വെല്ലിങ്ടണ്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യയും ന്യൂസീലന്‍ഡും തയ്യാറെടുത്ത് കഴിഞ്ഞു. ജൂണ്‍ 18ന് സതാംപ്റ്റണിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ വരവ്. എന്നാല്‍ ഇംഗ്ലണ്ടിലെ പേസ് മൈതാനത്താണ് ഫൈനലെന്നത് കൂടുതല്‍ സഹായകരമാവുക ന്യൂസീലന്‍ഡിനാണ്.
ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണിത്. ഇതുവരെ ഐസിസി കിരീടങ്ങളൊന്നും നേടാന്‍ സാധിക്കാത്ത ഇരുവര്‍ക്കും നായകനെന്ന നിലയില്‍ ഐസിസി കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. ഇരു ടീമിലും മികച്ച താരങ്ങളുള്ളതിനാല്‍ ജയം ആര്‍ക്കെന്നത് പ്രവചിക്കുക പോലും അസാധ്യമാണ്.

ഇപ്പോഴിതാ വിരാട് കോലിയും കെയ്ന്‍ വില്യംസണും തമ്മിലുള്ള ക്യാപ്റ്റന്‍സിയെ വ്യത്യാസം എന്തൊക്കെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം.'കോലിയും വില്യംസണും മികച്ച നായകന്മാരാണ്. ഇരുവരും തങ്ങളുടെ ടീമുകളെ നന്നായി നയിക്കുന്നുണ്ട്. അവരുടെ ഫോമും മികച്ചതാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം പിടിക്കുകയെന്നത് വലിയ അംഗീകാരമാണ്. ദീര്‍ഘനാളുകളായുള്ള അധ്വാനത്തിന്റെ ഫലമാണ് ഫൈനലിലെ ഇടം. ഇരു നായകന്മാരും ടീമുകളെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ഇരു ടീമും ഫൈനല്‍ കളിക്കാന്‍ അര്‍ഹതയുള്ളവരാണെന്നാണ് കരുതുന്നത്'-ബ്രണ്ടന്‍ മക്കല്ലം പറഞ്ഞു.
ഇരുവരും പ്രചോദനം നല്‍കുന്ന പരിശീലകരാണ്.ഇരുവരും വ്യത്യസ്തമായ ശൈലിയില്‍ ടീമിനെ നയിക്കുന്നവരാണ്. ഒരാള്‍ വളരെ ആക്രമണോത്സുകത കാട്ടുമ്പോള്‍ മറ്റൊരാള്‍ ആധിപത്യം കാട്ടുന്ന നായകനാണ്. എന്നാല്‍ കോലിയേപ്പോലെ വില്യംസണ്‍ അത്ര തുറന്ന് കാട്ടുന്ന താരമല്ല.ഇരുവരുമാണ് ഈ മത്സരത്തിലെ നിര്‍ണ്ണായക താരങ്ങള്‍. തീര്‍ച്ചയായും കണ്ടിരിക്കേണ്ട നിലവിലെ പ്രതിഭകളാണ് ഇരുവരുമെന്നും മക്കല്ലം പറഞ്ഞു.
ആര് ജയിക്കുമെന്ന ചോദ്യത്തിന് മക്കല്ലത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. 'ഏതെങ്കിലും ഒരു ടീം കിരീടം നേടും.നിയമങ്ങള്‍ മാറിയതിനാല്‍ത്തന്നെ ഇരുടീമും ചേര്‍ന്ന് കിരീടം പങ്കുവെക്കാനാണ് സാധ്യത'. ഫൈനലിന് മുമ്പായി ഇംഗ്ലണ്ടുമായി ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഇത് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് ഇന്ത്യയെക്കാള്‍ വേഗത്തില്‍ പൊരുത്തപ്പെടാന്‍ ന്യൂസീലന്‍ഡിനെ സഹായിച്ചേക്കും.
ടിം സൗത്തി,ട്രന്റ് ബോള്‍ട്ട്,കെയ്ല്‍ ജാമിസന്‍ തുടങ്ങിയ പേസ് ബൗളര്‍മാര്‍ കിവീസ് നിരയിലിറങ്ങുമ്പോള്‍ ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് തുടങ്ങിയ കരുത്തുറ്റ പേസര്‍മാര്‍ ഇന്ത്യക്കൊപ്പവുമുണ്ട്. ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവും. ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്നത് ഇന്ത്യയെ ബാധിക്കുമോയെന്ന് കണ്ടറിയാം.