മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജൂണ്‍ 18ന് ഇംഗ്ലണ്ട് വേദിയാവുന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇംഗ്ലണ്ടിന്റെ പിച്ചിന്റെ സ്വഭാവം അനുസരിച്ച് മുന്‍തൂക്കം കിവീസിനാണെങ്കിലും ഏത് മൈതാനത്തും അത്ഭുതം കാട്ടാന്‍ കെല്‍പ്പുള്ളവരാണ് ഇന്ത്യന്‍ നിര. ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയോടെയാണ് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നത്.
ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റിലെ ലോകകപ്പാണെന്നും അത് നേടുക ഞങ്ങളുടെ സ്വപ്‌നമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റിലെ ബാറ്റിങ് നട്ടെല്ലായ ചേതേശ്വര്‍ പുജാര. 'ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുകയെന്നത് ഞങ്ങളുടെ വലിയ സ്വപ്‌നമാണ്. കാരണം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പെന്നത് ടെസ്റ്റിലെ ലോകകപ്പാണ്. അതിനാല്‍ അത് ഞങ്ങള്‍ക്ക് നേടണം. ഓസ്‌ട്രേലിയയിലേക്ക് പോകുന്ന എല്ലാ പര്യടനങ്ങളും ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതും വെല്ലുവിളി നിറഞ്ഞതുമാണ്. 2018ലായിരുന്നു ഏറ്റവും ദുഷ്‌കരം.

ഓസ്‌ട്രേലിയ മികച്ച താരങ്ങളുള്ള ടീമാണ്. അവരുടെ ബൗളിങ് നിര ലോകോത്തരമാണ്. അവര്‍ക്കെതിരേ നേടിയ ജയം ആത്മവിശ്വാസം ഉണ്ടാക്കുന്നതാണ്. എന്നാല്‍ പഴയകാല സ്മരണകളില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഓരോ മത്സരവും പുതിയ തുടക്കവും വെല്ലുവിളിയുമാണ്'-പുജാര പറഞ്ഞു. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് പുജാര. രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുജാര ഇന്ത്യക്കായി ക്ഷമയോടെ കളത്തില്‍ പൊരുതി നില്‍ക്കാന്‍ മിടുക്കനാണ്.
ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലടക്കം തകര്‍പ്പന്‍ പ്രകടനമാണ് പുജാര കാഴ്ചവെച്ചത്.മികച്ച താരനിരയുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പര്യടനം നടത്തുന്നത്. രോഹിത് ശര്‍മ,വിരാട് കോലി,അജിന്‍ക്യ രഹാനെ, പുജാര എന്നീ വന്മരങ്ങള്‍ക്കൊപ്പം റിഷഭ് പന്തിന്റെ സാന്നിധ്യവും എതിരാളികളെ ഭയപ്പെടുത്തുന്നു.
എന്നാല്‍ ടിം സൗത്തി,നെയ്ല്‍ വാഗ്നര്‍,ട്രന്റ് ബോള്‍ട്ട് തുടങ്ങിയ കരുത്തുറ്റ പേസ് നിരയാണ് ന്യൂസീലന്‍ഡിന്റേത്. അതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളികളേറെയാണ്. ഫൈനലിന് മുമ്പ് ഇംഗ്ലണ്ടുമായി ന്യൂസീലന്‍ഡ് പരമ്പര കളിക്കുന്നതിനാല്‍ പിച്ചിനോട് കൂടുതല്‍ പൊരുത്തപ്പെടാന്‍ കിവീസിന് അവസരം ലഭിക്കും. അതേ സമയം ക്വാറന്റെയ്‌ന് ശേഷം നെറ്റ്‌സ് പരിശീലനം മാത്രമാണ് ഇന്ത്യക്ക് ലഭിക്കുക.
ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് എന്നീ മിന്നും പേസ് നിരയും ഇന്ത്യക്കൊപ്പമുണ്ട്. സമീപകാലത്തായി മിന്നും പ്രകടനം കാഴ്ചവെക്കുന്ന രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ എന്നീ സ്പിന്നര്‍മാരും കൂടി ചേരുമ്പോള്‍ ന്യൂസീലന്‍ഡിന് എളുപ്പത്തില്‍ കിരീടം സ്വന്തമാക്കാനാവില്ലെന്നുറപ്പാണ്.