കറാച്ചി: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിയുടെ ക്ഷീണം അത്ര പെട്ടെന്നൊന്നും ഇന്ത്യന്‍ ടീമിനെ വിട്ടുപോകില്ല. മഴമൂലം രണ്ട് ദിവസം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടിട്ടും സമനിലപോലും പിടിക്കാന്‍ ഇന്ത്യക്കായില്ല. ബാറ്റിങ് നിരയുടെ തകര്‍ച്ച തന്നെയാണ് ഇന്ത്യയുടെ കിരീട നഷ്ടത്തിന് കാരണം. ഇന്ത്യ വളരെ അധികം പ്രതീക്ഷവെച്ച കിരീടമായിരുന്നെങ്കിലും സൂപ്പര്‍ താരങ്ങള്‍ക്കടക്കം കാലിടറിയത് ടീമിന് കിരീടം നഷ്ടപ്പെടുത്തി.
ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം ടീം തിരഞ്ഞെടുപ്പിലെ പാളിച്ചയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മല്‍. പേസിനെ തുണയ്ക്കുന്ന ഇത്തരമൊരു പിച്ചില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് കമ്രാന്‍ അക്മല്‍ അഭിപ്രായപ്പെട്ടത്.

'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് വലിയ അപകടമാണ് ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ വരുത്തിയത്. ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് വലിയ സ്‌കോര്‍ നേടാനായില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അജിന്‍ക്യ രഹാനെയും റിഷഭ് പന്തും തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരെ അശ്വിനും റിഷഭ് പന്തും മധ്യനിരയില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടി. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ പ്ലേയിങ് 11 നോക്കുക. പേസ് പിച്ചില്‍ ഒരിക്കലും രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ പാടില്ലായിരുന്നു.
അവിടുത്തെ സാഹചര്യത്തിലെ ഏറ്റവും മികച്ച പ്ലേയിങ് 11നാണ് ന്യൂസീലന്‍ഡ് തിരഞ്ഞെടുത്തത്. വിരാട് കോലി മികച്ച ഫോമിലല്ല,ഓപ്പണര്‍മാരും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. പ്ലേയിങ് 11 തീരുമാനിക്കുന്നതിന് മുമ്പ് ഇന്ത്യ എല്ലാ പ്രശ്‌നങ്ങളും ഇന്ത്യ വിലയിരുത്തണമായിരുന്നു. രണ്ട് സ്പിന്നര്‍മാരുമായി മുന്നോട്ട് പോകാനുള്ള തീരുമാനമാണ് ഇന്ത്യയെ പിന്നോട്ടടിച്ചത്'-കമ്രാന്‍ അക്മല്‍ പറഞ്ഞു.
രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ എന്നിവരെ ഇന്ത്യ പ്ലേയിങ് 11ല്‍ പരിഗണിച്ചു. അശ്വിന്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് നാല് വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ് മാത്രമാണ് ജഡേജയ്ക്ക് നേടാനായത്. ബാറ്റുകൊണ്ടും കാര്യമായ പ്രകടനം നടത്താനായില്ല. ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ട രണ്ടാം ഇന്നിങ്‌സില്‍ മികച്ചൊരു ബാറ്റ്‌സ്മാന്റെ അഭാവം പ്രകടമായിരുന്നു. രവീന്ദ്ര ജഡേജയ്ക്ക് പകരം ഹനുമ വിഹാരിയെ കളിപ്പിക്കണമായിരുന്നുവെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് ഇന്ത്യ കൂടുതല്‍ പരിശീലന മത്സരം കളിക്കണമെന്നും കമ്രാന്‍ അഭിപ്രായപ്പെട്ടു. 'ഇന്ത്യന്‍ ടീം താരങ്ങള്‍ക്ക് വിശ്രമം അനിവാര്യമാണ്. ക്വാറന്റെയ്‌ന്റെയും തുടര്‍ച്ചയായ മത്സരങ്ങളുടെയും സമ്മര്‍ദ്ദം അവര്‍ക്കുണ്ട്. ഇടവേള ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സഹായിക്കും.ഇന്ത്യക്ക് ജയിക്കാന്‍ സാധ്യത ഉണ്ടെങ്കിലും പേസിനെതിരായ ബാറ്റിങ്ങിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍. ഇന്ത്യയുടെ ദൗര്‍ബല്യത്തെ മുതലാക്കുന്ന പിച്ച് ഇംഗ്ലണ്ട് ഒരുക്കാനാണ് സാധ്യത. ഇടവേള കുറച്ച് കൂടുതല്‍ പരിശീലന മത്സരം കളിക്കുന്നത് ഇന്ത്യയെ സഹായിക്കും'-കമ്രാന്‍ കൂട്ടിച്ചേര്‍ത്തു.