WTC 2021 Final: രണ്ടാം ദിനം കുറിക്കപ്പെട്ട പ്രധാന നാഴികക്കല്ലുകള്‍ അറിയാം, വിരാട് കോലിക്ക് അഭിമാന നേട്ടം
സതാംപ്റ്റണ്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം മഴ നശിപ്പിച്ചെങ്കിലും രണ്ടാം ദിനം 64.4 ഓവര്‍ എറിയാനായി. വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിര്‍ത്തേണ്ടി വന്നു. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന നിലയിലാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ (34),ശുഭ്മാന്‍ ഗില്‍ (28),ചേതേശ്വര്‍ പുജാര (8) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. പ്രതീക്ഷ നല്‍കി വിരാട് കോലി (44),അജിന്‍ക്യ രഹാനെ (29) എന്നിവര്‍ ക്രീസിലുണ്ട്. മൂന്നാം ദിനം നായകനും ഉപ നായകനും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയെ കൂടുതല്‍ ടെസ്റ്റ് മത്സരം നയിച്ച നായകന്‍
ഇന്ത്യയെ കൂടുതല്‍ ടെസ്റ്റ് മത്സരത്തില്‍ നയിച്ച നായകനെന്ന റെക്കോഡ് കോലിസ്വന്തം പേരിലാക്കി. 61 മത്സരത്തിലാണ് കോലി ഇന്ത്യയെ നയിച്ചത്. 60 ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ നയിച്ച എംഎസ് ധോണിയെയാണ് കോലി മറികടന്നത്. സൗരവ് ഗാംഗുലി 49 ടെസ്റ്റിലും സുനില്‍ ഗവാസ്‌കര്‍ 47 മത്സരത്തിലും മുഹമ്മദ് അസ്ഹറുദ്ദീന്‍ 47 മത്സരത്തിലും ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ നയിച്ചിട്ടുണ്ട്.

വേഗത്തില്‍ 7500 ടെസ്റ്റ് റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരം
ഏറ്റവും വേഗത്തില്‍ 7500 ടെസ്റ്റ് റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വീരേന്ദര്‍ സെവാഗ്,രാഹുല്‍ ദ്രാവിഡ് എന്നിവരാണ് കോലിക്ക് മുന്നില്‍. സച്ചിനും സെവാഗും 144 ഇന്നിങ്‌സില്‍ നിന്നും ദ്രാവിഡ് 148 ഇന്നിങ്‌സില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ കോലിക്ക് ഈ നേട്ടത്തിലേക്കെത്താന്‍ 154 ഇന്നിങ്‌സ് വേണ്ടിവന്നു. സുനില്‍ ഗവാസ്‌കറും 154 ഇന്നിങ്‌സില്‍ നിന്നാണ് 7500 റണ്‍സ് പൂര്‍ത്തിയാക്കിയത്.

നാലാം നമ്പറില്‍ 6000 റണ്‍സ്
നാലാം നമ്പറില്‍ ഇന്ത്യക്കായി 6000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി വിരാട് കോലി. 13492 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നാലാം നമ്പറില്‍ കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ ഒമ്പതാമത്തെ താരമാണ് വിരാട് കോലി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കോലിക്ക് മികച്ച ബാറ്റിങ് തുടക്കമാണ് ലഭിച്ചത്.

ഗാംഗുലി-സച്ചിന്‍ റെക്കോഡിനൊപ്പം ഗില്ലും രോഹിതും
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 62 റണ്‍സാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഇതോടെ ഐസിസി ഫൈനലില്‍ 50 റണ്‍സിലധികം കൂട്ടുകെട്ടുണ്ടാക്കുന്ന ഓപ്പണര്‍മാരെന്ന റെക്കോഡിലേക്ക് രോഹിതും ഗില്ലുമെത്തി. നേരത്തെ സച്ചിനും ഗാംഗുലിയും മാത്രമാണ് ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കിയത്.

ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ 200 റണ്‍സ്
ഐസിസി ടൂര്‍ണമെന്റ് ഫൈനലുകളിലായി 200 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി വിരാട് കോലി. കോലി കളിക്കുന്ന അഞ്ചാം ഐസിസി ടൂര്‍ണമെന്റ് ഫൈനലാണിത്. 35,43,77,5,44* എന്നിങ്ങനെയാണ് കോലിയുടെ ഐസിസി ടൂര്‍ണമെന്റ് ഫൈനലുകളിലെ സ്‌കോര്‍. 2018ലെ ഇംഗ്ലണ്ട് പരമ്പരയിലെ മികവ് കോലി ഇത്തവണ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications