വെല്ലിങ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021 ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 18ന് നടക്കുന്ന ആവേശ പോരാട്ടത്തില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കുമെന്ന് പ്രവചിക്കുകപോലും പ്രയാസമാണ്.ഇരു ടീമിനൊപ്പവും ശക്തമായ താരനിരയുള്ളതിനാല്‍ കടുത്ത മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം ആര്‍ക്കാണ് മുന്‍തൂക്കമെന്ന് പ്രവചിച്ച് പല മുന്‍ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ആര് നേടുമെന്നത് സംബന്ധിച്ച് തന്റെ പ്രവചനം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രണ്ടന്‍ മക്കല്ലം. ശക്തമായ മത്സരമാണ് പ്രതീക്ഷിക്കുന്നതെങ്കിലും 60-40 ശതമാനം എന്ന നിലയില്‍ മുന്‍തൂക്കം ന്യൂസീലന്‍ഡിനുണ്ടെന്നാണ് മക്കല്ലം അഭിപ്രായപ്പെട്ടത്.
ഇംഗ്ലണ്ടിനെതിരായി ടെസ്റ്റ് പരമ്പര കളിക്കുന്നത് ഫൈനലില്‍ ന്യൂസീലന്‍ഡിനെ സഹായിക്കുമെന്നും മക്കല്ലം അഭിപ്രായപ്പെട്ടത്. 'വളരെ ശക്തമായ മത്സരം നടക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ടീമിനെ ബഹുമാനിക്കുന്നു. അവര്‍ എത്രത്തോളം മികച്ച പോരാട്ടവീര്യമുള്ളവരാണെന്നും എതിര്‍ത്ത് നില്‍ക്കാന്‍ ധൈര്യമുള്ളവരാണെന്നും അറിയാം. ഫൈനല്‍ മികച്ച പോരാട്ടം കാഴ്ചവെക്കുന്നര്‍ ജയിക്കട്ടെ'-മക്കല്ലം പറഞ്ഞു.

അവസാനമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 2-0ന് ജയം ന്യൂസീലന്‍ഡിനായിരുന്നു. ന്യൂസീലന്‍ഡില്‍ നടന്ന പരമ്പരയിലായിരുന്നു ഇത്. ഇംഗ്ലണ്ടിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. അവിടുത്തെ പേസ് മൈതാനങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനമാണ് കണ്ടറിയേണ്ടത്. രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും.
ഇന്ത്യയുടെ ബൗളിങ് നിര ഏത് ടീമിനെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളതാണ്. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരെല്ലാം പേസ് ബൗളിങ്ങില്‍ കരുത്ത് പകരാന്‍ ഇന്ത്യക്കൊപ്പമുണ്ട്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ് ഇന്ത്യന്‍ ടീമിന്റെ ശക്തി.
കിവീസും നിസാരരല്ല. ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, നെയ്ല്‍ വാഗ്നര്‍, ലോക്കി ഫെര്‍ഗൂസന്‍, കെയ്ല്‍ ജാമിസന്‍ തുടങ്ങിയ തകര്‍പ്പന്‍ പേസ് നിര അവര്‍ക്കൊപ്പമുണ്ട്. കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ടോം ലാദം തുടങ്ങിയവരുടെ ബാറ്റിങ്ങിലാണ് ന്യൂസീലന്‍ഡിന്റെ പ്രതീക്ഷ. നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ടീം വിജയിക്കാനാണ് സാധ്യത കൂടുതല്‍. ഐസിസി കിരീടമായതിനാല്‍ത്തന്നെ വിരാട് കോലിക്കും കെയ്ന്‍ വില്യംസണും അഭിമാന പോരാട്ടമാണ്.