാണ്.
അനുഭവസമ്പന്നരും പ്രതിഭാശാലികളുമായ ഈ ബൗളര്‍മാരില്‍ ആരാവും ഇംഗ്ലണ്ടില്‍ ഏറ്റവും തിളങ്ങുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. ജസ്പ്രീത് ബുംറ,ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയുടെ പേസ് നിരയിലുള്ളത്. ഇതില്‍ നിര്‍ണ്ണായക താരമാവുക ആരായിരിക്കുമെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗുണ്ടപ്പ വിശ്വനാഥ്.

അത് സീനിയര്‍ പേസര്‍മാരല്ല യുവ പേസര്‍ മുഹമ്മദ് സിറാജാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 13 വിക്കറ്റാണ് സിറാജ് നേടിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. പേസര്‍മാര്‍ക്ക് കുത്തക ആധിപത്യം അവകാശപ്പെടാന്‍ സാധിക്കുന്ന ഗാബയിലാണ് സിറാജ് തകര്‍പ്പന്‍ പ്രകടനം നടത്തിയത്. അതേ പ്രകടനം ഇംഗ്ലണ്ടിലും ആവര്‍ത്തിക്കാനാവുമെന്നാണ് ഗുണ്ടപ്പ വിശ്വനാഥ് പറയുന്നത്.
'ഇന്ത്യയുടെ ബൗളിങ് നിരയും ന്യൂസീലന്‍ഡിന്റെ ബാറ്റിങ് നിരയും തമ്മിലുള്ള പോരാട്ടമാവും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇന്ത്യയുടെ ബൗളിങ് നിര നിലവില്‍ അതിശക്തമാണ്.ഷമി,ബുംറ,സിറാജ്,ഇഷാന്ത് എന്നിവരെ നോക്കുക. ഇവരെല്ലാം മികച്ച ഫോമിലാണ്. സിറാജ് ഓസ്‌ട്രേലിയയില്‍ മനോഹര പ്രകടനമാണ് നടത്തിയത്. വിരാടിനുവേണ്ടി ഫൈനലില്‍ തിളങ്ങാന്‍ പോവുന്നതും അവനാവുമെന്ന് ഉറപ്പുണ്ട്'-വിശ്വനാഥ് പറഞ്ഞു.
എന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സിറാജ് ഉള്‍പ്പെടുമോയെന്ന കാര്യം കണ്ടറിയണം. ബുംറയ്ക്കും ഷമിക്കുമൊപ്പം സിറാജ് എത്തിയാല്‍ ഇഷാന്ത് ശര്‍മയ്ക്ക് പുറത്തിരിക്കേണ്ടി വരും. ഇംഗ്ലണ്ടില്‍ വളരെ പരിചയസമ്പത്തും മികച്ച റെക്കോഡുമുള്ള ഇഷാന്തിനെ ഇന്ത്യ പുറത്തിരുത്തിയാല്‍ അതും തിരിച്ചടിയായേക്കും. നാല് പേസര്‍മാരുമായി ഇറങ്ങിയാല്‍ അശ്വിനോ ജഡേജയോ ഒരാള്‍ക്ക് പുറത്തിരിക്കേണ്ടി വരും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോലിയുടേതാവും.
ഇന്ത്യ ന്യൂസീലന്‍ഡിനെ നിസാരരായ കാണില്ലെന്നും വിശ്വനാഥ് അഭിപ്രായപ്പെട്ടു. ഇരു ടീമിന്റെയും തട്ടകത്തിലല്ല മത്സരം നടക്കുന്നത്.അതിനാല്‍ത്തന്നെ മികച്ച മത്സരമാവും. ന്യൂസീലന്‍ഡ് മികച്ച നിരയാണ്. അവരെ നിസാരരായി ഇന്ത്യ കാണില്ല. ന്യൂസീലന്‍ഡിനേക്കാള്‍ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. വളരെ ആകാംക്ഷയുള്ള പോരാട്ടമാണിത്.ഓസ്‌ട്രേലിയക്കെതിരേയും ഇംഗ്ലണ്ടിനെതിരേയും പരമ്പര നേടിയത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുമെന്നും ഗുണ്ടപ്പ വിശ്വനാഥ് അഭിപ്രായപ്പെട്ടു.