ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ ജൂണ്‍ 18നാണ് ഫൈനല്‍. ഇംഗ്ലണ്ടിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. ഇംഗ്ലണ്ടിലാണ് മത്സരമെന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളികള്‍ ഏറെയാണ്. വലിയ താരനിരയുമായാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകുന്നത്. അതിനാല്‍ പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്നത് കണ്ടു തന്നെ അറിയണം.
ഇപ്പോഴിതാ ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ പ്ലേയിങ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ എന്നിവരെ ഉള്‍ക്കൊള്ളിച്ചുള്ള പ്ലേയിങ് 11നാണ് മോണ്ടി പനേസര്‍ തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനായി 50 ടെസ്റ്റും 26 ഏകദിനവും കളിച്ചിട്ടുള്ള താരമാണ് പനേസര്‍.
'ഇന്ത്യ തീര്‍ച്ചയായും ജഡേജയേയും അശ്വിനേയും ഒരുമിച്ച് കളിപ്പിക്കണം. നിലവില്‍ ഇവരേക്കാളും മികച്ചവരായി ലോകത്ത് മറ്റാരുമില്ല. ഇരുവരും തമ്മില്‍ മികച്ച കൂട്ടുകെട്ടും പരസ്പരം മനസിലാക്കാനും സാധിക്കുന്നുണ്ട്'-പനേസര്‍ പറഞ്ഞു. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി ശുഭ്മാന്‍ ഗില്ലിനെയാണ് പനേസര്‍ തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ട് പരമ്പരയിലും ഗില്ലായിരുന്നു രോഹിതിന്റെ പങ്കാളി.

ഓപ്പണിങ്ങിലേക്ക് മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍ എന്നിവരും അവസരം തേടുന്നുണ്ട്. സീനിയര്‍ താരമെന്ന നിലയില്‍ കെ എല്‍ രാഹുലിന് കൂടുതല്‍ അനുഭവസമ്പത്തുണ്ട്. മായങ്ക് അഗര്‍വാളും പരിചയസമ്പത്തുള്ള താരമാണ്. എന്നാല്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കേണ്ടതിനാല്‍ ശുഭ്മാന്‍ ഗില്ലിന് തന്നെ അവസരം ലഭിക്കാനാണ് സാധ്യത.
നേരത്തെ ഇംഗ്ലണ്ടിലെ സാഹചര്യം സ്പിന്നിന് അനുകൂലമായാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര 5-0ന് ഇന്ത്യ ജയിക്കുമെന്നും പനേസര്‍ പ്രവചിച്ചിരുന്നു. ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നതിനാല്‍ ഇന്ത്യയെ അനായാസമായി കീഴടക്കുക ഇംഗ്ലണ്ടിന് എളുപ്പമാവില്ല. ഇന്ത്യയില്‍വെച്ച് അവസാനമായി ഇരു ടീമും ഏറ്റുമുട്ടിയ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ജെയിംസ് ആന്‍ഡേഴ്‌സന്‍,സ് റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവരോടൊപ്പം ജോഫ്രാ ആര്‍ച്ചര്‍ പേസ് നിരയിലില്ലാത്തത് ടീമിനെ പ്രതികൂലമായിത്തന്നെ ബാധിക്കും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികളായ ന്യൂസീലന്‍ഡും നിസാരക്കാരല്ല. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന കിവീസ് നിരയില്‍ റോസ് ടെയ്‌ലര്‍, ടോം ലാദം തുടങ്ങിയ മികച്ച ബാറ്റ്‌സ്മാന്‍മാരും ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, നെയ്ല്‍ വാഗ്നര്‍, ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങിയ സ്റ്റാര്‍ പേസര്‍മാരും കിവീസിനൊപ്പമുണ്ട്.
മോണ്ടി പനേസര്‍ പ്ലേയിങ് 11: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.