
പ്രധാനപ്പെട്ട മത്സരങ്ങളില്‍ ഇന്ത്യയുടെ രക്ഷകനായിരുന്ന കോലിക്ക് ഇന്ന് ആ റോളിലേക്കുയരാനാവുന്നില്ല. 2019 സെപ്തംബറിന് ശേഷം ഒരു സെഞ്ച്വറി പോലും കോലി നേടിയിട്ടില്ല. ടെസ്റ്റില്‍ ഇന്ത്യയുടെ നായകനായി വളരുമ്പോള്‍ ബാറ്റ്‌സ്മാനെന്ന നിലയിലെ കോലിയുടെ ഗ്രാഫ് താഴോട്ടാണ്. നിര്‍ഭാഗ്യവാനായ നായകനെന്ന് വിളിക്കാനാവുന്ന കോലിക്ക് ഇതുവരെ ഒരു ഐസിസി കിരീടം പോലും സ്വന്തം ക്യാപ്റ്റന്‍സിയില്‍ നേടാനായിട്ടില്ല. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇന്ത്യ കളിച്ച പ്രധാന ഐസിസി മത്സരങ്ങളിലെ കോലിയുടെ ബാറ്റിങ് പ്രകടനം ഇതാ.

2015ലെ ഏകദിന ലോകകപ്പ് സെമി
2015ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യക്ക് മുന്നില്‍ 329 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ ഉയര്‍ത്തിയത്. വിരാട് കോലിയില്‍ ഇന്ത്യ വളരെ പ്രതീക്ഷ വെച്ച മത്സരത്തില്‍ 13 പന്ത് നേരിട്ട് 1 റണ്‍സ് മാത്രമാണ് കോലി നേടിയത്. മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന് ക്യാച്ച് നല്‍കിയാണ് അദ്ദേഹം പുറത്തായത്.

2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍
നായകനെന്ന നിലയില്‍ വിരാട് കോലിക്ക് ഏറ്റവും നാണക്കേടായ മത്സരമാണ് 2017ലെ ചാമ്പ്യന്‍സ് ട്രോഫി. ഫൈനലില്‍ ചിരവൈരികളായ പാകിസ്താനോടാണ് ഇന്ത്യ തോല്‍ക്കേണ്ടി വന്നത്. പാകിസ്താന്‍ മുന്നോട്ട് വെച്ച 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി മൂന്നാമനായി ക്രീസിലെത്തിയ കോലി നേടിയത് 9 പന്തില്‍ അഞ്ച് റണ്‍സ്. മുഹമ്മദ് അമീറാണ് വിരാട് കോലിയുടെ വിക്കറ്റ് നേടിയത്.

2019ലെ ഏകദിന ലോകകപ്പ് സെമി
2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ന്യൂസീലന്‍ഡ് മുന്നോട്ട് വെച്ച 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് അഞ്ച് റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. അതില്‍ രണ്ടാം വിക്കറ്റ് കോലിയുടേതായിരുന്നു. ആറ് പന്ത് നേരിട്ട് ഒരു റണ്‍സ് മാത്രമെടുത്ത കോലിയെ ട്രന്റ് ബോള്‍ട്ട് എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

2021 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍
ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ഇന്നിങ്‌സില്‍ 44 റണ്‍സ് കോലി നേടിയെങ്കിലും നിര്‍ണ്ണായകമായ രണ്ടാം ഇന്നിങ്‌സില്‍ 13 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. 29 പന്തുകള്‍ നേരിട്ട കോലിയെ കെയ്ല്‍ ജാമിസന്റെ പന്തില്‍ വാട്ട്‌ലിങ്ങാണ് പുറത്താക്കിയത്. കോലിയെന്ന നായകന്‍ ഏറ്റവും ശ്രദ്ധയോടെ കളിക്കേണ്ട സമയത്തായിരുന്നു അദ്ദേഹം അനാവശ്യ ഷോട്ട് കളിച്ച് പുറത്തായതെന്നതാണ് ശ്രദ്ധേയം.


Click it and Unblock the Notifications











