മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂണ്‍ 18ന് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ നടക്കുന്ന കലാശപ്പോരാട്ടത്തിന് ഇംഗ്ലണ്ടാണ് വേദിയാവുന്നത്. 2019ല്‍ ആരംഭിച്ച ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആര് കിരീടം നേടുമെന്നത് കാത്തിരുന്ന് കാണേണ്ട കാഴ്ചയാണ്. ഒന്നാം സ്ഥാനക്കാരായി എത്തുന്ന ഇന്ത്യക്ക് കടുത്തവെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ് ന്യൂസീലന്‍ഡഡ് ടീം.
കളിയാവേശം ഒട്ടും ചോരാതെ ആരാധകരിലേക്കെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐസിസിയുള്ളത്. ഇതിനായുള്ള കമന്റി പാനലും തയ്യാറായിട്ടുണ്ട്. ക്രിക്ക്ബസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് താരങ്ങളാണ് ഇന്ത്യയില്‍ നിന്ന് കമന്റേറ്റര്‍മാരായുള്ളത്. ഒന്ന് ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവും കമന്റേറ്ററെന്ന നിലയില്‍ പരിചയസമ്പന്നനുമായ സുനില്‍ ഗവാസ്‌കറാണ്.
രണ്ടാമനായി ആരും പ്രതീക്ഷക്കാത്ത താരമാണ്. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ നായകനും നിലവിലെ വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തികാണ് കളി പറയാന്‍ ഗവാസ്‌കറിനൊപ്പം പോകുന്നതെന്നാണ് വിവരം. ഇരുവരും മാത്രമാണ് ഇന്ത്യയില്‍നിന്ന് കമന്റേറ്റര്‍മാരായുള്ളത്.

പല പ്രമുഖ കമന്റേറ്റര്‍മാരും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ കളി പറയാന്‍ വിസമ്മതിച്ചതോടെയാണ് കാര്‍ത്തികിന് അവസരം ലഭിച്ചതെന്നാണ് വിവരം. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഐസിസി കൊണ്ടുവന്ന നിയന്ത്രണങ്ങളും നിയമങ്ങളും പാളിക്കുന്നതിനുള്ള പ്രയാസംകൊണ്ടാണ് പല താരങ്ങളും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. വിദേശ കമന്റേറ്റര്‍മാര്‍ 10 ദിവസവും സ്വദേശികള്‍ അഞ്ച് ദിവസവും ക്വാറന്റെയ്ന്‍ നോക്കണമെന്നായിരുന്നു ഐസിസിയുടെ നിയമത്തിലുണ്ടായിരുന്നത്.
ഗവാസ്‌കറിനും കാര്‍ത്തികിനുമൊപ്പം ന്യൂസീലന്‍ഡുകാരായ സിമന്‍ ഡൗളും ഇംഗ്ലണ്ടുകാരനായ മൈക്ക് അതെര്‍ട്ടനും നാസര്‍ ഹുസൈനും കളി പറയാനുണ്ടാവും. മറ്റുള്ളവരെല്ലാം ഈ മേഖലയിലെ സ്ഥിരക്കാരനാണെങ്കിലും കാര്‍ത്തികിനെ ഇത്തരമൊരു സ്ഥാനത്തേക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഇതാദ്യമായാണ് ഇത്തരമൊരു അവസരം കാര്‍ത്തികിന് ലഭിക്കുന്നത്.
നേരത്തെ സ്‌കൈ സ്‌പോര്‍ട്‌സില്‍ ദി ഹന്‍ണ്ട്രഡ് എന്ന പരിപാടി കെവിന്‍ പീറ്റേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ഡേവിഡ് ലോയ്ഡ് തുടങ്ങിയവരോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏറെ നാളായി കാര്‍ത്തിക് ഇന്ത്യന്‍ ടീമിന് പുറത്താണ്. ധോണിയുടെ പകരക്കാരനായി റിഷഭ് പന്ത് വന്നതോടെ കാര്‍ത്തികിന് ടീമിലേക്ക് മടങ്ങിയെത്തുക പ്രയാസമായിരിക്കുകയാണ്. സ്ഥിരതയില്ലാത്ത ബാറ്റിങ്ങാണ് താരത്തിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്.